തൃണമൂൽ നേതാക്കളെ കോടതിയിൽ ഹാജരാക്കിയപ്പോൾ. Photo - PTI
കൊല്‍ക്കത്ത: നാരദ ഒളിക്യാമറ കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള നാല് പേരുടെ ജാമ്യം കൊല്‍ക്കത്ത ഹൈക്കോടതി റദ്ദാക്കി. ജാമ്യം അനുവദിച്ച പ്രത്യേക സിബിഐ കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സിബിഐ ഹര്‍ജി രാത്രി അടിയന്തരമായി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി.
തിങ്കളാഴ്ച രാവിലെ കസ്റ്റഡിയിലെടുത്ത മന്ത്രിമാരായ ഫിര്‍ഹാദ് ഹക്കീം, സുബ്രതാ മുഖര്‍ജി, എംഎല്‍എ മദന്‍ മിത്ര, മുന്‍ കൊല്‍ക്കത്ത മേയര്‍ സോവന്‍ ചാറ്റര്‍ജി എന്നിവര്‍ക്ക് പ്രത്യേക സിബിഐ കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരേ സിബിഐ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ജാമ്യം റദ്ദാക്കിയ ഹൈക്കോടതി ബുധനാഴ്ച കേസ് വീണ്ടും പരിഗണിക്കും. അതുവരെ നാല് പേരും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരും.
നാരദ ഒളിക്യാമറ ഓപ്പറേഷന്റെ ഭാഗമായി സാങ്കല്‍പ്പിക കമ്പനിയുടെ പ്രതിനിധികളെന്ന ഭാവത്തില്‍ എത്തിയവരില്‍നിന്ന് കൈക്കൂലി വാങ്ങിയ കേസിലാണ് തൃണമൂല്‍ നേതാക്കളെ അറസ്റ്റ് ചെയ്തിരുന്നത്. പിന്നാലെ സിബിഐ ഓഫീസിന് മുന്നില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. തൃണമൂല്‍ അനുകൂലികള്‍ മുദ്രാവാക്യം മുഴക്കുകയും കല്ലേറ് നടത്തുകയും ചെയ്തതോടെ കേന്ദ്ര സേനയെ സിബിഐ ഓഫീസിന് മുന്നില്‍ വിന്യസിച്ചിരുന്നു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സിബിഐ ഓഫീസിലേക്ക് പാഞ്ഞെത്തുകയും പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം തന്നേയും അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ബംഗാളില്‍ ബിജെപി പരാജയം നേരിട്ടതിനെത്തുടര്‍ന്നുള്ള പ്രതികാര നടപടിയാണ് ഇതെന്ന് തൃണമൂല്‍ വക്താവ് കുനാല്‍ ഘോഷ് ആരോപിച്ചിരുന്നു. എല്ലാ തന്ത്രങ്ങളും പ്രയോഗിച്ചിട്ടും ബിജെപിക്ക് വിജയിക്കാനായില്ല. അപലപനീയമാണ് ഇത്തരം നടപടികളെന്നും അദ്ദേഹം പറഞ്ഞിരുന്നു. സംസ്ഥാനം കോവിഡ് വ്യാപനം നേരിടുന്നതിനിടെ പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാനാണ് ശ്രമം നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
2014ലെ നാരദ കോഴക്കേസ് കാലത്ത് മമത ബാനര്‍ജി സര്‍ക്കാരില്‍ അംഗങ്ങളായിരുന്നു നാല് പേരും. പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളായിരുന്ന മുകുള്‍ റോയിയും സുവേന്ദു അധികാരിയും അടക്കമുള്ളവര്‍ സാങ്കല്‍പ്പിക കമ്പനിയുടെ പ്രതിനിധികളില്‍നിന്ന് കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെട്ടതായിരുന്നു നാരദ സ്റ്റിങ് ഓപ്പറേഷന് വീഡിയോ. തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാപക അംഗങ്ങളില്‍ ഒരാളായ മുകുള്‍ റോയ് 2017-ല്‍ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. സുവേന്ദു അധികാരിയും പിന്നീട് ബി.ജെ.പിയില്‍ ചേര്‍ന്നു.
നാരദ ന്യൂസ് പോര്‍ട്ടലിലെ മാത്യു സാമുവലാണ് ഒളിക്യാമറ ഓപ്പറേഷന് നടത്തിയത്. 2016-ല്‍ പശ്ചിമ ബംഗാളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് വീഡിയോ പുറത്തുവന്നത്. ഐ.പി.എസ്. ഉദ്യോഗസ്ഥനായ എസ്എം.എച്ച്. മിര്‍സയടക്കമുള്ള പശ്ചിമ ബംഗാളിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ബര്‍ദ്വാന്‍ ജില്ലാ പോലീസ് സൂപ്രണ്ടായിരുന്നു അന്ന് മിര്‍സ. കേസില്‍ അന്വേഷണം നടത്താന്‍ 2017-ലാണ് കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടത്.
content highlights: Narada sting case: Calcutta HC stays bail order of TMC ministers, MLA
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..