ശിഖ മിത്ര | Photo : NDTV
കൊല്‍ക്കത്ത : പശ്ചിമബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളുടെ രണ്ടാമത്തെ പട്ടിക ബിജെപി പ്രസിദ്ധീകരിച്ചതിന് പിന്നാലെ തന്റെ അനുമതിയില്ലാതെയാണ് പട്ടികയില്‍ തന്റെ പേര് ഉള്‍പ്പെടുത്തിയതെന്ന് ആരോപിച്ച് നാമനിര്‍ദേശം ചെയ്യപ്പെട്ട ശിഖ മിത്ര രംഗത്തെത്തി. ചൗരിംഘി മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായാണ് ശിഖ മിത്രയുടെ പേര് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് സോമന്‍ മിത്രയുടെ ഭാര്യയാണ് ശിഖ മിത്ര.
താനെവിടെയും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്നും തന്റെ അനുവാദമില്ലാതെയാണ് സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്നും ബിജെപിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നില്ലെന്നും ശിഖ മിത്ര വ്യക്തമാക്കി. ബിജെപി നേതാവ് സുവേന്ദു അധികാരിയുമായി ശിഖ മിത്ര നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം അവര്‍ പാര്‍ട്ടിയില്‍ ചേരുന്നതായി അഭ്യൂഹം പരന്നിരുന്നു.
തൃണമുല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന നേതാക്കള്‍ക്ക് തിരഞ്ഞെടുപ്പില്‍ ടിക്കറ്റ് നല്‍കാനുള്ള തത്രപ്പാടിനിടെ ശിഖ മിത്രയില്‍ നിന്ന് ആരോപണം ഉയര്‍ന്നത് ബിജെപിയ്ക്ക് ക്ഷീണമുണ്ടാക്കിയിരിക്കുകയാണ്. അവസരം നഷ്ടപ്പെടുത്താതെ ബിജെപിയെ പരിഹസിച്ച് തൃണമുല്‍ നേതാക്കള്‍ രംഗത്തെത്തുകയും ചെയ്തു.
'ഒടുവില്‍ രണ്ടാഴ്ചയ്ക്ക് ശേഷം ബിജെപി ബംഗാളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. പക്ഷെ പട്ടികയിലുള്ള പലരും തങ്ങള്‍ ബിജെപിക്കാരല്ലെന്നും മത്സരിക്കാനില്ലെന്നും പറയുന്നു. അമിത് ഷാ കുറച്ചു കൂടി നന്നായി തയ്യാറെടുക്കുന്നത് നല്ലതാണ്'-തൃണമുല്‍ എംപി മഹുവ മൊയ്ത്ര പരിഹാസപൂര്‍വം ട്വീറ്റ് ചെയ്തു. 2021 ലെ തിരഞ്ഞെടുപ്പിനായി ബിജെപി ഓരോതവണ സ്ഥാനാര്‍ഥിപ്പട്ടിക പുറത്തു വിടുമ്പോഴും ബിജെപിയുടെ മുഖത്ത് വീഴുന്ന മുട്ടകളിൽ നിന്ന് ഓംലറ്റുണ്ടാക്കാമെന്നാണ് തൃണമുല്‍ നേതാവ് ഡെറിക് ഒ ബ്രയാന്റെ പരിഹാസം.
അഞ്ച്, ആറ്, ഏഴ്, എട്ട് ഘട്ടങ്ങളിലേക്കായി വ്യാഴാഴ്ച പുറത്തിറക്കിയ ബിജെപി സ്ഥാനാര്‍ഥിപ്പട്ടികയില്‍ 157 പേരാണുള്ളത്. ഇതില്‍ ഒമ്പതെണ്ണം തൃണമൂല്‍ വിട്ടുവന്ന എംഎല്‍എമാര്‍ക്ക് നീക്കിവെച്ചത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധത്തിന് വഴിതെളിച്ചു. കഴിഞ്ഞ ആഴ്ച കേരളത്തിലെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഉള്‍പ്പെട്ട മണിക്കുട്ടന്‍ എന്ന യുവാവും തന്റെ സ്ഥാനാര്‍ഥിത്വം നിഷേധിക്കുകയും ബിജെപിയിലേക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
Content Highlights: Name Announced Without Consent, Says BJP's Bengal Candidate


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..