പ്രതീകാത്മകചിത്രം | Photo : AP
നാഗ്പുര്‍: പത്താംക്ലാസ് വിദ്യാര്‍ഥിയായ വേദാന്ത് ദേവ്കാട്ടേയ്ക്ക് ഏറെ അഭിമാനിക്കാവുന്ന സന്ദര്‍ഭമാണിത്. ഒരു പതിനഞ്ചുകാരന് പ്രാപ്യമായ ഏറ്റവും വലിയ ജോലി ഓഫറാണ് നാഗ്പുര്‍ സ്വദേശിയായ വേദാന്തിന് ലഭിച്ചത്. യുഎസ് ആസ്ഥാനമായ ഒരു കമ്പനി സംഘടിപ്പിച്ച വെബ് ഡെവലപ്മെന്റ് മത്സരത്തില്‍ വിജയിച്ചതോടെ വേദാന്തിന് വര്‍ഷത്തില്‍ 33 ലക്ഷം രൂപ പ്രതിഫലമാണ് കമ്പനി ഓഫര്‍ ചെയ്തത്.
കോഡിങ് കോംപറ്റിഷനില്‍ ആയിരത്തിലധികം മത്സരാര്‍ഥികളാണുണ്ടായിരുന്നത്. ന്യൂ ജഴ്സിയിലെ പരസ്യക്കമ്പനിയുടെ എച്ച്ആര്‍ഡി ടീമിലാണ് വേദാന്തിന് ജോലി ഓഫര്‍ ലഭിച്ചത്. എന്നാല്‍ നിര്‍ഭാഗ്യമെന്ന് പറയട്ടെ വേദാന്തിന്റെ പ്രായം ഇതിനൊരു തടസ്സമായി. വേദാന്തിന്റെ പ്രായം പരിഗണിച്ചതോടെ കമ്പനി ജോലി ഓഫര്‍ പിന്‍വലിച്ചതായി ദ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
പത്താം ക്ലാസ് വിദ്യാര്‍ഥിയായതിനാല്‍ ഓഫര്‍ പിന്‍വലിക്കുകയാണെന്നും പഠനം പൂര്‍ത്തിയാക്കിയ ശേഷം കമ്പനിയുമായി ബന്ധപ്പെടണമെന്നുമാണ് വേദാന്തിനെ കമ്പനി അറിയിച്ചിരിക്കുന്നത്. വേദാന്തിന്റെ പരിജ്ഞാനത്തിലും തൊഴില്‍പരമായ അറിവിലും സമീപനത്തിലും മതിപ്പുണ്ടെന്നും കമ്പനി അറിയിച്ചതായി ദ ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
അമ്മയുടെ ലാപ് ടോപ് ഉപയോഗിച്ചാണ് വേദാന്ത് കോഡിങ്ങില്‍ പരിശീലനം നേടിയത്. നാഗ്പുരിലെ എന്‍ജിനീയറിങ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരായ രാജേഷും അശ്വിനിയുമാണ് വേദാന്തിന്റെ മാതാപിതാക്കള്‍. അമ്മയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വേദാന്ത് മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരം നേടിയത്.
തങ്ങള്‍ക്ക് ഇക്കാര്യത്തെ കുറിച്ച് അറിയില്ലായിരുന്നെന്നും വേദാന്തിന്റെ സ്കൂളില്‍ നിന്ന് വിളിച്ചപ്പോഴാണ് തങ്ങള്‍ വിഷയമറിയുന്നതെന്നും മാതാപിതാക്കള്‍ പ്രതികരിച്ചു. ജോലി 'നഷ്ട'മായെങ്കിലും മകന് സമ്മാനമായി പുതിയ ലാപ് ടോപ് വാങ്ങി നല്‍കാനൊരുങ്ങുകയാണ് രാജേഷും അശ്വിനിയും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..