Screengrab : YouTube Video
ഭുവനേശ്വര്‍: വിവാഹഘോഷയാത്ര വ്യത്യസ്തമാക്കാന്‍ 'നാഗനൃത്തം' ഏര്‍പ്പാടാക്കുകയും അതില്‍ പങ്കെടുക്കുകയും ചെയ്ത അഞ്ച് പേര്‍ അറസ്റ്റില്‍. നാഗനൃത്തം അവതരിപ്പിക്കാന്‍ ഒരു പാമ്പാട്ടിയെയാണ് ഏര്‍പ്പാടാക്കിയത്. പാമ്പിനേയും കയ്യിലേന്തിയുള്ള പാമ്പാട്ടിയുടെ പ്രകടനത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഒഡിഷയില്‍ ബുധനാഴ്ചയാണ് സംഭവം.
ഒരു കയ്യില്‍ പത്തി വിടര്‍ത്തിയ മൂര്‍ഖനെ തുറന്ന കൂടയിലും മറ്റേ കയ്യില്‍ പാമ്പാട്ടികളുടെ പക്കല്‍ സാധാരണ കാണാറുള്ള മകുടിയുമായി പ്രശസ്തമായ ഒരു ഗാനത്തിന് ചുവടുവെക്കുന്ന പാമ്പാട്ടിയും ചുറ്റും ശബ്ദഘോഷങ്ങളുമായി മറ്റു വാദ്യക്കാരുമാണ് വീഡിയോദൃശ്യങ്ങളില്‍.
വിവാഹാഘോഷത്തിന്റെ വിവരമറിഞ്ഞയുടനെ വനംവകുപ്പുദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും മൂര്‍ഖനെ സുരക്ഷിതമായി മാറ്റുകയും ചെയ്തു. ഘോഷയാത്രയില്‍ പങ്കെടുത്ത അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു. വിഷമുള്ളയിനം പാമ്പിനെ പൊതുചടങ്ങില്‍ എത്തിച്ചത് ഏറെ അപകടകരമായ സംഗതിയാണെന്നും പാമ്പ് കൂടയില്‍ നിന്ന് പുറത്തേക്ക് ചാടിയിരുന്നെങ്കില്‍ ഘോഷയാത്രയില്‍ പങ്കെടുക്കുന്ന ആള്‍ക്കൂട്ടം പരിഭ്രമിക്കുമായിരുന്നെന്നും ചിലപ്പോള്‍ നിരവധി പേര്‍ക്ക് ജീവന് തന്നെ ഭീഷണിക്കിടയാക്കുമായിരുന്നെന്നും ഉന്നത ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി. വന്യജീവികളെ പ്രകോപിപ്പിച്ച് സ്വന്തം ജീവന്‍ അപകടത്തിലാക്കാതിരിക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ഥിച്ചു.
Content Highlights: Nagin dance at wedding with real snake 5 held
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..