നെയ്ഫ്യൂ റിയു, നരേന്ദ്രമോദി | ഫോട്ടോ: ANI
ഡല്‍ഹി: നാഗാലാന്‍ഡിലെ ബിജെപി സഖ്യ സര്‍ക്കാരിനെ പിന്തുണച്ചതിനെച്ചൊല്ലി പ്രതിപക്ഷ പാര്‍ട്ടികളില്‍ പ്രതിഷേധവും ഭിന്നതയും. ജെഡിയു നാഗാലാന്‍ഡ് സംസ്ഥാന കമ്മിറ്റിയെ ദേശീയ നേതൃത്വം പിരിച്ചുവിട്ടു. പ്രധാന പ്രതിപക്ഷമായി നില്‍ക്കാനുള്ള അവസരമുണ്ടായിട്ടും അതിനു നില്‍ക്കാതെ സര്‍ക്കാരിനെ പിന്തുണച്ച എന്‍സിപിയും പ്രതിരോധത്തിലാണ്.
രാജ്യത്ത് മറ്റൊരിടത്തുമില്ലാത്ത കാഴ്ചയാണ് നാലാഗാന്‍ഡില്‍. തിരഞ്ഞെടുപ്പില്‍ വെവ്വേറെ നിന്ന് മത്സരിക്കുന്നു. ശേഷം വിജയിച്ച പ്രതിപക്ഷ പാര്‍ട്ടി എംഎല്‍എമാര്‍ പോലും ഭരണകക്ഷിയ്ക്ക് പിന്തുണ പ്രഖ്യാപിക്കുന്നു. എന്‍ഡിപിപിയും ബിജെപിയും ജെഡിയുവും എന്‍സിപിയുമെല്ലാം ഒരുമിച്ച് ഭരിക്കുന്ന സംസ്ഥാനം. ആകെയുള്ള അറുപത് സീറ്റില്‍ എന്‍ഡിപിപി-ബിജെപി സഖ്യം 60 ഇടത്തും മത്സരിച്ച് 37 സീറ്റിലാണ് വിജയിച്ചത്. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയാകും എന്ന് കരുതിയ നാഗാ പീപ്പീള്‍സ് ഫ്രണ്ട് വെറും രണ്ട് സീറ്റില്‍ ഒതുങ്ങി.
മത്സരിച്ച 12 സീറ്റുകളില്‍ നിന്ന് പത്ത് ശതമാനത്തോളം വോട്ടും ഏഴ് സീറ്റും നേടി മികച്ച പ്രകടനം നടത്തിയ എന്‍സിപി നാഗാലാന്‍ഡ് നിയമഭയില്‍ പ്രതിപക്ഷ ശബ്ദമാകും എന്ന് വിലയിരുത്തപ്പെട്ടു. എന്നാല്‍ അഞ്ച് ബിജെപി മന്ത്രിമാര്‍കൂടി ഭരിക്കുന്ന സര്‍ക്കാരിനെ പിന്തുണയ്ക്കുകയാണ് എന്‍സിപി ചെയ്തത്. മറ്റിടങ്ങളിലെല്ലാം ബിജെപിയെ എതിര്‍ക്കുന്ന എന്‍സിപി നാലാഗാന്‍ഡില്‍ യാതൊരു ഉപാധിയുമില്ലാതെ അവര്‍ കൂടി ഉള്‍പ്പെട്ട സര്‍ക്കാരിനെ പിന്തുണയ്ക്കുന്നു. പാര്‍ട്ടി അധ്യക്ഷന്‍ ശരത്പവാറിന്റെ സമ്മതത്തോടെയാണ് എന്‍സിപി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. ബിജെപിയ്ക്കല്ല എന്‍ഡിപിപി നേതാവും മുഖ്യമന്ത്രിയുമായ നെഫ്യു റിയോയ്ക്കാണ് പിന്തുണ എന്ന ന്യായമാണ് എന്‍സിപി ഇപ്പോള്‍ വിശദീകരിക്കുന്നത്.
ശരത് പവാറിന്റെ തീരുമാനം പാര്‍ട്ടിയ്ക്കകത്തും പുറത്തും വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായി. ബിജെപിയെ പിന്തുണച്ചത് 'ശരതി'ന് പകരം 'ശദബ്' ആയിരുന്നെങ്കില്‍ ബി ടീം എന്നും മതേതര വിരുദ്ധര്‍ എന്നും വിളിക്കപ്പെട്ടേനെ എന്ന് മജ്ലിസെ പാര്‍ട്ടി നേതാവ് അസാസുദ്ദീന്‍ ഒവൈസി പറഞ്ഞു. ഇടത് പക്ഷത്തിനൊപ്പം നില്‍ക്കുന്ന എന്‍സിപി കേരളഘടകത്തിലെ മിക്ക നേതാക്കള്‍ക്കും ബിജെപി സഖ്യത്തിന് പിന്തുണ നല്‍കിയതില്‍ എതിര്‍പ്പുണ്ട്. മഹാരാഷ്ട്രയിലെ മഹാ വികാസ് അഖാഡി തകര്‍ത്ത ബിജെപിയെ എന്‍സിപി നാഗാലാന്‍ഡില്‍ പോയി പിന്തുണയ്ക്കുന്നു എന്നത് അവിടെയും വിമര്‍ശിക്കപ്പെടുന്നു.
എന്നാല്‍ ബിജെപി സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ച സംസ്ഥാന ഘടകത്തെ പിരിച്ച് വിട്ടാണ് ജെഡിയും കേന്ദ്ര നേതൃത്വം വിഷയത്തോട് പ്രതികരിച്ചത്. ജെഡിയുവിന്റെ ഏക എംഎല്‍എ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന കത്ത് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. ദേശീയ തലത്തില്‍ ജെഡിയുവും ബിജെപിയും അതി ശക്തമായ രാഷ്ട്രീയ മത്സരത്തിന് ഒരുങ്ങുമ്പോഴാണ് നാഗാലാന്‍ഡിലെ പിന്തുണ പ്രഖ്യാപനം. പിന്തുണ ബിജെപിയ്ക്കല്ല എന്‍ഡിപിപിയ്ക്കും നെഫ്യു റിയോയ്ക്കുമാണ് എന്ന ന്യായീകരിക്കല്‍ പോലും രാജ്യത്തിന്റെ മറ്റിടങ്ങളില്‍ ഈ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ബുദ്ധിമുട്ടാകും.
Content Highlights: nagaland, nagaland government, opposition, issue
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..