ന്യൂഡല്‍ഹി: നാഗാലാന്‍ഡില്‍ ഗ്രാമീണരെ സുരക്ഷാ സേന വെടിവെച്ചുകൊന്നതിന് പിന്നാലെ അക്രമാസക്തരായ ജനക്കൂട്ടം സൈന്യത്തിന്റെ ക്യാമ്പ് ആക്രമിച്ചു. പ്രകോപിതരായ ജനക്കൂട്ടം നാഗാലാന്‍ഡിലെ മോണ്‍ ജില്ലയില്‍ അസം റൈഫിള്‍സ് ക്യാമ്പും കൊന്യാക് യൂണിയന്റെ ഓഫീസും അടിച്ചുതകര്‍ത്തു. ചില വാഹനങ്ങള്‍ ഇവര്‍ തീയിടുകയും ചെയ്തു. സംഭവം ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

പ്രദേശവാസികള്‍ നടത്തിയ കല്ലേറില്‍ ഒരു കമാന്‍ഡോ കൊല്ലപ്പെടുകയും ഏഴ് ജവാന്‍മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെടിവെപ്പില്‍ ഉള്‍പ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരേ ഉടന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ജനക്കൂട്ടം അക്രമം അഴിച്ചുവിട്ടതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ജില്ലയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് അധികൃതര്‍ നിരോധനം ഏര്‍പ്പെടുത്തിയെങ്കിലും വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വെടിവെപ്പിലും പിന്നാലെ നടന്ന സംഭവങ്ങളിലും കുറഞ്ഞത് 14 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

മ്യാന്‍മറുമായി അതിര്‍ത്തി പങ്കിടുന്ന ഒട്ടിങ് ഗ്രാമത്തില്‍ സുരക്ഷസേന നടത്തിയ ഓപറേഷനിലാണ് ഗ്രാമീണര്‍ കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ ജനക്കൂട്ടം അക്രമാസക്തരാകുകയായിരുന്നു. സംഭവത്തില്‍ നിരവധി ഗ്രാമീണര്‍ക്കും സുരക്ഷാ സേനയിലെ ചിലര്‍ക്കും പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രാദേശിക ഗോത്ര വിഭാഗത്തില്‍പ്പെട്ട സാധാരണക്കാര്‍ കൊല്ലപ്പെട്ടതില്‍ തനിക്ക് വേദനയുണ്ടെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. 

നിരോധിത സംഘടനയായ എന്‍എസ്സിഎന്‍ (കെ) യുങ് ഓങ് വിഭാഗത്തിന്റെ തീവ്രവാദികളുടെ നീക്കത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതിനെത്തുടര്‍ന്ന് പ്രദേശത്ത് ഓപ്പറേഷന്‍ നടത്തുകയായിരുന്ന ഇന്ത്യന്‍ ആര്‍മി ഉദ്യോഗസ്ഥര്‍ തീവ്രവാദികളാണെന്ന് തെറ്റിദ്ധരിച്ച് വാഹനത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

ഡല്‍ഹിയിലായിരുന്ന നാഗാലാന്‍ഡ് മുഖ്യമന്ത്രി നെയ്ഫിയു റിയോ സംസ്ഥാനത്ത് തിരിച്ചെത്തിയെന്നും മന്ത്രിസഭാ യോഗം ചേരുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. നാളെ നാഗാലാന്‍ഡിന്റെ തലസ്ഥാനമായ കൊഹിമയില്‍ ഉന്നത സൈനിക ഉദ്യോഗസ്ഥര്‍, പോലീസ് ഉദ്യോഗസ്ഥര്‍, ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗം ചേരും.

Content Highlights: nagaland firing incident locals attack assam rifles camp