ന്യൂഡല്‍ഹി: നാഗാലാന്‍ഡിലെ മൊണ്‍ ജില്ലയില്‍ തീവ്രവാദികളെന്ന് തെറ്റിദ്ധരിച്ച് സുരക്ഷാസേന ഗ്രാമീണരെ വെടിവെച്ചുകൊന്ന സംഭവത്തില്‍ ഖേദ പ്രകടനവുമായി ആഭ്യന്തര മന്ത്രി അമിത് ഷാ.  തീവ്രവാദികളെന്ന് തെറ്റിദ്ധരിച്ചുണ്ടായ വെടിവെപ്പാണെന്ന് സമ്മതിച്ച അമിത് ഷാ സൈന്യം വെടിവെപ്പിന് നിര്‍ബന്ധിതരായതാണെന്നും  പാര്‍ലമെന്റില്‍ വിശദീകരണം നല്‍കി

'തീവ്രവാദികളുടെ നീക്കം നടക്കുന്നുവെന്ന് സൈന്യത്തിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് 21 കമാന്‍ഡോകള്‍ നിലയുറപ്പിച്ചിരുന്നു. ഇതിനിടെ ഒരു വാഹനം അവിടെ എത്തി. നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും അത് മുന്നോട്ട് പോയി. തുടര്‍ന്ന് അതില്‍ തീവ്രവാദികളാണെന്ന സംശയത്തില്‍ വെടിയുതിര്‍ക്കുകയായിരുന്നു' അമിത് ഷാ പറഞ്ഞു.

വാഹനത്തിലുണ്ടായിരുന്ന എട്ട് പേരില്‍ ആറുപേര്‍ മരിച്ചു. വാഹനത്തിലുണ്ടായിരുന്നത് തീവ്രവാദികളല്ലെന്ന് പിന്നീട് സൈന്യത്തിന്‌ ബോധ്യപ്പെട്ടു. പരിക്കേറ്റ രണ്ടു പേരെ സൈന്യം തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലേക്ക്  മാറ്റി. ഈ സംഭവം അറിഞ്ഞതിനെ തുടര്‍ന്ന് ഗ്രാമീണര്‍ സൈനിക കേന്ദ്രം വളയുകയും രണ്ടു വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. സൈന്യത്തിന് നേരെ ആക്രമണവുമുണ്ടായി- ഷാ കൂട്ടിച്ചേര്‍ത്തു.

ഗ്രാമീണരുടെ ആക്രമണത്തില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുകയും നിരവധി സൈനികര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. സ്വയരക്ഷയ്ക്കും ജനക്കൂട്ടത്തെ പിരിച്ചുവിടാനും സുരക്ഷാ സേനയ്ക്ക് വെടിയുതിര്‍ക്കേണ്ടി വന്നു. ഇത് ഏഴ് സാധാരണക്കാരുടെ മരണത്തിന് കാരണമായി. മറ്റ് ചിലര്‍ക്ക് പരിക്കേറ്റു. സ്ഥിതിഗതികള്‍ സാധാരണ നിലയിലാക്കാന്‍ പ്രാദേശിക ഭരണകൂടങ്ങളും പോലീസും ശ്രമിക്കുകയാണ്. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ്‌. ഞായറാഴ്ച നാഗാലാന്‍ഡ് ഡിജിപി സംഭവ സ്ഥലം സന്ദര്‍ശിച്ചിരുന്നു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം സംസ്ഥാന ക്രൈം ബ്യൂറോയ്ക്ക് കൈമാറുകയും ചെയ്തു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അമിത് ഷാ ലോക്‌സഭയില്‍ വ്യക്തമാക്കി.

സംഭവത്തിന് ശേഷം ഞായറാഴ്ച വൈകുന്നേരം 250 ഓളം പേരടങ്ങുന്ന ജനക്കൂട്ടം മോണ്‍സിറ്റിയിലെ അസം റൈഫിള്‍സ് താവളം നശിപ്പിക്കുകയും കെട്ടിടത്തിന് തീയിടുകയും ചെയ്തു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ അസംറൈഫിള്‍സ് ജവാന്മാര്‍ വെടിയുതിര്‍ത്തു. ഇതില്‍ ഒരു സാധാരണക്കാരന്‍ കൂടി കൊല്ലപ്പെടാന്‍ ഇടയാക്കിയെന്നും ആഭ്യന്തര മന്ത്രി കൂട്ടിച്ചേര്‍ത്തു.

Content Highlights : Nagaland; Army forced to fire, Amit Shah regrets