അമിത് ഷാ| Photo: ANI
കൊഹിമ: നാഗാലാന്‍ഡിലെ മോണ്‍ ജില്ലയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ വന്‍പ്രതിഷേധം. കഴിഞ്ഞയാഴ്ച സൈനികരുടെ വെടിയേറ്റ് ഗ്രാമവാസികള്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട്, അമിത് ഷാ പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവന തെറ്റാണെന്നും കെട്ടിച്ചമച്ചതാണെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. ഷാ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട പ്രതിഷേധക്കാര്‍ അദ്ദേഹത്തിന്റെ കോലവും കത്തിച്ചു.
ഒരാഴ്ച മുന്‍പ് മോണ്‍ ജില്ലയില്‍ സൈനികര്‍ നടത്തിയ വെടിവെപ്പിലും തുടര്‍ന്നുണ്ടായ പ്രതിഷേധത്തിലും 13 ഗ്രാമവാസികള്‍ കൊല്ലപ്പെട്ടിരുന്നു. ഭീകരവാദികളെന്ന് തെറ്റിദ്ധരിച്ച് ഗ്രാമീണര്‍ സഞ്ചരിച്ച വാഹനത്തിന് നേര്‍ക്ക് സൈനികര്‍ വെടിയുതിര്‍ത്തതാണ് ആറ് ഗ്രാമവാസികള്‍ മരിക്കാന്‍ കാരണമായത്. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മറ്റ് ഏഴ് ഗ്രാമവാസികള്‍ക്കും ഒരു സൈനികനും ജീവന് നഷ്ടമായിരുന്നു.
കൊല്ലപ്പെട്ട സാധാരണക്കാരില്‍ ഭൂരിഭാഗവും ഒടിങ് ഗ്രാമത്തില്‍നിന്നുള്ളവരായിരുന്നു. ഇവിടെനിന്നുള്ളവരും പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു. കൊണ്യാക് യൂണിയന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. അമിത് ഷാ അടിയന്തരമായി മാപ്പു പറയണമെന്നും അദ്ദേഹത്തിന്റെ പ്രസ്താവന പാര്‍ലമെന്റിന്റെ രേഖകളില്‍നിന്ന് നീക്കം ചെയ്യണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. അഫ്സ്പ (ആംഡ് ഫോഴ്സ് സ്പെഷല്‍ പവേഴ്സ് ആക്ട്)യ്ക്കെതിരെയും ഇവര്‍ പ്രതിഷേധമുയര്‍ത്തി.
ഞങ്ങള്‍ ആവശ്യപ്പെടുന്നത് നീതിയാണ്. ഞങ്ങള്‍ക്ക് സഹതാപം ആവശ്യമില്ല. സത്യം വളച്ചൊടിക്കുന്നത് ഖേദകരമാണ്. ആഭ്യന്തര മന്ത്രി അമിത് ഷായുടെ പാര്‍ലമെന്റിലെ പ്രസ്താവന തെറ്റായ വിവരങ്ങള്‍കൊണ്ട് ലോകത്തെ ആശയക്കുഴപ്പത്തിലാക്കുന്നതാണ്. അത് അദ്ദേഹം പിന്‍വലിക്കണം. അദ്ദേഹം മാപ്പു പറയണമെന്നാണ് ഞങ്ങളുടെ ആവശ്യം- കൊണ്യാക് യൂണിയന് വൈസ് പ്രസിഡന്റ് ഹൊനാങ് കൊണ്യാക്കിനെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്തു. കൊല്ലപ്പെട്ട കൊണ്യാക്ക് യുവാക്കള്‍ക്ക് നീതി ലഭിക്കുംവരെ തങ്ങള്‍ വിശ്രമിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിഷയവുമായി ബന്ധപ്പെട്ട് അഞ്ച് ആവശ്യങ്ങള്‍ ഇതിനകം പ്രതിഷേധക്കാര്‍ കേന്ദ്രത്തിന് മുന്‍പാകെ വെച്ചിട്ടുണ്ട്. അതിനൊപ്പം ഇന്ന് ഉന്നയിച്ച ആവശ്യങ്ങള്‍ കൂടി ചേര്‍ക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. സൈനിക വെടിവെപ്പിനെ കുറിച്ച് അന്വേഷിക്കാന്‍ സ്വതന്ത്ര കമ്മിറ്റി, സംഭവത്തില്‍ ഉള്‍പ്പെട്ടവരെ ശിക്ഷിക്കുക, അഫ്സ്പ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇവര്‍ നേരത്തെ ഉന്നയിച്ചിരുന്നത്. അഫ്സ്പ പിന്‍വലിക്കണമെന്ന് നാഗാലാന്‍ഡ് മുഖ്യമന്ത്രി നെയ്ഫു റിയോയും മേഘാലയ മുഖ്യമന്ത്രി സി. സാങ്മയും ഉന്നയിച്ചിരുന്നു.
നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ വേഗം കൂട്ടിയതുകൊണ്ടാണ് ഗ്രാമവാസികളുമായി പോയ ട്രക്കിനു നേരെ സൈനികര്‍ വെടിയുതിര്‍ത്തത് എന്നായിരുന്നു പാര്‍ലമെന്റിന്റെ ഇരുസഭകളിലും അമിത് ഷാ പറഞ്ഞിരുന്നത്. തിങ്കളാഴ്ചയാണ് വിഷയത്തില്‍ ഷാ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിയത്. വാഹനത്തില്‍ ഭീകരവാദികളുണ്ടാകാമെന്ന സംശയത്താലാണ് വെടിയുതിര്‍ത്തതെന്നും ഷാ പറഞ്ഞിരുന്നു.
content highlights: nagaland death: protest against amit shah's statement in parliament
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..