പ്രതീകാത്മക ചിത്രം |ഫോട്ടോ:PTI
കൊഹിമ: എന്‍ഡിപിപി-ബിജെപി സഖ്യം വന്‍ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരമുറപ്പിച്ചു. 60 അംഗ മന്ത്രിസഭയില്‍ 36 സീറ്റുകളില്‍ എന്‍.ഡി.എ സഖ്യം മുന്നിട്ടു നില്‍ക്കുകയാണ്. ബി.ജെ.പി 12 സീറ്റുകളിലും മുഖ്യകക്ഷിയായ എന്‍.ഡി.പി.പി 25 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്.
ഒരിക്കല്‍ നിലംപരിശായ നാഗാമണ്ണില്‍ വീണ്ടും പിടിച്ചു കയറാനുള്ള കോണ്‍ഗ്രസിന്റെ ശ്രമം ഇത്തവണയും വിഫലം. ഇത്തവണയും കോണ്‍ഗ്രസിന് നാഗാലാന്‍ഡില്‍ വട്ട പൂജ്യമാണ് ഫലം.
ഒരു കാലത്ത് നാഗാലാന്‍ഡിലെ ഏകശില ശക്തിയായിരുന്നു കോണ്‍ഗ്രസ്. 1980 കളില്‍ നാഗാലാന്‍ഡില്‍ നിലയുറപ്പിച്ച കോണ്‍ഗ്രസ് ചുരുങ്ങിയ കാലം കൊണ്ട് ആധിപത്യ ശക്തിയായി ഉയര്‍ന്നു. എന്നാല്‍ 2018-ലെ നിയമസഭ തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. 2013ല്‍ ആകെ നേടാനായ 8 സീറ്റും കഴിഞ്ഞ തവണ കോണ്‍ഗ്രസിനു നഷ്ടമായി. വെറും 2.1% വോട്ടുവിഹിതത്തിലേക്ക് കോണ്‍ഗ്രസ് കൂപ്പുകുത്തി.
2008-ല്‍ 23 സീറ്റും 35% വോട്ടും നേടിയ കോണ്‍ഗ്രസിന് തിരിച്ചുവരവില്ലാത്തതുപോലെ കളമൊഴിയേണ്ടി വന്നു. മാറ്റങ്ങളെ അംഗീകരിക്കാനുള്ള കോണ്‍ഗ്രസിന്റെ വൈമനസ്യം തന്നെയാണ് തകര്‍ച്ചയിലേക്കു നയിച്ചതെന്നുള്‍പ്പടെ പല അഭിപ്രായങ്ങളും അന്ന് ഉയര്‍ന്നു കേട്ടു. കെട്ടിവയ്ക്കാന്‍ പണമില്ലെന്നു പറഞ്ഞ് ആറോളം കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ അന്ന് പത്രിക പിന്‍വലിക്കുകയും ചെയ്യുന്നതിലേക്കു വരെ കോണ്‍ഗ്രസിന്റെ ഗതികേടു നീണ്ടിരുന്നു.
ഇത്തവണയും കോണ്‍ഗ്രസിലെ ഖേകാഷെ സുമി തിരഞ്ഞെടുപ്പിനു മുമ്പ് പത്രിക പിന്‍വലിച്ചിരുന്നു. ഇതോടെ അകുലോതോ മണ്ഡലത്തില്‍ നിന്ന് ബി.ജെ.പിയുടെ
കസെറ്റോ കിമിനി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഉയര്‍ത്തെഴുന്നേല്‍പ്പ് പ്രതീക്ഷിച്ചാണ് കോണ്‍ഗ്രസ് കളത്തിലിറങ്ങിയത്. എന്നാല്‍ എന്‍.ഡി.എയുടെ ചാണക്യതന്ത്രത്തിനു മുന്നില്‍ നിരാശയായോടെ മടങ്ങാനായിരുന്നു കോണ്‍ഗ്രസിന്റെ യോഗം.
Content Highlights: nagaland assembly election, bjp, ndpp, ally, congress
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..