-
നഭ(പഞ്ചാബ്): ഇന്നലെ വരെ അയാള്‍ നടന്നു വന്നപ്പോഴെല്ലാം അവര്‍ മൂക്ക് പൊത്തി ദൂരേക്ക് മാറി നിന്നിട്ടുണ്ടാവണം. അവര്‍ ഉപേക്ഷിക്കുന്ന എച്ചിലുകളും വലിച്ചെറിയുന്ന അവശിഷ്ടങ്ങളുമെല്ലാം ദുര്‍ഗന്ധം വമിച്ച് പുഴുവരിച്ചപ്പോഴും അയാള്‍ മുഖം ചുളിക്കാതെ എത്രയൊ തവണ എടുത്തിട്ടുണ്ടാവണം. എന്നത്തെയും പോലെ മാലിന്യം ശേഖരിക്കാനാണ് അന്നും അയാള്‍ അവിടെയെത്തിയത്. പക്ഷേ, നാട്ടുകാര്‍ വീടുകളുടെ ബാല്‍ക്കണിക്ക് മുകളില്‍ നിന്നുകൊണ്ട് മാലിന്യം ശേഖരിച്ചുകൊണ്ട് നടന്നു നീങ്ങുന്ന അയാള്‍ക്കുമേല്‍ പുഷ്പവൃഷ്ടി നടത്തി.
റോസാപ്പൂക്കള്‍ തലയ്ക്കൂ മീതെ വീഴുമ്പോള്‍ സംഭവം എന്താണെന്ന് മനസിലാകാതെ അയാള്‍ അമ്പരന്നു. നാട്ടുകാരുടെ കൈയ്യടികള്ക്കിടയിലൂടെ അയാള്‍ മാലിന്യം ശേഖരിച്ചുകൊണ്ടു നടന്നു നീങ്ങി.. അതിനിടയില്‍ ചില നാട്ടുകാര്‍ അയാളെ നോട്ടുമാല അണിയിക്കുന്നുമുണ്ട്. നോട്ടുമാലകര് ഒന്നിനു പുറകെ ഒന്നായി കഴുത്തില്‍ വീഴുമ്പോഴും യാതൊരു ഭാവഭേദവുമില്ലാതെ ആ ശുചീകരണ തൊഴിലാളി തന്റെ ജോലികള്‍ തുടരുകയാണ്.
പഞ്ചാബിലെ നഭയിലാണ് ഈ സംഭവം. നഭാവാസികള് ശുചീകരണ തൊഴിലാളിയെ ആദരിക്കുന്ന വീഡിയോ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങ് ട്വിറ്ററിലൂടെ പുറത്തുവിടുകയായിരുന്നു.
കൊറോണ കാലം തിരിച്ചറിവുകളുടെ കൂടെ കാലമാകുകയാണ്. തങ്ങള്‍ സുരക്ഷിതരായി വീട്ടിലിരിക്കുമ്പോള്‍ കൊറോണയെ ഭയക്കാതെ തങ്ങളുടെ പരിസരം ശുചീകരിക്കാന്‍ ജീവന് പണയംവെച്ച് എത്തിയവരെ ആദരിക്കുന്ന ജനങ്ങള്‍ക്കും സോഷ്യല്‍ മീഡിയ കൈയ്യടിക്കുന്നുണ്ട്. നിരവധി പേരാണ് അമരീന്ദര്‍ സിങ്ങിന്റെ ട്വീറ്റിനെ റീ ട്വീറ്റ് ചെയ്ത് രംഗത്തെത്തിയത്.
Content Highlight: Nabha residents shower flowers on sanitation worker
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..