ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ എന്‍.കെ പ്രേമചന്ദ്രന്‍ എംപി ലോക്‌സഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചു. ബില്‍ അവതരണത്തിന്റെ നടപടിക്രമം മാത്രമാണ് ഇന്ന് നടന്നത്. ബില്ലിനു മേലുള്ള ബാക്കി നടപടികള്‍ പിന്നീട് ഉണ്ടാകുമെന്നാണ് കരുതുന്നത്. 

ശബരിമലയില്‍ കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിനു മുമ്പുള്ള സ്ഥിതി തുടരാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ശബരിമല ശ്രീധര്‍മശാസ്താ ടെമ്പിള്‍ (സ്‌പെഷ്യല്‍ പ്രൊവിഷന്‍) ബില്‍ 2019. നറുക്കെടുപ്പിലൂടെയായിരിക്കും സ്വകാര്യ ബില്‍ സഭ ചര്‍ച്ചയ്‌ക്കെടുക്കുന്നത്. ഇന്ന് ഒമ്പത് ബില്ലുകളാണ് അവതരിപ്പിക്കുന്നത്. ഇതില്‍നിന്ന് നറുക്കെടുത്ത് മൂന്നു ബില്ലുകളിലാണ് ലോക്‌സഭയില്‍ ചര്‍ച്ച നടക്കുക. 

അയ്യപ്പ വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കുന്ന കാര്യത്തില്‍ നിയമനിര്‍മാണം വേണമെന്ന് സഭാധ്യക്ഷയായ മീനാക്ഷി ലേഖി പറഞ്ഞു.

ഇത്തരത്തിലുള്ള ബില്ലുകള്‍ പൂര്‍ണതയുള്ള ബില്ലല്ലെന്നും മാധ്യമവാര്‍ത്തകളില്‍ ഇടം നേടാനാണ് ബില്ലമായി വരുന്നതെന്നുമുള്ള മീനാക്ഷി ലേഖിയുടെ ആരോപണത്തെ പ്രേമചന്ദ്രന്‍ രൂക്ഷമായി വിമര്‍ശിച്ചു. സമഗ്രതയുള്ള ബില്ലാണ് വേണ്ടതെന്നും ശബരിമലയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ കേസുണ്ടെന്നുമുള്ള അവരുടെ അഭിപ്രായം മുഖംരക്ഷിക്കലാണ്.

ഒരു ഭാഗത്ത് യോജിക്കുകയും യുഡിഎഫിന്റെ അംഗം കൊണ്ടുവന്ന ബില്ലിനെ അംഗീകരിക്കാനുള്ള വൈമനസ്യം പ്രകടിപ്പിക്കുകയുമാണ് മീനാക്ഷി ലേഖിയുടെ നിലപാടിന് പിന്നിലുള്ളതെന്നും പ്രേമചന്ദ്രന്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

ബിജെപി ബില്ലിനെ രാഷ്ട്രീയമായി നേരിടാന്‍ ശ്രമിക്കുകയാണ്. നിയമ മന്ത്രാലയം അംഗീകരിച്ച ബില്‍ ആണ് അവതരിപ്പിച്ചത്. ആ ബില്ലാണ് അപൂര്‍ണമാണെന്ന് പറയുന്നത്. സാങ്കേതികമായ തടസ്സവാദങ്ങള്‍ ഉന്നയിച്ച് മുഖംരക്ഷിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.

അവര്‍ ആശയക്കുഴപ്പത്തിലാണ്. വിശ്വാസ സംരക്ഷണത്തിന്റെ കുത്തക അവകാശപ്പെടുന്ന അവര്‍ ക്രിയാത്മകമായി അധികാരം ഉപയോഗിക്കാന്‍ ഒന്നും ചെയ്തിട്ടില്ല. അവരുടെ ആത്മാര്‍ഥതയില്ലായ്മ തെളിക്കുകയാണ് അവര്‍ ചെയ്തിരിക്കുന്നതെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.

ontent Highlights: n k premachandran, private bill, lok sabha, Sabarimala women entry