സെയ്ദ് ഇസാഖ് | Photo : Twitter | @ndtvfeed
മൈസൂരു: ദിവസവേതനത്തൊഴിലാളി നടത്തി വന്ന പതിനായിരത്തിലധികം പുസ്തകങ്ങള്‍ സൂക്ഷിച്ചിരുന്ന ഗ്രന്ഥശാല സാമൂഹികവിരുദ്ധര്‍ തീവെച്ച് നശിപ്പിച്ചു. അറുപത്തിരണ്ടുകാരനായ സെയ്ദ് ഇസാഖ് ആണ് ഗ്രന്ഥശാലയുടെ ഉടമ. കന്നഡ ഭാഷയിലുള്ള പതിനൊന്നായിരം പുസ്തകങ്ങളാണ് ഇവിടെയുണ്ടായിരുന്നത്. വെള്ളിയാഴ്ചയുണ്ടായ അനിഷ്ടസംഭവത്തില്‍ പുസ്തകങ്ങളും കെട്ടിടവും കത്തി നശിച്ചു.
2011 ലാണ് സെയ്ദ് ഇസാഖ് പൊതുജനങ്ങള്‍ക്കായി ലൈബ്രറി ആരംഭിച്ചത്. വിദ്യാഭ്യാസത്തിനുള്ള സൗകര്യം തീരെ ലഭിക്കാതിരുന്ന സെയ്ദ് മറ്റുള്ളവര്‍ക്ക് പ്രയോജനം ലഭിക്കണമെന്ന ആഗ്രഹത്തോടെ ആരംഭിച്ചതായിരുന്നു ഈ സ്ഥാപനം. കന്നഡ ഭാഷയിലുള്ള വിവിധ മതഗ്രന്ഥങ്ങളും ദിനപ്പത്രങ്ങളും ലൈബ്രറിയില്‍ ലഭ്യമായിരുന്നു. കന്നഡ ഭാഷാവിരോധികളായ ആളുകളാവണം അക്രമസംഭവത്തിന് പിന്നിലെന്ന് സെയ്ദ് ഇസാഖ് പ്രതികരിച്ചു.
രാജീവ് നഗറിലും ശാന്തി നഗറിലുമുള്ള താമസക്കാര്‍ക്ക് ചിരപരിചിതനാണ് സെയ്ദ്. സൗജന്യമായാണ് ലൈബ്രറി സൗകര്യം ലഭ്യമാക്കിയിരുന്നത്. ദിവസവും 100-150 പേര് ലൈബ്രറി സന്ദര്‍ശിക്കാറുണ്ട്. 75 ശതമാനത്തോളം കന്നഡ പുസ്തകങ്ങളും ബാക്കി ഇംഗ്ലീഷ്, ഉര്‍ദു പുസ്തകങ്ങളുമാണ് ഇവിടെ ഉണ്ടായിരുന്നത്. മാസം തോറും 6000 രൂപ ലൈബ്രറി നടത്തിപ്പിനായി സെയ്ദ് നീക്കി വെച്ചിരുന്നു.
സംഭവത്തില്‍ സെയ്ദ് പോലീസില്‍ പരാതി നല്കി. ആ പ്രദേശത്ത് വിദ്യാഭ്യാസസൗകര്യം വളരെ കുറവായതിനാല്‍ ലൈബ്രറി വീണ്ടും പ്രവര്‍ത്തനമാരംഭിക്കുമെന്ന് സെയ്ദ് വ്യക്തമാക്കി. സാമൂഹിക മാധ്യമങ്ങളിലൂടെ വിവരമറിഞ്ഞ് നിരവധി പേര് ഇദ്ദേഹത്തെ സഹായിക്കാനെത്തി. ഇതു വരെ 13 ലക്ഷം രൂപയാണ് പുതിയ ലൈബ്രറിക്കായി സംഭാവന ലഭിച്ചത്.
സംഭവിക്കുന്നതെല്ലാം നല്ലതിനാണെന്നും വിദ്യാഭ്യാസം ഒരവശ്യസംഗതിയാണെന്നും സെയ്ദ് പറയുന്നു. നൂറ് സുഹൃത്തുക്കള്‍ക്ക് തുല്യമാണ് ഒരു പുസ്തകമെന്ന് മുന്‍രാഷ്ട്രപതി അബ്ദുള്‍ കലാം ഒരിക്കല്‍ പറഞ്ഞതായി സെയ്ദ് ഓര്‍മിക്കുന്നു. സുഹൃത്തുക്കള്‍ ചിലപ്പോള്‍ വഞ്ചിക്കാമെന്നും എന്നാല്‍ പുസ്തകങ്ങള്‍ നന്മ മാത്രമാണ് ചെയ്യുന്നതെന്നും ഈ കൂലിത്തൊഴിലാളി പറയുന്നു.
Content Highlights: Mysuru Library Owned By Labourer Set On Fire
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..