ബെംഗളൂരു: കര്‍ണാടകയിലെ ബെംഗളൂരുവിന് സമീപം വീണ്ടും ദുരൂഹമായ ഉഗ്രശബ്ദം കേട്ടതായി പ്രദേശവാസികള്‍. കഴിഞ്ഞ വര്‍ഷം മേയിലും ഈ വര്‍ഷം ജൂലായിലും സമാനമായ ശബ്ദങ്ങള്‍ ബെംഗലൂരുവില്‍ കേട്ടിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ശബ്ദത്തിന്റെ ഉറവിടം കൃത്യമായി തിരിച്ചറിയാന്‍ ഇതുവരെ അധികാരികള്‍ക്ക് സാധിച്ചിട്ടില്ല. ബെംഗളൂരുവിലെയും ബിഡദി അടക്കമുള്ള സമീപ പ്രദേശങ്ങളിലെയും നിരവധി താമസക്കാര്‍ രാവിലെ നഗരത്തില്‍ വലിയ ശബ്ദം കേട്ടതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിരവധി ക്വാറി ബിസിനസ്സുകളുടെ കേന്ദ്രമാണ് ബിഡദി എന്നതും ശ്രദ്ധേയമാണ്.

പ്രദേശത്ത് സ്‌ഫോടനമൊന്നും ഉണ്ടായിട്ടില്ലെന്ന് ലോക്കല്‍ പോലീസ് അറിയിച്ചു. അതേസമയം, സ്‌ഫോടനം പോലുള്ള ശബ്ദം കേട്ടതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും തങ്ങളുടെ നിരീക്ഷണ ഉപകരണങ്ങളില്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന് കര്‍ണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം പറഞ്ഞു.

പ്രസ്തുത കാലയളവില്‍ ഭൂകമ്പം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ തങ്ങളുടെ ഭൂകമ്പ നിരീക്ഷണശാലകളില്‍ നിന്ന് ഡാറ്റ വിശകലനം ചെയ്‌തെന്നും പ്രാദേശിക ഭൂചലനത്തിന്റെയോ ഭൂകമ്പത്തിന്റെയോ യാതൊരു സൂചനയും ഡാറ്റകളില്‍ കാണിക്കുന്നില്ലെന്നും ഒരു ഔദ്യോഗിക പ്രസ്താവനയില്‍ കര്‍ണാടക പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം പറഞ്ഞു. ഹെമ്മിഗെപുര, കെങ്കേരി, ജ്ഞാനഭാരതി, രാജേശ്വരി നഗര്‍, കഗ്ഗലിപുര എന്നിവിടങ്ങളിലെ നിവാസികളാണ് ദുരൂഹമായ ശബ്ദം റിപ്പോര്‍ട്ട് ചെയ്തതെന്നും കെഎസ്എന്‍ഡിഎംസി അറിയിച്ചു.

ഈ വര്‍ഷം ജൂലൈയില്‍, ബംഗളൂരുവിലെ സര്‍ജാപൂര്‍, ജെപി നഗര്‍, ബെന്‍സന്‍ ടൗണ്‍, ഉല്‍സൂര്‍, ഐഎസ്ആര്‍ഒ ലേഔട്ട്, എച്ച്എസ്ആര്‍ ലേഔട്ട് എന്നിവയുള്‍പ്പെടെ നിരവധി പ്രദേശങ്ങളിലെ നിവാസികള്‍ തങ്ങള്‍ ഉച്ചത്തിലുള്ള സ്‌ഫോടന ശബ്ദം കേട്ടതായി അവകാശപ്പെട്ടിരുന്നു. അത് 'സോണിക് ബൂം' ആണെന്ന നിഗമനത്തിലാണ് പിന്നീട് എത്തിയത്. ശബ്ദത്തേക്കാള്‍ വേഗത്തില്‍ ചലിക്കുന്ന ഒരു വസ്തു സൃഷ്ടിക്കുന്ന ശബ്ദത്തെയാണ് സോണിക് ബൂം എന്ന് പറയുന്നത്.