ന്യൂഡല്‍ഹി: പഞ്ചാബ് അടക്കമുള്ള ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസം വൈകീട്ടോടെ ആകാശത്ത് പ്രത്യക്ഷപ്പെട്ട നിഗൂഢ വെളിച്ചം ആളുകളില്‍ കൗതുകമുണര്‍ത്തിയിരുന്നു. ഒരു നേര്‍രേഖയായിട്ടുള്ള ലൈറ്റുകള്‍ മിന്നിമറയുന്നതിന്റെ ദൃശ്യങ്ങല്‍ പലരും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു.

ഇതൊരു ഉപഗ്രമാണെന്ന് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചതായിട്ട് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. ശതകോടീശ്വര വ്യവസായി ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളാണ് ഇതെന്നാണ് ചില മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. സ്പേസ് എക്സിന് കീഴിലുള്ള സ്ഥാപനമാണ് സ്റ്റാര്‍ ലിങ്ക്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിവിധ ആളുകള്‍ ട്വിറ്ററിലും മറ്റും സമാനമായ ചിത്രങ്ങളും വീഡിയോകളും പങ്കിട്ടിരുന്നു. ആകാശത്ത് ഏതാണ്ട് നേര്‍രേഖ പോലെ കാണപ്പെടുന്ന ഒരു മിന്നുന്ന പ്രകാശം ചലിക്കുന്നതും തിളങ്ങുന്നതുമായ രീതിയില്‍ കാണപ്പെട്ടിരുന്നു.

ഇന്ത്യയുടെ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ പരമ്പരാഗത ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ക്ക് ചെന്നെത്താന്‍ കഴിയാത്ത ഇടങ്ങളില്‍ പോലും ബ്രോഡ്ബാന്‍ഡ് എത്തിക്കുമെന്ന് സ്റ്റാര്‍ലിങ്ക് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അടുത്തിടെയാണ് സ്റ്റാര്‍ലിങ്ക് ഇന്ത്യ രജിസ്റ്റര്‍ ചെയ്തത്. ഗ്രാമപ്രദേശങ്ങളെ ലക്ഷ്യമിട്ടാണ് കമ്പനിയുടെ നീക്കങ്ങള്‍. ഇതിനകം ഇന്ത്യയില്‍ നിന്ന് നിരവധി ഓര്‍ഡറുകള്‍ സ്റ്റാര്‍ലിങ്കിന് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.