ന്യൂഡല്‍ഹി: മ്യാന്‍മര്‍ സര്‍ക്കാര്‍ 22 കലാപകാരികളെ ഇന്ത്യയ്ക്ക് കൈമാറി. ദീര്‍ഘനാളായി ഇന്ത്യ അന്വേഷിച്ചുവരുന്ന സായുധ കലാപ സംഘത്തില്‍ പ്രവര്‍ത്തിക്കുന്നവരേയാണ് മ്യാന്‍മര്‍ സൈന്യം വെള്ളിയാഴ്ച കൈമാറിയത്. പ്രത്യേക വിമാനത്തിലാവും ഇവരെ എത്തിക്കുക.

കലാപകാരികളെ കൈമാറാനുള്ള ഇന്ത്യയുടെ ആവശ്യത്തില്‍ മ്യാന്‍മര്‍ സര്‍ക്കാര്‍ ഇതാദ്യമായാണ് അനുകൂല തീരുമാനം കൈക്കൊള്ളുന്നത്. മണിപ്പൂരിലേയും അസാമിലും സായുധ കലാപ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ത്യ അന്വേഷിക്കുന്നവരാണ് ഇവര്‍. 22 പേരേയും വിമാനത്തിലെത്തിച്ച് ഇരുസംസ്ഥാനങ്ങളിലേയും പോലീസിന് കൈമാറുമെന്ന് അധികൃതര്‍ അറിയിച്ചു. 

കൈമാറിയ 22 പേരില്‍ 12 പേര്‍ മണിപ്പൂരിലെ യുഎന്‍എല്‍എഫ്, കെവൈകെഎല്‍, പിഎല്‍എ തുടങ്ങിയ സംഘങ്ങളില്‍ ഉള്‍പ്പെട്ടവരാണ്. പത്തു പേര്‍ ആസമിലെ എല്‍ഡിഎഫ്ബി, കെഎല്‍ഒ എന്നീ ഗ്രൂപ്പുമായി ബന്ധമുള്ളവരും. എന്‍ഡിഎഫ്ബി ആഭ്യന്തര സെക്രട്ടറിയെന്ന് അറിയപ്പെടുന്ന രജെന്‍ ഡയ്മറി, യുഎന്‍എല്‍എഫ് ഗ്രൂപ്പിലെ സനതോബ നിങ്തോജം, പഷുറാം ലെയ്ഷ്റാം എന്നിവര്‍ ഉള്‍പ്പെടെയുള്ളവരാണ് ഇക്കൂട്ടത്തിലുള്ളത്. 

കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഇന്ത്യയും മ്യാന്‍മറും തമ്മിലുള്ള പരസ്പര സഹകരണം ശക്തിപ്പെട്ടതിന്റെ ഭാഗമായാണ് ഇവരെ ഇന്ത്യക്ക് കൈമാറിയത്. നേരത്തെ ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ നല്‍കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ഓപ്പറേഷനില്‍ സഗായിങ് മേഖലയില്‍നിന്നാണ് 22 പേരേയും മ്യാന്‍മര്‍ സൈന്യം പിടികൂടിയിരുന്നത്.

content highlights: Myanmar Hands Over 22 Northeast Insurgents Long Wanted by India