ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. വാക്‌സിന്‍ ക്ഷാമവും ഓക്‌സിജന്‍ ക്ഷാമവും പരിഹരിക്കുമെന്നും മതിയായ കിടക്കകള്‍ രോഗികള്‍ക്കായി തയ്യാറാക്കുമെന്നും സര്‍ക്കാര്‍ ആവര്‍ത്തിച്ച് ഉറപ്പുനല്‍കുമ്പോഴും ശ്മശാനങ്ങളില്‍ ഊഴം കാത്ത് കിടക്കുന്ന മൃതദേഹങ്ങളുടെ ചിത്രങ്ങളും ആശുപത്രിയില്‍ പ്രവേശനം ലഭിക്കാനായി കെഞ്ചുന്ന രോഗികളുടെ കുടുംബാംഗങ്ങളുടെ അനുഭവങ്ങളും ആശങ്ക ഉയര്‍ത്തുകയാണ്. 

കോവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിക്കുന്ന ഡല്‍ഹിയില്‍ നിന്ന് പുറത്തുവരുന്ന പല കാഴ്ചകളും ഹൃദയഭേദകമാണ്. ലോക് നായക് ജയ് പ്രകാശ് ആശുപത്രിക്ക് മുന്നില്‍ ആംബുലന്‍സിലും സ്വകാര്യവാഹനങ്ങളിലുമായി അടിയന്തര ചികിത്സ ആവശ്യമായ നിരവധി രോഗികളാണ് പ്രവേശനം കാത്തുകിടക്കുന്നത്. എവിടെയെങ്കിലും പ്രവേശനം ലഭിച്ചേക്കുമെന്ന പ്രതീക്ഷയില്‍ പലരും ആശുപത്രികളായ ആശുപത്രികളിലെല്ലാം കയറി ഇറങ്ങുന്നു. 

ഭാര്യ റൂബി ഖാനെ ബൈക്കിന് പിറകിലിരുത്തി ഡല്‍ഹി സ്വദേശിയായ അസ്ലം ഖാന്‍ കയറിയിറങ്ങിയത് മൂന്ന് ആശുപത്രികളാണ്. കിടക്കകള്‍ നിറഞ്ഞതിനാല്‍ റൂബിയെ പ്രവേശിപ്പിക്കാന്‍ മൂന്നുആശുപത്രികളും തയ്യാറായില്ല. 'എന്റെ ഭാര്യ മരിച്ചുപോകും ദയവുചെയ്ത് അവളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കണ'മെന്ന് ആശുപത്രിക്ക് മുന്നില്‍ നിന്ന് ജീവനക്കാരോട് കരഞ്ഞുകൊണ്ട് യാചിക്കുന്ന അസ്ലം ഖാന്റെ വീഡിയോ ആരുടെയും കരളലയിക്കും. 

'ഞാന്‍ വേണമെങ്കില്‍ നിങ്ങളുടെ കാലുപിടിക്കാം. കിടക്കയില്ലെന്ന് അവര്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. അവളെ നിലത്ത് കിടത്തിയെങ്കിലും ചികിത്സിക്കാമോ? അവളെ എങ്ങനെയാണ് മരണത്തിന് വിട്ടുകൊടുക്കാനാകുക.' അസ്ലം ചോദിക്കുന്നു. 

പരിശോധനയില്‍ നെഗറ്റീവായിട്ടും ഇപ്പോഴും പല രോഗികള്‍ക്കും ശ്വാസതടസ്സം നേരിടുന്നതായി കുടുംബാംഗങ്ങള്‍ പറയുന്നു. രോഗികളുടെ എണ്ണം കുതിച്ചുയരുന്നതിനൊപ്പം ഓക്‌സിജന്‍ ക്ഷാമവും ഡല്‍ഹി അഭിമുഖീകരിക്കുന്നുണ്ട്. കേന്ദ്രം കൂടുതല്‍ ഓക്‌സിജന്‍ വിതരണം ചെയ്യാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നും എന്നാല്‍ അതില്‍കൂടുതല്‍ ഓക്‌സിജന്‍ നിലവില്‍ ആവശ്യമുണ്ടെന്നും അരവിന്ദ് കെജ്‌രിവാള്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 

കഴിഞ്ഞ ദിവസം 26,169 പുതിയ കോവിഡ് കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 306 പേര്‍ കോവിഡ് മൂലം മരിച്ചതായി സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ ഇതുവരെ 9,56,348 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 91,618 പേരാണ് ചികിത്സയിലുളളത്. കോവിഡ് ബാധിച്ച് ഇതുവരെ 13,193 പേര്‍ മരിച്ചു.

 

Content highlights:My wife will die, please admit her, man's plea to the hospital staff