ന്യൂഡല്‍ഹി: 'രാജ്യത്തെ രക്ഷിക്കാന്‍ അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുകയാണ്‌ എന്റെ മകന്‍, എന്നാല്‍ ഒരു കര്‍ഷകന്റെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ കുറ്റവാളിയായും ഭീകരനെന്ന നിലയിലുമാണ് അവന്റെ അച്ഛനോട് പെരുമാറുന്നത്.' രാജ്യത്ത് നടക്കുന്ന കര്‍ഷകസമരത്തില്‍ ഖാലിസ്ഥാന്‍ വിഘടനവാദികളുടെ സാന്നിധ്യമുണ്ടെന്ന ഹരിയാണ മുഖ്യമന്ത്രിയുടെ പരാമര്‍ശത്തോട്‌ ഭീംസിങ് എന്ന എഴുപത്തിരണ്ടുകാരന്‍ പ്രതികരിച്ചു.

'മകന്‍ മാത്രമല്ല മരുമക്കളും രാജ്യത്തെ സേവിക്കുന്ന സൈനികരാണ്. പക്ഷെ അവരുടെ കുടുംബം കടക്കെണിയിലും പട്ടിണിയിലുമാണ്. ഞങ്ങള്‍ നാല് സഹോദരങ്ങളും ഓരോ കുട്ടികളെ രാജ്യസേവനത്തിനായി അയച്ചതാണ്. രാജ്യത്തിനായി ഭക്ഷണം ഉത്പാദിപ്പിക്കുന്ന ഞങ്ങളെ സര്‍ക്കാര്‍ കുറ്റവാളികളായി കാണുകയും ഭീകരരെന്ന് വിളിക്കുകയും ചെയ്യുന്നു,' ഭീംസിങ് പറയുന്നു. ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍ സ്വദേശിയാണ് ഭീംസിങ്.
  
കരിമ്പ്, ഗോതമ്പ്, ബാര്‍ലി എന്നിവയാണ് ഭീംസിങ് കൃഷി ചെയ്യുന്നത്. എന്നാല്‍ പ്രധാന കാര്‍ഷികോത്പന്നങ്ങളില്‍ പലതും കേന്ദ്രസര്‍ക്കാരിന്റെ പുതിയ കര്‍ഷകനിയമമനുസരിച്ച് കര്‍ഷകര്‍ക്ക് വിറ്റഴിക്കാനാവാത്ത നിലയിലാണെന്ന് ഭീംസിങ് പറയുന്നു. അത്യാവശ്യവസ്തുക്കളില്‍ നിന്ന് കരിമ്പ് ഉള്‍പ്പെടെയുള്ള കാര്‍ഷികോത്പന്നങ്ങള്‍ ഒഴിവാക്കപ്പെട്ടിരിക്കുകയാണെന്ന് ഇദ്ദേഹം ആരോപിക്കുന്നു. 

തങ്ങളുടെ ആവശ്യങ്ങളംഗീകരിച്ച് നിയമഭേദഗതിയ്ക്ക് സര്‍ക്കാര്‍ ഒരുക്കമല്ലെങ്കില്‍ ഭാര്യമാരും കുട്ടികളും പേരക്കുട്ടികളുമൊക്കെ പ്രതിഷേധത്തിന്റെ ഭാഗമാകാന്‍ തെരുവിലേക്കിറങ്ങുമെന്ന് ഭീംസിങ് പറഞ്ഞു. പൊതുജനത്തെ ബുദ്ധിമുട്ടിക്കണമെന്ന് കര്‍ഷകര്‍ കരുതിയിട്ടില്ലെന്നും എന്നാല്‍ രാജ്യത്തിനായി ഭക്ഷണം ഉത്പാദിപ്പിക്കുന്ന കര്‍ഷകരുടെ ദുരിതം രാജ്യം മനസിലാക്കണമെന്ന് ആഗ്രഹിക്കുന്നതായും ഭീംസിങ് അറിയിച്ചു. മിക്ക കര്‍ഷകരും കടക്കെണിയിലാണെന്നും ഖലിസ്ഥാനികളുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന ആരോപണം നിഷേധിക്കുന്നതായും ഭീംസിങ് കൂട്ടിച്ചേര്‍ത്തു.

Content Highlights: My son is in Army and we are being called Khalistani terrorists says 72 year old farmer