ബെംഗളൂരു: ചന്ദ്രയാന്‍ 2 ദൗത്യം ലക്ഷ്യം കാണാത്തതിനെ തുടര്‍ന്ന് വിതുമ്പിയ ഐ എസ് ആര്‍ ഒ ചെയര്‍മാനെ മാറോടണച്ച്  ആശ്വസിപ്പിക്കുന്ന പ്രധാനമന്ത്രിയുടെ വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. 

'എന്റെ പ്രധാനമന്ത്രി മനുഷ്യനാണ്' എന്ന അടിക്കുറിപ്പോടെയാണ് ട്വിറ്ററിൽ വീഡിയോ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നത്.  

ചന്ദ്രയാന്‍ 2 ദൗത്യത്തെക്കുറിച്ച് സംസാരിച്ച ശേഷം പ്രധാനമന്ത്രി മടങ്ങുമ്പോഴായിരുന്നു എല്ലാവരുടേയും കണ്ണുനനയിക്കുന്ന സംഭവങ്ങൾ  ഐ എസ് ആര്‍ ഒ ആസ്ഥാനത്തുണ്ടായത്.  പ്രധാനമന്ത്രിയെ യാത്രയാക്കാനെത്തിയ ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ കെ.ശിവന്‍ വിതുമ്പി. തുടര്‍ന്ന് പ്രധാനമന്ത്രി ചെയര്‍മാനെ തന്റെ മാറോടണയ്ക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. 

എന്റെ പ്രധാനമന്ത്രി മനുഷ്യനാണെന്നും, ലക്ഷക്കണക്കിന് ഹൃദയങ്ങള്‍ സ്വന്തമാക്കിയിരിക്കുകയാണ് ഇരുവരും തുടങ്ങിയ അടിക്കുറിപ്പുകളോടെ നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. 

പ്രചോദകമായ നേതൃത്വത്തിന് മാതൃക എന്ന അടിക്കുറിപ്പോടെയാണ് ഐ എസ് ആര്‍ ഒ കന്നഡ ട്വിറ്റര്‍ അക്കൗണ്ട് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

 
 ഇസ്രായേൽ മുന്‍ അംബാസിഡറും വീഡിയോ ഷെയര്‍ ചെയ്തതിട്ടുണ്ട്. 

 

കൂടാതെ കേന്ദ്രമന്ത്രിമാരായ രവിശങ്കർ പ്രസാദ്, കിരൺ റിജിജു തുടങ്ങിയവരും തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിലൂടെ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.

Content Highlights: My Prime minister is Human social media reacts on modi's hug to ISRO chairman