ജയ്പൂര്‍:  പദ്മാവത്  സിനിമയ്‌ക്കെതിരെ കര്‍ണിസേന നടത്തുന്ന സമരം പിന്‍വലിച്ചിട്ടില്ലെന്നും രാജസ്ഥാനില്‍ ബി.ജെ.പിക്കേറ്റ പരാജയം രജ്പുത് വംശജരുടെ വികാരങ്ങളെ മാനിക്കാത്തതിനുള്ള മറുപടിയാണെന്നും കര്‍ണസിനേ നേതാവ് ലോകേന്ദ്രസിങ് കല്‍വി. പദ്മാവത് സിനിമയ്‌ക്കെതിരേയുള്ള സമരത്തില്‍ നിന്ന് കര്‍ണിസേന പിന്‍വാങ്ങുന്നുവെന്നത് തെറ്റായ പ്രചാരണമാണ്. സമരം ഇനിയും തുടരുമെന്നും കല്‍വി ചൂണ്ടിക്കാട്ടി.

പലതരം കര്‍ണിസേനകള്‍ ഉണ്ടായിവരികയാണ്. ഇപ്പോള്‍ത്തന്നെ എട്ട് സംഘടനകളെങ്കിലും ഈ പേരില്‍ നിലവിലുണ്ട്. ഇതെല്ലാം വ്യാജമാണ്. ചില നിക്ഷിപ്ത താല്‍പര്യങ്ങളാണ് ഇവയെ നയിക്കുന്നത്. ഇവര്‍ അനാവശ്യ വിവാദങ്ങളും പ്രസ്താവനകളും ഇറക്കുന്നുണ്ട്. എന്നാല്‍ യഥാര്‍ഥ സംഘടന ശ്രീ രജ്പുത് കര്‍ണിസേനയാണെന്നും ആ സംഘടന സമരത്തില്‍ നിന്ന് പിന്‍മാറിയിട്ടില്ലെന്നും കല്‍വി മാധ്യമങ്ങളോട് പ്രതികരിച്ചു.

രജ്പുത് വംശജരുടെ വികാരങ്ങളെ മാനിക്കാത്ത ബി.ജെ.പിയെ ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുകയെന്നത് ഞങ്ങളുടെ ലക്ഷ്യമായിരുന്നു. അത് പാലിക്കാനായതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് ഒരു തുടക്കം മാത്രമാണ്. വരും കാലങ്ങളില്‍ സംസ്ഥാനത്ത് 'പദ്മാവത്' പല കാര്യങ്ങളും നിശ്ചയിക്കുമെന്നും കല്‍വി ചൂണ്ടിക്കാട്ടി. 

വോട്ടിലൂടെ സര്‍ക്കാരിന് മറുപടി കൊടുക്കുകയെന്നാണ് കര്‍ണിസേന ഉദ്ദേശിക്കുന്നത്. നോട്ടിനും  വോട്ടിനും കര്‍ണിസേന ഒരേ രീതിയില്‍ മറുപടി നല്‍കി. 500 കോടി ലഭിക്കുമെന്ന് പ്രതീക്ഷിച്ച പദ്മാവത്ന് ലഭിച്ചത് 150 കോടിമാത്രമാണ്, അതുപോലെ തന്നെ സംസ്ഥാനത്തെ ബി.ജെ.പിയുടെ വോട്ട് ഷെയറിനും വലിയ കുറവുണ്ടായി. നിലവിലെ പ്രശ്‌നവുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യാന്‍ താന്‍ ഉടന്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും കാല്‍വി ചൂണ്ടിക്കാട്ടി.