ധര്‍മശാല: തന്റെ പിന്‍ഗാമി ഇന്ത്യയില്‍നിന്ന് ആയിരിക്കാമെന്ന് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈ ലാമ. തന്റെ മരണത്തിന് ശേഷം ചൈന ഉയര്‍ത്തിക്കൊണ്ടു വരുന്ന ദലൈ ലാമയെ വിശ്വാസികള്‍ അംഗീകരിച്ചേക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ടിബറ്റിലെ ചൈനീസ് അധിനിവേശത്തെ തുടര്‍ന്ന് ദലൈ ലാമ ഉള്‍പ്പെടുന്ന സംഘം ഇന്ത്യയിലേക്ക് പലായനം ചെയ്തതിന്റെ 69-ാമത് വാര്‍ഷികത്തില്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ദലൈ ലൈമ നിലപാട് വ്യക്തമാക്കിയത്. 1950 ലാണ് ടിബറ്റന്‍ ബുദ്ധമതക്കാരുടെ 14-ാമത് ദലൈ ലാമ ഇന്ത്യയിലേക്ക് പലായനം ചെയ്തത്.
ദലൈ ലാമയുടെ പുനരവതാരം എന്ന വിശ്വാസം ചൈനീസ് ഭരണകൂടത്തിന് പ്രധാനമാണെന്ന് അദ്ദേഹം പറയുന്നു. തന്നെക്കാള്‍ അവര്‍ പ്രാധാന്യം നല്‍കുക അടുത്ത ദലൈ ലാമയ്ക്കാണ്. ഭാവിയില്‍ രണ്ട് ദലൈ ലമമാരെ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. ഒരാള്‍ സ്വതന്ത്രമായ രാജ്യത്തുനിന്നുള്ളതും മറ്റൊരാള്‍ ചൈന തിരഞ്ഞെടുത്തും. എന്നാല്‍ ചൈന തിരഞ്ഞെടുക്കുന്ന ദലൈ ലാമയെ ആരും ബഹുമാനിക്കുകയോ വിശ്വസിക്കുകയോ ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ടിബറ്റന്‍ ബുദ്ധമത വിശ്വാസ പ്രകാരം അവരുടെ ആത്മീയ നേതാവായ ദലൈ ലാമ മരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ആത്മാവ് മറ്റൊരു ശരീരം സ്വീകരിച്ച് വീണ്ടും ജനിക്കും എന്നാണ് കരുതപ്പെടുന്നത്. ദലൈ ലാമയുടെ മരണ സമയത്ത് ലഭിക്കുന്ന സൂചനകളും അടയാളങ്ങളും ഉപയോഗിച്ചാണ് അദ്ദേഹം എവിടെയാണ് പുനര്‍ജനിച്ചത് എന്ന് കണ്ടെത്തുന്നത്.
എന്നാല്‍ ദലൈ ലാമയുടെ പിന്‍ഗാമിയെ അംഗീകരിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്നാണ് ചൈന പറയുന്നത്. ചൈനീസ് സാമ്രാജ്യങ്ങളുടെ കാലത്തുപോലും ഇതായിരുന്ന കീഴ്‌വഴക്കമെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. ചൈനീസ് ഇടപെടല്‍ ടിബറ്റന്‍ ബുദ്ധമത വിശ്വാസത്തില്‍ വലിയ സ്വാധീനം ചെലുത്തപ്പെടുമെന്നാണ് കരുതപ്പെടുന്നത്.
1935 ലാണ് ഇപ്പോഴത്തെ ദലൈ ലാമ ജനിച്ചത്. അദ്ദേഹത്തിന് രണ്ടുവയസുള്ളപ്പോഴാണ് മുന്‍ ദലൈ ലാമയുടെ പിന്‍ഗാമിയായി സ്ഥിരീകരിക്കുന്നത്. നിലവില്‍ 60 ലക്ഷത്തോളം വരുന്ന ടിബറ്റന്‍ ബുദ്ധമത വിശ്വാസികള്‍ അവരുടെ നേതൃസ്ഥാനത്ത് കാണുന്നത് ദലൈ ലാമയേയാണ്. ഈ പദവിയാണ് ചൈനയെ അസ്വസ്ഥതപ്പെടുത്തുന്നത്. ദലൈ ലാമയെ വിഘടന വാദിയെന്നാണ് ചൈന വിശേഷിപ്പിക്കുന്നത്.
Content Highlights: my incarnation could be found in India- Say Dalai Lama