മുംബൈ: മുംബൈ മുന്‍ പൊലീസ് മേധാവ് പരംബീര്‍ സിങ് മുഖ്യമന്ത്രിക്കയച്ച കത്തിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ കുടുങ്ങിയ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് രാജി വെച്ചേക്കുമെന്ന് സൂചന. ഭരണമുന്നണിയായ മഹാരാഷ്ട്ര വികാസ് അഘാടിയുടെ തിരക്കിട്ട യോഗങ്ങള്‍ മുംബൈയില്‍ ആരംഭിച്ചതോടയൊണ് ആഭ്യന്തര മന്ത്രിയുടെ രാജിയുടെ സൂചനകള്‍ ബലപ്പെട്ടത്. ശിവസേനയും എന്‍.സി.പിയും കോണ്‍ഗ്രസും ചേര്‍ന്നുള്ള സഖ്യമാണ് മഹാരാഷ്ട്ര വികാസ് അഘാടി.

ദേശ്മുഖിനെതിരായ ആരോപണങ്ങള്‍ ഗുരുതരമാണെന്നും അദ്ദേഹത്തെ നീക്കണോ വേണ്ടയോ എന്നകാര്യം മുഖ്യമന്ത്രിയാണ് തീരുമാനിക്കേണ്ടതെന്നും എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ പറഞ്ഞിരുന്നു. പാര്‍ട്ടി യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നും തുടര്‍ന്ന് മുഖ്യമന്ത്രിയെ കാണുമെന്നും ശരദ് പവാര്‍ വ്യക്തമാക്കി.

മുകേഷ് അംബാനിയുടെ വീടിനു സമീപം സ്‌ഫോടകവസ്തു കണ്ടെത്തിയതുമായി ബന്ധപ്പെട്ട കേസിനെ തുടര്‍ന്ന് പുറത്താക്കിയ മുംബൈ പൊലീസ് തലവന്‍ പരംബീര്‍ സിങ്ങാണ് ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിനെതിരെ വന്‍ അഴിമതിയാരോപണം ഉന്നയിച്ചത്. മന്ത്രി എല്ലാ മാസവും 100 കോടി രൂപ പിരിച്ചു നല്‍കാന്‍ പൊലീസിനോടാവശ്യപ്പെട്ടെന്ന് പരംബീര്‍ സിങ് ആരോപിച്ചു. പൊലീസ് നടപടികളില്‍ മന്ത്രി അന്യായമായി ഇടപെട്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ആരോപണം നിഷേധിച്ച് മന്ത്രി രംഗത്തെത്തി. പരംബീര്‍ സിങ്ങിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് നല്‍കിയ കത്തിലാണ് ആഭ്യന്തരമന്ത്രിക്കെതിരെ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍  ഗുരുതരമായ ആരോപണം ഉന്നയിച്ചത്. അംബാനി കേസില്‍ പുറത്താക്കിയ സച്ചിന്‍ വാസെ എന്ന ഉദ്യോഗസ്ഥനെയടക്കം മന്ത്രി ഇടപെട്ടാണ് നിയമിച്ചതെന്നും പരംബീര്‍ സിങ് ആരോപിച്ചു.

ആഭ്യന്തര മന്ത്രിക്കെതിരായ ആരോപണങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചെന്ന നിലപാടാണ് സഖ്യത്തിലെ പ്രധാന കക്ഷിയായ ശിവസേനയുടെ നിലപാട്. ആഭ്യന്തര മന്ത്രിക്കെതിരായ ഇത്തരം ആരോപണങ്ങള്‍ സര്‍ക്കാരിനെ സ്‌നേഹിക്കുന്നവരെ ഞെട്ടിച്ചതായി ശിവസേന നേതാവ് സഞ്ജയ് റാവത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. കോണ്‍ഗ്രസിനും സമാനമായ നിലപാടാണ് വിഷയത്തിലുള്ളത്.

Content Highlights: MVA to hold series of meetings on Monday, may take a call on Anil Deshmukh