ന്യൂഡല്‍ഹി: സമ്മതിദായകരുടെ വിവേകത്തെ ബഹുമാനിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. ആര്‍ക്ക് വോട്ട് ചെയ്യണമെന്നും എന്തുകൊണ്ട് വോട്ട് ചെയ്യണമെന്നും സമ്മതിദായകര്‍ക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഐശ്വര്യകേരളയാത്രയുടെ സമാപന വേദിയില്‍ വടക്കേ ഇന്ത്യയെ കുറിച്ച് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തിനെതിരേ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തിയതിനോട് പ്രതികരിക്കുകയായിരുന്നു കപില്‍ സിബല്‍. 

'രാഹുല്‍ ഗാന്ധി പറഞ്ഞതിനെ കുറിച്ച് അഭിപ്രായം പറയാന്‍ ഞാന്‍ ആരുമല്ല. അദ്ദേഹം അത് പറഞ്ഞു. അത് ഏത് സന്ദര്‍ഭത്തിലാണ് പറഞ്ഞതെന്ന് വിശദീകരിക്കാന്‍ അദ്ദേഹത്തിന് കഴിയും. നാം രാജ്യത്തെ സമ്മതിദായകരെ ബഹുമാനിക്കണം, അവരുടെ വിവേകത്തെ കരിവാരിത്തേക്കരുത്. ആര്‍ക്ക് വോട്ട് ചെയ്യണമെന്ന്, എന്തുകൊണ്ട് വോട്ട് ചെയ്യണമെന്ന് അവര്‍ക്കറിയാം.'സിബല്‍ പറഞ്ഞു. 

'15 വര്‍ഷം ഉത്തരേന്ത്യയില്‍ നിന്നുളള എംപിയായിരുന്നു. അവിടെ വ്യത്യസ്ത രാഷ്ട്രീയമായിരുന്നു. കേരളത്തിലേക്കുളള വരവ് വളരെയധികം ഉന്മേഷദായകമായിരുന്നു. ഇവിടുത്തെ ജനങ്ങള്‍ക്ക് പ്രശ്നങ്ങളില്‍ താല്പര്യമുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി. പ്രശ്‌നങ്ങളുടെ വിശദാംശങ്ങളിലേക്ക് പോകുന്നവരാണ് ഇവിടെയുള്ളവര്‍', എന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്. 

ഇത് രാജ്യത്തെ വിഭജിക്കാനുളള നീക്കമാണെന്ന് ആരോപിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ രംഗത്തെത്തി.'കുറച്ചുദിവസങ്ങള്‍ക്കുമുമ്പ് വടക്കുകിഴക്ക് നിന്നുകൊണ്ട് തെക്കോട്ട് വിഷം വമിപ്പിച്ചു. ഇപ്പോള്‍ തെക്കുനിന്ന് വടക്കോട്ട്. വിഭജിച്ച് ഭരിക്കാനുള്ള നീക്കം ജനം തള്ളിക്കളയും. അതിന്റെ ഉദാഹരണമാണ് ഗുജറാത്തിലെ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് ഫലം.' നഡ്ഡ പറഞ്ഞു.

എന്നാല്‍ കോണ്‍ഗ്രസ് രാജ്യത്തെ വിഭജിക്കാനാണ് ശ്രമിക്കുന്നതെന്ന ബിജെപിയുടെ പ്രസ്താവന പരിഹാസ്യമാണെന്ന് കപില്‍ സിബല്‍ പറഞ്ഞു. 2014-ല്‍ അധികാരത്തില്‍ വന്നതിന് ശേഷം ജനങ്ങളെ ഭിന്നിപ്പിച്ച സര്‍ക്കാരാണ് ബിജെപിയുടേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

Content Highlights:must respect voters in the country and not denigrate their wisdom says Kapil Sibal