ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടിയ ഫൈസര്‍ ഉള്‍പ്പെടെയുള്ള കമ്പനികള്‍ നിര്‍ബന്ധമായും അനുബന്ധ പ്രാദേശിക പഠനം കൂടി നടത്തണമെന്നും എങ്കില്‍ മാത്രമേ അനുമതിക്കായി പരിഗണിക്കുകയുള്ളൂവെന്നും കേന്ദ്ര സർക്കാർ. മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിഷയത്തില്‍ ഫൈസര്‍ പ്രതികരിച്ചിട്ടില്ല.
കോവിഷീല്‍ഡ് വാക്‌സിന്‍ നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്, അടിയന്തര ഉപയോഗ അനുമതിക്ക് അപേക്ഷിക്കുന്നതിന് മുന്‍പേ മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന പ്രാദേശിക പഠനം നടത്തിയിരുന്നു. 1,500 ല്‍ അധികം പേരിലാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് പഠനം നടത്തിയത്. തുടര്‍ന്ന് ജനുവരി മൂന്നിനാണ് കോവിഷീല്‍ഡിന് കേന്ദ്രസര്‍ക്കാര്‍ അടിയന്തര ഉപയോഗ അനുമതി നല്‍കിയത്.
നിലവില്‍ ഇന്ത്യയില്‍ ഒരു കോടിയലധികം പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. കോവിഡ് ബാധിതരുടെ എണ്ണത്തില്‍ അമേരിക്ക മാത്രമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡിനും ഭാരത് ബയോടെക്കിന്റെ കോവാക്‌സിനുമാണ് അടിയന്തര ഉപയോഗത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. ജനുവരി 16ന് രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിക്കും.
പ്രാദേശിക പഠനം നടത്താതെ കോവിഡ് വാക്‌സിന്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാനും വിതരണം ചെയ്യാനും ഫൈസര്‍ ശ്രമിച്ചിരുന്നതായി വാര്‍ത്തകള്‍ പുറത്തെത്തിയിരുന്നു. രാജ്യത്ത് അടിയന്തര ഉപയോഗത്തിന് ആദ്യം അനുമതി ആവശ്യപ്പെട്ടതും ഫൈസര്‍ ആയിരുന്നു. എന്നാല്‍ തുടര്‍ന്ന് സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്റേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ വിളിച്ച യോഗങ്ങളില്‍ ഇവര്‍ പങ്കെടുത്തിരുന്നില്ല.
നിലവില്‍, ഏത് വാക്‌സിനും രാജ്യത്ത് വിതരണം ചെയ്യണമെങ്കില്‍ ബ്രിഡ്ജിങ് ട്രയല്‍ നടത്തേണ്ടതുണ്ടെന്ന് മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ളതായി ഇന്ത്യയുടെ വാക്‌സിന്‍ സ്ട്രാറ്റജി പാനല്‍ മേധാവി വിനോദ് കെ. പോള്‍ പറഞ്ഞു. വാക്‌സിന്റെ ഒരു പുതിയ പ്രദേശത്തെ ഫലപ്രാപ്തി, സുരക്ഷ, നല്‍കേണ്ട അളവ് തുടങ്ങിയ കാര്യങ്ങളെ കുറിച്ചുള്ള വിവരശേഖരണം ലക്ഷ്യമാക്കി നടത്തുന്ന അനുബന്ധ പഠനത്തെയാണ് ബ്രിഡ്ജിങ് ട്രയല്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
പാശ്ചാത്യരാജ്യങ്ങളിലെ ജനങ്ങളെ അപേക്ഷിച്ച് ജനിതക സ്വഭാവത്തില്‍ വ്യത്യാസപ്പെട്ടിരിക്കുന്നതിനാല്‍, വാക്‌സിന്‍ സുരക്ഷിതവും പൗരന്മാരില്‍ രോഗപ്രതിരോധശേഷി വളര്‍ത്തുണ്ടോയെന്നും കണ്ടെത്താനാണ് സാധാരണഗതിയില്‍ ബ്രിഡ്ജിങ് ട്രയലുകള്‍ നടത്താന്‍ ആവശ്യപ്പെടാറുള്ളതെന്നും ഇന്ത്യന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എന്നാല്‍ ഇന്ത്യയുടെ പുതിയ ഡ്രഗ്‌സ് ആന്‍ഡ് ക്ലിനിക്കല്‍ ട്രയല്‍ റൂള്‍സ് പ്രകാരം നിബന്ധനകള്‍ക്ക് വിധേയമായി ഇത്തരം ട്രയലുകള്‍ ഒഴിവാക്കാവുന്നതാണ്.
conent highlights: must conduct local study for getting emergency use permission -centre to pfizer