ലഖ്നൗ: ഉത്തര്‍പ്രദേശിലെ മുസ്ലീങ്ങള്‍ വൈദ്യുതി മോഷ്ടിക്കുകയാണെന്നും അവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുള്ള എംഎല്‍എയുടെ ഫോണ്‍ സന്ദേശം പുറത്ത്. വൈദ്യുതിവകുപ്പ് അധികൃതരുമായി ബിജെപി എംഎല്‍എ സഞ്ജയ് ഗുപ്ത നടത്തിയ സംഭഷണമാണ് പുറത്തായിരിക്കുന്നത്.

എത്ര മുസ്ലീങ്ങള്‍ക്കെതിരേ നടപടി എടുത്തുവെന്നുള്ള കണക്കുകള്‍ ആവശ്യപ്പെട്ട് വൈദ്യുതിവകുപ്പ് എന്‍ജിനീയറെ ഫോണില്‍ വിളിച്ച് എംഎല്‍എ ശകാരിക്കുകയായിരുന്നു. എന്നാല്‍, എന്‍ജിനീയര്‍ ഈ സംഭാഷണം റെക്കോര്‍ഡ് ചെയ്യുകയും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയുമായിരുന്നു.

ഏപ്രില്‍ ഒന്ന് മുതല്‍ നിങ്ങള്‍ എത്ര മുസ്ലീങ്ങള്‍ക്കെതിരേ നടപടി സ്വീകരിച്ചു എന്നുള്ളതിന്റെ കണക്കുകള്‍ എനിക്ക് വേണം. ഇല്ലെങ്കില്‍ നിങ്ങളെ സ്ഥലം മാറ്റും. മുസ്ലീങ്ങള്‍ എത്രമാത്രം വൈദ്യുതി മോഷ്ടിക്കുന്നുണ്ടെന്ന് അറിയണമെങ്കില്‍ അവര്‍ താമസിക്കുന്ന പ്രദേശത്ത് പോയി നോക്കണമെന്നുമായിരുന്നു എംഎല്‍എ എന്‍ജിനീയറോട് പറഞ്ഞത്. 

ഹിന്ദുകള്‍ മാത്രം ഇവിടെ പീഡിപ്പിക്കപ്പെടുന്നു. നിങ്ങള്‍ ഹൈന്ദവരേയും വ്യവസായികളെയും അപമാനിക്കുകയാണെന്നും ഞാന്‍ ലഖ്നൗവില്‍ വിളിച്ച് സംസാരിച്ചോളാമെന്നും, നീയും നിന്റെ വകുപ്പും തുലഞ്ഞുപോട്ടെയെന്നും എംഎല്‍എ എന്‍ജിനീയറോട് പറയുന്നുണ്ട്.

വലിയ വ്യവസായ സ്ഥാപനങ്ങള്‍ വൈദ്യുതി മോഷ്ടിക്കുന്നു എന്ന വെളിപ്പെടുത്തലിനെത്തുര്‍ന്ന് വൈദ്യുത ബോര്‍ഡ് നടത്തിയ പരിശോധനയുടെ പശ്ചാത്തലത്തിലാണ് എംഎല്‍എയുടെ പ്രതികരണം. പരിശോധനയെത്തുടർന്ന് ഏഴുപേര്‍ക്കെതിരേ കേസെടുത്തിരുന്നു.