ഗാന്ധിനഗര്‍: മുസ്ലീങ്ങള്‍ക്ക് താമസത്തിനായി തിരഞ്ഞെടുക്കാന്‍ ലോകത്ത് 150 ഇസ്ലാമിക രാജ്യങ്ങളുണ്ട്, എന്നാല്‍ ഹിന്ദുക്കള്‍ക്ക് ഇന്ത്യമാത്രമേയുള്ളൂയെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ചുകൊണ്ട് സബര്‍മതി ആശ്രമത്തിന് പുറത്ത് നടത്തിയ റാലിയിലായിരുന്നു രൂപാണിയുടെ പ്രസ്താവന. 

നിയമ ഭേദഗതിയെ എതിര്‍ക്കുന്ന കോണ്‍ഗ്രസ് നടപടിക്കെതിരെയും രൂപാണി ആഞ്ഞടിച്ചു. വിഷയത്തില്‍ മഹാത്മാഗാന്ധിയുടെയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെയും ആഗ്രഹം കോണ്‍ഗ്രസ് മാനിക്കുന്നില്ലെന്നും രൂപാണി ആരോപിച്ചു. 

"വിഭജന സമയത്ത്(1947ല്‍) പാകിസ്താനില്‍ 22 ശതമാനം ഹിന്ദുക്കള്‍ ഉണ്ടായിരുന്നു. നിരന്തരമായ പീഢനം, ബലാത്സംഗം തുടങ്ങിയവമൂലം ഇപ്പോള്‍ അവരുടെ ജനസംഖ്യ മൂന്ന് ശതമാനമായി കുറഞ്ഞു. അതുകൊണ്ടാണ് ഹിന്ദുക്കള്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നത്. ദുരിതത്തിലായ ഈ ഹിന്ദുക്കളെ സഹായിക്കാന്‍ കോണ്‍ഗ്രസ് ചെയ്യേണ്ടീരുന്നതാണ് ഞങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നത്. ഞങ്ങള്‍ അത് ചെയ്യുമ്പോള്‍ നിങ്ങള്‍ എന്തിന് എതിര്‍ക്കുന്നു" - രൂപാണി പറഞ്ഞു. 

ബംഗ്ലാദേശില്‍ ഹിന്ദു ജനസംഖ്യ വെറും രണ്ട് ശതമാനമായി ചുരുങ്ങിയെന്നും അദ്ദേഹം പറഞ്ഞു. " ഏതാനും ദശകങ്ങള്‍ മുമ്പ് അഫ്ഗാനിസ്താനില്‍ രണ്ട് ലക്ഷം ഹിന്ദുക്കളും സുഖ്കാരും ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് അവരുടെ എണ്ണം 500 മാത്രമാണ്. മുസ്ലിംങ്ങള്‍ക്ക് 150 രാജ്യങ്ങളില്‍ എവിടേയ്ക്ക് വേണമെങ്കിലും പോകാം, പക്ഷേ ഹിന്ദുക്കള്‍ക്ക് പോകാന്‍ ഒരേ ഒരു രാജ്യമേയുള്ളു. അത് ഇന്ത്യയാണ്. അവര്‍ക്ക് തിരിച്ചുവരാന്‍ താല്‍പര്യമുണ്ടെങ്കില്‍ എന്താണ് പ്രശ്‌നം." അദ്ദേഹം ചോദിച്ചു. 

" പാകിസ്താനിലെ ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും ഇന്ത്യന്‍ പൗരത്വം നല്‍കണമെന്നത് ഗാന്ധിജിയുടെയും അഭിപ്രായമായിരുന്നു. പ്രധാനമന്ത്രിയായിരുന്നപ്പോള്‍ മന്‍മോഹന്‍ സിംഗും അത്തരമൊരു നിര്‍ദ്ദേശത്തെ പിന്തുണച്ചിരുന്നു. എന്നിട്ടും കോണ്‍ഗ്രസ് പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് രാജ്യത്തോട് വിശദീകരിക്കണം."- രൂപാനി പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമെമ്പാടും നടക്കുന്ന പ്രതിഷേധങ്ങളെ പ്രതിരോധിക്കാന്‍ ഗുജറാത്തില്‍ ബിജെപി നേതാക്കളും സര്‍ക്കാര്‍ സംവിധാനവും ചൊവ്വാഴ്ച സംസ്ഥാനത്തെ 33 ജില്ലകളിലുടനീളം സിഎഎ അനുകൂല റാലികളില്‍ പങ്കെടുത്തിരുന്നു. ആര്‍എസ്എസിന്റെ പിന്തുണയുള്ള 'നാഗരിക് സമതീസ്' (പൗര സമിതികള്‍) ആണ് റാലികളും പ്രകടനങ്ങളും സംഘടിപ്പിച്ചത്.

Content Highlights: Muslims have 150 countries to go to, Hindus have only India, says Gujarat Chief Minister Vijay Rupani