മുംബൈ: പാകിസ്താനില്‍നിന്നും ബംഗ്ലാദേശില്‍നിന്നും അനധികൃതമായി കുടിയേറിയ മുസ്ലിങ്ങളെ ഇന്ത്യയില്‍നിന്ന് പുറത്താക്കണമെന്ന്‌ ശിവസേന. അനധികൃത കുടിയേറ്റക്കാരായ മുസ്ലീങ്ങളെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി ഒമ്പതിന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന റാലി നടത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ശിവസേനയും ഇക്കാര്യത്തില്‍ അഭിപ്രായം വ്യക്തമാക്കിയത്. 

അനധികൃത കുടിയേറ്റക്കാരുടെ വിഷയത്തില്‍ യാതൊരു സംശയവുമില്ല. ഇന്ത്യയിലേക്ക് കുടിയേറിയ പാകിസ്താന്‍, ബംഗ്ലാദേശ് മുസ്ലീങ്ങളെ പുറത്താക്കുകതന്നെ വേണമെന്ന് മുഖപത്രമായ സാമ്‌നയിലൂടെയാണ്‌ ശിവസേന വ്യക്തമാക്കിയത്‌. 

പൗരത്വ നിയമ ഭേദഗതിയെ ആദ്യം അനുകൂലിക്കുകയും പിന്നീട് എന്‍.ഡി.എ. സഖ്യം വിട്ട ശേഷം എതിര്‍ക്കുകയും ചെയ്ത ശിവസേന ധാരാളം പഴുതകള്‍ നിയമത്തിലുണ്ടെന്നും ചൂണ്ടിക്കാട്ടി. പുതിയ കാവിക്കൊടിയിലേക്ക് ചുവടുമാറിയ മഹാരാഷ്ട്ര നവനിര്‍മാണ സേനയുടെ നടപടിയെയും ശിവസേന കുറ്റപ്പെടുത്തി. 

പൗരത്വ നിയമ ഭേദഗതിയില്‍ നിലപാട് മാറ്റിയ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവ്‌ രാജ് താക്കറെയെയും ശിവസേന ശക്തമായി വിമര്‍ശിച്ചു. പൗരത്വ നിയമത്തെ അനുകൂലിക്കുമെന്നാണ് കഴിഞ്ഞ ദിവസം മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന വ്യക്തമാക്കിയത്. അതേസമയം ഒരു മാസം മുമ്പ് അവര്‍ നിയമത്തിനെതിരേ നിന്നവരായിരുന്നുവെന്നും ശിവസേന മുഖപ്രസംഗത്തില്‍ തുറന്നടിച്ചു.

content highlights; Muslims from Pakistan, Bangladesh should be thrown out of country, says Shiv Sena