ഭോപ്പാല്‍: ഭോപ്പാലില്‍ പശു പരിപാലന കേന്ദ്രത്തിന്റെ നടത്തിപ്പുകാരിക്കു നരെ ആക്രമണം. മധ്യപ്രദേശിലെ ദേശീയ പശുപരിപാലന കേന്ദ്രമായ രാഷ്ട്രീയ ഗോ രക്ഷാവാഹിനിയുടെ അധ്യക്ഷയായ മെഹറുന്നിസ ഖാനെതിരെയാണ് ആക്രമണമുണ്ടായത്. തനിക്കു നേരെ ആസിഡ് ആക്രമണം പോലും നടന്നേക്കാമെന്ന് ഭയപ്പെടുന്നതായും ചൂണ്ടിക്കാട്ടി ഇവര്‍ പ്രധാനമന്ത്രിക്ക് പരാതി നല്‍കി.

മുസ്ലിം സ്ത്രീയായ താന്‍ പശു സംരക്ഷണ കേന്ദ്രം നടത്തുന്നതിന്റെ പേരിലാണ് തന്റെ ബന്ധുക്കള്‍ അടക്കമുള്ള ഒരു സംഘം തന്നെ ആക്രമിച്ചതെന്ന് അവര്‍ പറയുന്നു. തനിക്കെതിരെ വധഭീഷണിയും ആസിഡ് ആക്രമണ ഭീഷണിയുമുണ്ട്. പശുപരിപാലന കേന്ദ്രം നടത്തുന്നത് കുടുംബത്തിന് ചീത്തപ്പേരുണ്ടാക്കുമെന്ന് ആരോപിച്ച് തന്റെ മാതാപിതാക്കളും മകളും അടക്കമുള്ളവര്‍ തനിക്കെതിരാണെന്നും അവര്‍ പറയുന്നു.

നീമുച്ച് എന്ന സ്ഥലത്താണ് മെഹറുന്നിസ ഖാന്റെ നേതൃത്വത്തില്‍ പശുപരിപാലന കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. ഇവര്‍ക്കെതിരെ നിരന്തരമായി ഭീഷണികളുണ്ടായിരുന്നു. പശുപരിപാലനത്തില്‍ ഏര്‍പ്പെടുന്നതും മുത്തലാക്കിനെതിരെ സംസാരിക്കുന്നതുമാണ് ആക്രമണത്തിന് കാരണം. ഇക്കാര്യം ചൂണ്ടിക്കാട്ടി നാലു മാസം മുന്‍പ് പോലീസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടിയുണ്ടായില്ലെന്നും അവര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.