പട്‌ന: വീണ്ടും വിവാദപ്രസ്താവനയുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. മുസ്‌ലിങ്ങളെ 1947ല്‍ തന്നെ പാകിസ്താനിലേക്ക് അയക്കേണ്ടിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ബുധനാഴ്ച ബിഹാറിലെ പൂര്‍ണിയയില്‍ സംസാരിക്കവേയാണ് ഇത്തരമൊരു പരാമര്‍ശം നടത്തിയത്. 

രാജ്യത്തിനു വേണ്ടി സ്വയംസമര്‍പ്പിക്കേണ്ട സമയമാണിത്. 1947നു മുമ്പ് ജിന്ന ഇസ്‌ലാമിക രാഷ്ട്രത്തിനു വേണ്ടി വാദം ഉന്നയിച്ചു. പൂര്‍വികരുടെ ഭാഗത്തുനിന്നുണ്ടായ തെറ്റിന്റെ ഫലമാണ് നാം ഇപ്പോള്‍ അനുഭവിക്കുന്നത്. ആ സമയത്ത് മുസ്‌ലിം സഹോദരന്മാരെ അവിടേക്ക് അയക്കുകയും അവിടെനിന്ന് ഹിന്ദുക്കളെ ഇവിടേക്ക് കൊണ്ടുവരികയും ചെയ്തിരുന്നെങ്കില്‍ ഇത്തരമൊരു സാഹചര്യം ഉണ്ടാകില്ലായിരുന്നു. ഭാരതവംശജര്‍ക്ക് ഇവിടെ അഭയം ലഭിച്ചില്ലെങ്കില്‍ പിന്നെ അവര്‍ എവിടേക്ക് പോകും? - ഗിരിരാജ് സിങ് ആരാഞ്ഞു. 

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമെമ്പാടും പ്രതിഷേധം നടക്കുന്ന പശ്ചാത്തലത്തിലാണ് ഗിരിരാജ് സിങ്ങിന്റെ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്.

content highlights: muslim's should have sent ti pakistan in 1947 says union minister giriraj singh