പ്രതീകാത്മകചിത്രം| Photo: PTI
ന്യൂഡല്‍ഹി: മുസ്ലിം പെണ്‍കുട്ടിക്ക് 16 വയസ് കഴിഞ്ഞാല്‍ മതാചാരപ്രകാരം വിവാഹം കഴിക്കാമെന്ന പഞ്ചാബ് - ഹരിയാണ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മറ്റ് കേസുകളില്‍ ഉത്തരവ് ഇറക്കരുതെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഈ നിര്‍ദേശം നല്‍കിയത്.
18 വയസാകാത്ത മുസ്ലിം പെണ്‍കുട്ടിക്ക് വിവാഹിതയാകാമെന്ന പഞ്ചാബ് - ഹരിയാണ ഹൈക്കോടതി വിധിക്കെതിരെ ദേശീയ ബാലാവകാശ കമ്മീഷന് നല്കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ഇടക്കാല ഉത്തരവ് ഇറക്കിയത്. മുഹമ്മദീയന്‍ നിയമപ്രകാരം ഋതുമതിയായ മുസ്ലിം പെണ്‍കുട്ടിക്കു വിവാഹം കഴിക്കാമെന്നായിരുന്നു ഹൈക്കോടതി വിധി.
എന്നാല്‍ പതിനെട്ട് തികയാത്ത പെണ്‍കുട്ടികള്‍ വിവാഹം കഴിക്കുന്നതു പോക്സോ നിയമത്തിന്റെ ലംഘനമാണ് എന്നാണ് ദേശീയ ബാലാവകാശ കമ്മീഷന്റെ വാദം. പതിനെട്ട് വയസ് തികയാത്തവരെ പോക്സോ നിയമത്തില്‍ കുട്ടികള്‍ എന്നാണ് നിര്‍വചിച്ചിരിക്കുന്നത്. 14 വയസ്സ് വരെയുള്ള പെണ്‍കുട്ടികള്‍ വിവാഹിതര്‍ ആകുകയാണെന്ന് കമ്മീഷനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി. കമ്മീഷന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു.
അതേസമയം ഹൈക്കോടതി വിധി സ്റ്റേ ചെയ്യണെമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. വിധി സ്റ്റേ ചെയ്താല്‍ പെണ്‍കുട്ടി വീണ്ടും മാതാപിതാക്കളുടെ അടുത്തേക്ക് പോകേണ്ടി വരും. അത് കുട്ടി ഇഷ്ടപെടുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ പഞ്ചാബ് - ഹരിയാണ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മറ്റ് കേസുകളിലും സമാനമായ വിധി പുറപ്പടിവിക്കുകയാണെന്ന് സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് മറ്റ് കേസുകളില്‍ ഈ വിധി അടിസ്ഥാനമാക്കി ഉത്തരവ് ഇറക്കരുതെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചത്.
Content Highlights: muslim marriages punjab haryana high court order supreme court
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..