പ്രതീക്താമക ചിത്രം | ഫോട്ടോ:മാതൃഭൂമി
ഭോപ്പാല്‍: മധ്യപ്രദേശിലെ ഉജ്ജെയിന്‍ ജില്ലയില്‍ മുസ്ലിം യുവാവിനെ ഭീഷണിപ്പെടുത്തി 'ജയ് ശ്രീറാം' ഉരുവിടാന്‍ നിര്‍ബന്ധിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ശനിയാഴ്ചയാണ് സംഭവം നടന്നത്. യുവാവിനെ ഭീഷണിപ്പെടുത്തി ജയ് ശ്രീറാം വിളിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
സംഭവത്തെക്കുറിച്ച് മഹിദ്പുറിലെ സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ ആര്‍.കെ.റായ് പറയുന്നതിങ്ങനെ: മഹിദ്പുര്‍ നഗരത്തില്‍ താമസിക്കുന്ന അബ്ദുള്‍ റഷീദ് കാലങ്ങളായി അവിടെ ആക്രിക്കച്ചവടം നടത്തുന്ന ആളാണ്. ശനിയാഴ്ച സ്വന്തം വാഹനത്തില്‍ പാഴ്‌വസ്തുക്കള്‍ ശേഖരിക്കാന്‍ പോയപ്പോഴാണ് സംഭവം നടന്നത്. പ്രതികള്‍ റഷീദിനെ ഗ്രാമം വിട്ടു പോകാന്‍ നിര്‍ബന്ധിച്ചു. ഇനി കച്ചവടം ചെയ്യരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഗ്രാമത്തില്‍ നിന്ന് പോകും വഴി പിപ്ലിയാ ധൂമ എന്ന സ്ഥലത്തു വെച്ചാണ് രണ്ടാളുകള്‍ അദ്ദേഹത്തെ തടഞ്ഞുനിര്‍ത്തി ഉപദ്രവിക്കുകയും 'ജയ് ശ്രീറാം' ഉരുവിടാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ഇവരുടെ നിര്‍ദ്ദേശം അനുസരിച്ച റഷീദ് പുന്നീട് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.
കുറ്റാരോപിതരായ കമല്‍ സിംഗ് (22), ഈശ്വര്‍ സിംഗ് (27) എന്നിവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. ഇവരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചിട്ടുണ്ട്. സാമുദായിക ഐക്യത്തിന് ഭംഗം വരുത്തി എന്നതാണ് ചുമത്തിയിരിക്കുന്ന കുറ്റം.
സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്ന വീഡിയോകളില്‍ റഷീദിന്റെ വാഹനത്തില്‍നിന്നും പ്രതികള്‍ ആക്രി സാധനങ്ങള്‍ വലിച്ചെറിയുന്നതും ഭീഷണിപ്പെടുത്തുന്നതും കാണാം. നിര്‍ബന്ധത്തിനു വഴങ്ങി റഷീദ് 'ജയ് ശ്രീറാം' ഉരുവിടുന്നതും വീഡിയോയിലുണ്ട്.
മുന്‍പും സംസ്ഥാനത്ത് സമാന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് സംസ്ഥാന കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ കമല്‍ നാഥ് ആരോപിച്ചു.
ഇതൊരു പ്രത്യേക അജണ്ട പ്രകാരം നടക്കുന്ന കാര്യമാണോ ? ഒരു നോക്കുകുത്തിയെപ്പോലെ സര്‍ക്കാര്‍ എല്ലാം കണ്ടു നില്‍ക്കുകയാണ്. സംസ്ഥാനത്തുടനീളം അരാജകത്വം നിലനില്‍ക്കുകയും നിയമത്തെ പരിഹസിക്കുകയുമാണ്. സമാധാനം ഇല്ലാതാക്കുന്നവരക്കെതിരേ ശക്തമായ നടപടിയെടുക്കണമെന്നും കമല്‍ നാഥ് കൂട്ടിച്ചേര്‍ത്തു.
ഇത്തരം സംഭവങ്ങള്‍ക്കെതിരേ നടപടിയെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്ന് മന്ത്രി വിശ്വാസ് സാരംഗ് പറഞ്ഞു. ഇത്തരം സംഭവങ്ങളെ ആസ്പദമാക്കിയുള്ള വീഡിയോകള്‍ എങ്ങനെയാണ് കോണ്‍ഗ്രസിന്റെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നതെന്ന ചോദ്യം നിലനില്‍ക്കുന്നുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സംഭവങ്ങള്‍ ആസൂത്രിതമാണോ അല്ലയോ എന്നത് അന്വേഷിക്കപ്പെടേണ്ട കാര്യമാണെന്നും സാരംഗ് കൂട്ടിച്ചേര്‍ത്തു.
Content Highlights: muslim man forced to chant jai shriram in up
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..