ന്യൂഡൽഹി: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപവത്കരണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ വാദങ്ങള്‍ തുടരുന്നതിനിടെ പാര്‍ലമെന്റിനകത്തും പുറത്തും കോണ്‍ഗ്രസ്സിന്റെ പ്രതിഷേധം. 

ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നത് നിര്‍ത്തൂ എന്നെഴുതിയ ബാനറുകള്‍ ഉയര്‍ത്തിപിടിച്ചാണ് സഭയ്ക്കു പുറത്ത് സോണിയയുടെ നേതൃത്വത്തില്‍ പ്രതിഷേധം തുടര്‍ന്നത്. 

മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങളുമായി ബന്ധപ്പെട്ട് ഇരുസഭകളിലും അടിയന്തിര പ്രമേയത്തിന് നേരത്തെ കോണ്‍ഗ്രസ്സ് അനുമതി തേടിയിരുന്നു. സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റിന് പുറത്ത് എംപിമാര്‍ പ്രതിഷേധിച്ചിരുന്നു. പിന്നീട് പ്രതിഷേധം സഭയ്കക്കുള്ളിലേക്കും തുടരുകയായിരുന്നു. ചോദ്യോത്തര വേളയില്‍ രാഹുല്‍ ഗാന്ധിയാണ് ആദ്യം ചോദ്യം ചോദിച്ചത്. ജനാധിപത്യം തന്നെ കശാപ്പ ചെയ്യപ്പെട്ട കാലത്ത് ചോദ്യം ചോദിക്കുന്നതില്‍ പോലും അര്‍ഥമില്ലെന്ന മുഖവുരയോടെയാണ് രാഹുല്‍ ചോദ്യം ചോദിച്ചത്.

സഭാംഗങ്ങള്‍ മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങളില്‍ കടുത്ത് എതിര്‍പ്പ് പ്രകടിപ്പിച്ച് സഭയില്‍ പ്രതിഷേധം തുടര്‍ന്നു. സഭ ശാന്തമാകാതിരുന്നതിനെ തുടര്‍ന്ന് 12 മണിവരേക്ക് സഭ മാറ്റിവെച്ചു. രാജ്യസഭ രണ്ട് മണി വരേക്കും പിരിഞ്ഞു.

ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നത് അവസാനിപ്പിക്കുക എന്ന ബാനര്‍ സഭയില്‍ ഉയർത്തി കാട്ടിയതിനെ തുടര്‍ന്ന് കേരളത്തിൽ നിന്നുള്ള എംപിമാരായ ഹൈബി ഈഡനെയും ടിഎന്‍പ്രതാപനെയും സഭയില്‍ നിന്ന് പുറത്താക്കി. 

 

content highlights: Murder of democracy says congress, uproar in both houses over Maharashtra drama Politics