ന്യൂഡല്‍ഹി: ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലെ നോയിഡയിലും വന്‍ മയക്കുമരുന്ന് വേട്ട. 37 കിലോഗ്രാമോളം മയക്കുമരുന്നാണ് ഇരുസ്ഥലങ്ങളില്‍ നിന്നുമായി പിടിച്ചത്. ഹെറോയിനും കൊക്കെയ്നും ഉള്‍പ്പടെയുള്ള മയക്കുമരുന്നാണ് പിടിച്ചത്. അഫ്ഗാന്‍, ഉസ്‌ബെകിസ്താന്‍ സ്വദേശികള്‍ ഉള്‍പ്പടെ എട്ടുപേരെ സംഭവത്തില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. 

ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തെ മയക്കുമരുന്ന് വേട്ടയുടെ തുടര്‍ച്ചയായി നടന്ന പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ഏതാനും ദിവസം മുന്‍പാണ് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് എത്തിയ കണ്ടെയ്നറുകളില്‍നിന്ന് മൂന്ന് ടണ്‍ ഹെറോയിന്‍ ഡി.ആര്‍.ഐ. പിടിച്ചെടുത്തത്. ടാല്‍കം പൗഡറാണെന്ന വ്യാജേനയാണ് ഇവ രണ്ട് കണ്ടെയ്നറുകളിലായി എത്തിച്ചിരുന്നത്. ഒരു കണ്ടെയ്നറില്‍നിന്ന് 2000 കിലോ ഹെറോയിനും മറ്റൊരു കണ്ടെയ്നറില്‍നിന്ന് 1000 കിലോ ഹെറോയിനുമാണ് കണ്ടെടുത്തത്. 

ഗുജറാത്തില്‍ നടന്ന ലഹരി വേട്ടയുടെ തുടര്‍ച്ചയായി ഡല്‍ഹി, നോയിഡ, ചെന്നൈ, കോയമ്പത്തൂര്‍, അഹമ്മദാബാദ്, വിജയവാഡ തുടങ്ങിയ നഗരങ്ങളിലും പരിശോധന നടന്നിരുന്നു. ഡല്‍ഹിയിലെ ഗോഡൗണില്‍ നിന്നും നോയിഡയിലെ വീട്ടില്‍ നിന്നുമാണ് മയക്കുമരുന്ന് പിടിച്ചത്. 

രാജ്യത്തെ വലിയ മയക്കുമരുന്നുവേട്ടയാണ് കഴിഞ്ഞദിവസം മുന്ദ്രയിലെ അദാനി തുറമുഖത്ത് ഡി.ആര്‍.ഐ. നടത്തിയത്. അന്താരാഷ്ട്ര വിപണിയില്‍ 21,000 കോടിയോളം രൂപ വില മതിക്കുന്ന ലഹരിമരുന്നാണ് പിടികൂടിയത്. ടാല്‍ക്കം പൗഡര്‍ കയറ്റിവന്ന രണ്ട് കണ്ടെയ്‌നറുകളിലാണ് ഇത്രയും ഹെറോയിന്‍ കണ്ടെത്തിയത്. ഇറാനിലെ ബന്ദര്‍ അബ്ബാസ് തുറമുഖത്തുനിന്നുള്ള ഈ കണ്ടെയ്‌നറുകള്‍ വിജയവാഡയിലെ ആഷി ട്രേഡിങ് കമ്പനിയുടെ പേരിലുള്ളവയാണ്.

ഇതിനെ തുടര്‍ന്ന് കമ്പനി ഉടമസ്ഥരായ തമിഴ്നാട് സ്വദേശികള്‍ മച്ചാവരം സുധാകറിനെയും ഭാര്യ വൈശാലിയെയും ചെന്നൈയില്‍ അറസ്റ്റുചെയ്തു. ഇവരെ ഭുജ് കോടതി 10 ദിവസത്തേക്ക് ഡി.ആര്‍.ഐ. കസ്റ്റഡിയില്‍വിട്ടു. ഇവരറിയാതെ കണ്ടെയ്‌നറുകള്‍ മയക്കുമരുന്നുകടത്താന്‍ ഉപയോഗിക്കാനുള്ള സാധ്യതയും തള്ളിക്കളഞ്ഞിട്ടില്ല.

Content Highlights: Mundra Drug Haul: 37 Kgs Suspected Heroin, Cocaine Seized In Delhi, Noida