സഞ്ജയ് ഗാന്ധി മെമ്മോറിയൽ ആശുപത്രിയിൽ പ്രിയപ്പെട്ടവരുടെ മൃതദേഹത്തിനായി കാത്തിരിക്കുന്ന ബന്ധുക്കൾ, തീപ്പിടിത്തമുണ്ടായ കെട്ടിടം
ന്യൂഡല്‍ഹി: പടിഞ്ഞാറന്‍ ഡല്‍ഹിയിലെ മുണ്ട്കയിലുണ്ടായ ദുരന്തത്തിലേക്ക് വഴിവെച്ചത് കെട്ടിട ഉടമയില്നിന്നുണ്ടായ ഗുരുതര വീഴ്ചകളാണെന്ന് അഗ്നിരക്ഷാസേനാ മേധാവി അതുല്‍ ഗാര്‍ഗ് പറഞ്ഞു. സുരക്ഷാസംവിധാനങ്ങളൊന്നും പാലിക്കാതെ, മെട്രോ ലൈന്‍ കടന്നുപോകുന്ന ജനവാസമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറിക്ക് പലതവണ അഗ്നിരക്ഷസേനാവിഭാഗം നോട്ടീസ് നല്‍കിയിട്ടും ഉടമകള്‍ തിരുത്താന്‍ തയ്യാറായില്ല. കഴിഞ്ഞ ജനുവരിയിലും കെട്ടിടത്തില്‍ തീപ്പിടിത്തമുണ്ടായി. അന്ന് ആളപായമൊന്നുമുണ്ടായില്ലെങ്കിലും ഏറെപ്പേര്‍ക്ക് ശ്വാസതടസ്സമടക്കം ആരോഗ്യപ്രശ്നങ്ങളുണ്ടാവുകയും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഒരു വാതില്‍ മാത്രം
ഒരുപക്ഷേ, സുരക്ഷാക്രമീകരണങ്ങള്‍ പാലിച്ചിരുന്നെങ്കില്‍ വെള്ളിയാഴ്ചയുണ്ടായ അപകടം ഒഴിവാക്കാമായിരുന്നു. അകത്തേക്കും പുറത്തേക്കും കടക്കാനായി ഒരു വാതില്‍ മാത്രമാണ് കെട്ടിടത്തിനുണ്ടായിരുന്നത്. വെള്ളിയാഴ്ച വൈകീട്ട് മൂന്നരയോടെ കെട്ടിടത്തിന്റെ ആദ്യനിലയില്‍ സി.സി.ടി.വി., വൈ.ഫൈ. റൗട്ടര്‍ എന്നിവ നിര്‍മിക്കുന്ന കടയില്‍നിന്നാണ് തീയുയര്‍ന്നത്. ഈസമയം രണ്ടാംനിലയില്നടന്ന പൊതുയോഗത്തില്‍ പങ്കെടുക്കാനെത്തിയവരടക്കം മുന്നൂറോളംപേര്‍ കെട്ടിടത്തിലുണ്ടായിരുന്നു.
പ്രവൃത്തിദിവസമായിരുന്നതിനാലും ഓഫീസ് സമയം അവസാനിക്കാന്‍ സമയമുണ്ടായിരുന്നതിനാലും എല്ലാ നിലയിലും ഏറെ ആളുകളുണ്ടായിരുന്നു. പേടിച്ചരണ്ട ജനങ്ങള്‍ കെട്ടിടത്തില്‍നിന്ന് പുറത്തേക്കു കടക്കാനായി താഴേക്ക് ഓടിയെങ്കിലും പുകയും തീയും തടസ്സമായി. ഒപ്പം പടിക്കെട്ടിലേക്കും തീപടര്‍ന്നു. സി.സി.ടി.വി.യുണ്ടാക്കാനും മറ്റും സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് അസംസ്കൃതവസ്തുക്കളിലേക്ക് പടര്‍ന്നതോടെ തീ ആളിക്കത്തി. തീപിടിച്ച മൂന്നുനിലക്കെട്ടിടത്തില്നിന്ന് പ്രാണരക്ഷാര്‍ഥം ചാടുന്നവരുടെ ദൃശ്യങ്ങള്‍ ആരെയും ഉലച്ചുകളയുന്നതായിരുന്നു. ഒന്ന്, രണ്ട് നിലയില്‍നിന്നാണ് 20 മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രാത്രി വൈകിയാണ് മൂന്നാംനിലയിലേക്കു കടക്കാന്‍തന്നെ രക്ഷാപ്രവര്‍ത്തകര്‍ക്ക് സാധിച്ചത്. കനത്തപുകയില് പലര്‍ക്കും പുറത്തേക്കുപോകാന്‍ സാധിച്ചില്ലെന്നാണ് വിലയിരുത്തല്‍. ചില്ലിട്ട കെട്ടിടം പൂര്‍ണമായും അന്ധിക്കിരയായി.
അപകടത്തിനുപിന്നാലെ 10 ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി. തീ നിയന്ത്രണവിധേയമാക്കാന്‍ സാധിക്കാതെവന്നതോടെ 14 വാഹനങ്ങള്കൂടിയെത്തി. തുടര്‍ന്ന് ആറ് വാഹനങ്ങള്‍കൂടി സ്ഥലത്തെത്തി. ഇങ്ങനെ 30 അഗ്നിരക്ഷാവാഹനങ്ങള്‍ ചേര്‍ന്നാണ് തീ അണയ്ക്കാനുള്ള ശ്രമം നടത്തിയത്. ദേശീയ ദുരന്തനിവാരണ സേനയുള്‍പ്പെടെ രക്ഷാദൗത്യത്തിന് എത്തിച്ചേര്‍ന്നിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണോ അപകടമുണ്ടാക്കിയതെന്ന് അന്വേഷിച്ചുവരുകയാണെന്ന് അധികൃതര്‍ പറഞ്ഞു.
ഉടമകള്‍ക്കെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യയടക്കമുള്ള വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തു. സംഭവത്തില്‍ മജിസ്ട്രേറ്റ് തല അന്വേഷണവും ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റ പലരും ഇപ്പോഴും ഡല്‍ഹിയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുകയാണ്.
മൃതദേഹങ്ങള്‍ ചിതറിയനിലയില്‍
മൃതദേഹങ്ങളില്‍ ഭൂരിഭാഗവും ചിതറിയനിലയിലായിരുന്നു. ഒപ്പം ഫാക്ടറിയില്‍ അസംസ്കൃതവസ്തുവായി ഉപയോഗിക്കാന്‍ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക്കുകൂടി മൃതദേഹങ്ങളില്‍ ഉരുകിച്ചേര്ന്നതോടെ തിരിച്ചറിയാനാകാത്തവിധം വികൃതമായിമാറിയെന്നും സഞ്ജയ് ഗാന്ധി മെമ്മോറിയല്‍ ആശുപത്രിയിലെ അധികൃതര്‍ പറഞ്ഞു. എല്ലാ മൃതദേഹങ്ങളും ഡി.എന്‍.എ. പരിശോധനയ്ക്കുശേഷമേ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയുള്ളൂ.
മരിച്ചവരിലേറെയും വനിതാ ജീവനക്കാര്‍
മുണ്ട്കയിലെ തീപ്പിടിത്തത്തില്‍ മരിച്ചവരിലേറെയും മുപ്പത് വയസ്സിന് താഴെയുള്ള വനിതകളാണ്. കെട്ടിടത്തിലെ രണ്ടാംനിലയിലെ കൊഫെ ഇംപെക്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലെ ജീവനക്കാരായിരുന്നു ഈ വനിതകള്‍. സി.സി.ടി.വി., വൈ.ഫൈ. റൗട്ടര്‍ എന്നിവയുടെ ഭാഗങ്ങള്‍ സംയോജിപ്പിച്ച് പൂര്ണനിലയിലാക്കുന്ന പ്രവൃത്തികളിലേര്പ്പെടുന്നവരായിരുന്നു ഇവര്‍. ഇവരുെട ഏറ്റവും കൂടിയ പ്രതിമാസ വരുമാനം ആറായിരം രൂപയാണ്. ഈ വരുമാനത്തിലാണ് അന്‍പതോളം കുടുംബങ്ങള്‍ കഴിഞ്ഞിരുന്നത്.
അഗ്നിരക്ഷാ സേന എത്താന്‍ വൈകി
മുണ്ട്കയിലെ തീപ്പിടിത്തത്തില്‍ രക്ഷാപ്രവര്‍ത്തനം വൈകിയെന്നാരോപണം. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെ തീപ്പിടിത്തമുണ്ടായെങ്കിലും അഗ്നിരക്ഷാ സേന എത്തിയത് നാലേമുക്കാലോടെയാണെന്ന് പ്രദേശവാസി രാകേഷ് ഗുപ്ത പറഞ്ഞു. തീ പടരുന്നതിനിടെ സമീപത്തുകൂടിപ്പോയ ട്രക്ക്-ക്രെയിന്‍ ഡ്രൈവര്‍മാരും നാട്ടുകാരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
കെട്ടിടത്തിന്റെ മുകള്‍നിലകളില്‍ കുടുങ്ങിയവരില്‍ ചിലരെ ക്രെയിനുപയോഗിച്ചാണ് താഴെയിറക്കിയത്. ആളുകളെ സുരക്ഷിതമായി പുറത്തെത്തിക്കുന്നതിനുപകരം, കെട്ടിടത്തിന് സമീപമുള്ള മെട്രോ റെയില്പ്പാതയിലേക്ക്് തീ പടരാതിരിക്കാനാണ് അഗ്നിരക്ഷാ സേന ആദ്യം ശ്രമിച്ചെതെന്നും നാട്ടുകാര്‍ പറഞ്ഞു. ഇത് മരണസംഖ്യ ഉയരാന്‍ കാരണമായെന്നും ആരോപണമുണ്ട്. നാട്ടുകാര്‍ ഹോസ് ഉപയോഗിച്ച് വെള്ളം ചീറ്റിയും മറ്റും തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. തീപ്പിടിത്തമുണ്ടായ കെട്ടിടത്തില്‍ ലിഫ്റ്റ് സൗകര്യം ഇല്ലാത്തതിനാല്‍ ചില്ലുതകര്‍ത്തും നാട്ടുകാര്‍ ആളുകളെ രക്ഷപ്പെടുത്തി.
കെട്ടിടത്തിന്റെ വിവരങ്ങള്‍ തേടി കോര്പ്പറേഷന്
ന്യൂഡല്‍ഹി: മുണ്ട്കയില്‍ തീപിടിച്ച കെട്ടിടത്തിന്റെ വിശദാംശങ്ങള്‍തേടി വടക്കന്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്പ്പറേഷന്. കെട്ടിട വിസ്തീര്‍ണം, പഴക്കം, കെട്ടിടാനുമതികള്‍ തുടങ്ങിയ വിശദാംശങ്ങളടങ്ങിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോര്പ്പറേഷന് നിര്‍ദേശിച്ചു. നരേല സോണ്‍ അധികൃതര്‍ 48 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ടുനല്‍കണം. വിഷയം ഏറെ ഗൗരവത്തോടെ കാണമെന്ന് എം.സി.ഡി. കമ്മിഷണര്‍ സഞ്ജയ് ഗോയല്‍ ആവശ്യപ്പെട്ടു.
ഇവിടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോഴാണോ തീ പിടിച്ചത്, കെട്ടിട രൂപരേഖയ്ക്ക് അനുമതി ഉണ്ടായിരുന്നോ, അഗ്നിരക്ഷാസേനയുടെ എതിര്‍പ്പില്ലാരേഖ ലഭിച്ചിട്ടുണ്ടോ എന്നിങ്ങനെ വിവരങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഫാക്ടറി ലൈസന്‍സ്, വ്യാപാര ലൈസന്‍സ്, വസ്തുനികുതി, കെട്ടിടത്തിന്റെ നിയമലംഘനങ്ങള്‍ തുടങ്ങിയ വിവരങ്ങളും സമര്‍പ്പിക്കണം.
മോര്‍ച്ചറിക്കുമുന്നില്‍ നിലയ്ക്കാത്ത വിലാപങ്ങള്‍
വെള്ളിയാഴ്ച രാത്രി മുതല്‍ സഞ്ജയ് ഗാന്ധി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് ജനങ്ങളുടെ ഒഴുക്കാണ്. മുണ്ട്കയിലെ തീപ്പിടിത്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങളും പരിക്കേറ്റവരെയും രാത്രിയോടെ ആശുപത്രിയിലെത്തിച്ചിരുന്നു. പരിക്കേറ്റവരില്‍ ഉറ്റവരുണ്ടാകണേ എന്ന പ്രാര്‍ഥനയോടെ തിരഞ്ഞുനടന്നതിനുശേഷം നിരാശയോടെ മോര്‍ച്ചറിക്കുമുന്നില്‍ കാത്തു നില്‍ക്കുകയായിരുന്നു പലരും. ലഭിച്ച മുപ്പത് മൃതദേഹങ്ങളില്‍ ഇരുപത്തിയഞ്ചും കത്തിക്കരിഞ്ഞ് വികൃതമായ നിലയിലാണ്. പല മൃതദേഹങ്ങളും അപൂര്‍ണമാണ്. തങ്ങളുടെ ഉറ്റവരുടേതാണോ ഇതെന്ന് പരിശോധിക്കാന്‍പോലും ഇവര്‍ക്ക് ത്രാണിയില്ല.
തന്റെ മൂത്തമകള്‍ പൂജ (19) എവിടെയാണെന്നറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സുമന്. ഇടയ്ക്കിടെ ദുഃഖം താങ്ങാനാകാതെ അവര്‍ അലമുറയിടും. അമ്മയെ സമാധാനിപ്പിച്ച് ഇളയ മകള്‍ പിങ്കിയും (18) സമീപത്തുണ്ട്. തന്റെ കുടുംബത്തിന്റെ ഏകാശ്രയമായിരുന്നു പൂജ -സുമന് പറഞ്ഞു. ഒരു വര്‍ഷമായി ഫാക്ടറിയില്‍ ജോലിചെയ്യുന്നുണ്ട്. അമ്മ ജോലിക്കുപോകണ്ട താന്‍ പണം സമ്പാദിക്കാമെന്ന് അവള് പറയാറുണ്ടായിരുന്നു. അവളുടെ അച്ഛന് 2012-ല്‍ മരിച്ചു. ഞാന്‍ വീട്ടുജോലി ചെയ്ത് തുച്ഛമായ തുകയാണ് സമ്പാദിച്ചിരുന്നത്. പക്ഷേ, ജോലി കിട്ടിയതുമുതല്‍ പൂജ എല്ലാം കൈകാര്യം ചെയ്യുമായിരുന്നു -സുമന് പറഞ്ഞു.
മാധ്യമവാര്ത്തയില്നിന്നാണ് തീപ്പിടിത്തത്തെക്കുറിച്ച് അറിഞ്ഞതെന്ന് ആശയുടെ ഭര്‍ത്താവ് സുരേഷ് പറഞ്ഞു. ആശയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയി തുടരുന്നു. കുട്ടികള്‍ ആശയ്ക്കായി കാത്തിരിക്കുകയാണ് വീട്ടില്‍. അവരോട് താനെന്തു പറയുമെന്ന് നെഞ്ചുതകര്‍ന്ന വേദനയില്‍ സുരേഷ് ചോദിക്കുന്നു.
പ്രതിശ്രുത വധുവിനെ തേടി കുമാര്‍
''ഈ വര്‍ഷം നവംബറില്‍ ഞാന്‍ അവളെ വിവാഹം കഴിക്കേണ്ടതായിരുന്നു'' -കണ്ണീര് കവിളിലൂടെ ഒഴുകുമ്പോള്‍ മുപ്പതുകാരനായ കുമാര്‍ ശ്വാസംമുട്ടുന്ന ശബ്ദത്തില്‍ പറഞ്ഞു. കുമാറിന്റെ പ്രതിശ്രുതവധു ദൃഷ്ടി ദുരന്തത്തില്‍ മരിച്ചെങ്കിലും മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ബന്ധു ജതിന് പറഞ്ഞു. ''അവള് മുണ്ട്കയിലെ കെട്ടിടത്തിലാണ് ജോലി ചെയ്തിരുന്നത്. ഇന്നലെ വൈകുന്നേരം 5.30-ഓടെ സംഭവത്തെക്കുറിച്ച് ഞങ്ങള്‍ അറിഞ്ഞു, ലുധിയാനയില്‍നിന്ന് ഡല്‍ഹിയിലേക്ക് കുതിച്ചു. കുടുംബം മുഴുവന്‍ ഞെട്ടലിലാണ്''-ജതിന് പറഞ്ഞു.
തീപ്പിടിത്തം: കാല്‍നൂറ്റാണ്ടിനിടയില്‍ മരിച്ചത് 250-ലേറെപ്പേര്‍
വെള്ളിയാഴ്ച മുണ്ട്കയിലെ കെട്ടിടത്തിലുണ്ടായത് കാല്‍നൂറ്റാണ്ടിനിടയിലെ വലിയ തീപ്പിടിത്തങ്ങളിലൊന്ന്. മാനദണ്ഡങ്ങള്‍ പാലിക്കാതെയും അനുമതിയില്ലാതെയും പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍, അഗ്നിസുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തത, അനധികൃത ഫാക്ടറികള്‍... തലസ്ഥാനത്ത് തുടര്‍ക്കഥയാകുന്ന തീപ്പിടിത്തസംഭവങ്ങള്ക്ക് കാരണങ്ങള്‍ അങ്ങനെ ഒട്ടേറെയാണ്. കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഡല്‍ഹിയിലെ തീപ്പിടിത്തങ്ങളില്‍ ജീവന് നഷ്ടമായത് 250-ലേറെ പേര്‍ക്കെന്നാണ് അനൗദ്യോഗിക കണക്ക്.
1997 - ഉപഹാര്‍ തിയേറ്റര്‍ ദുരന്തം: ഗ്രീന്‍ പാര്‍ക്കിലെ ഉപഹാര്‍ സിനിമാ തിയേറ്ററില്‍ 1997 ജൂണ്‍ 13-നുണ്ടായ വന്‍ തീപ്പിടിത്തത്തില്‍ മരിച്ചത് 59 പേരെന്നാണ് കണക്ക്. ബോളിവുഡ് ചിത്രം 'ബോര്‍ഡറി'ന്റെ പ്രദര്‍ശനത്തിനിടെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു അപകടം. നൂറിലേറെപ്പേര്‍ക്ക് സംഭവത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഒരു മാസംമുമ്പ് തിയേറ്ററില്‍ വീണ്ടും തീപ്പിടിത്തമുണ്ടായെങ്കിലും ആളപായമില്ലായിരുന്നു.
2011 - നന്ദ് നഗ്രിയില്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ക്കായി സംഘടിപ്പിച്ച യോഗത്തിനിടെ തീപ്പിടിത്തമുണ്ടായി. 14 പേര് മരിക്കുകയും 30-ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിപാടിയില്‍ പതിനായിരത്തോളം പേര് പങ്കെടുത്തിരുന്നു.
2017 - ജൂലായില്‍ ദില്‍ഷാദ് ഗാര്‍ഡനിലെ നാലുനില കെട്ടിടത്തില്‍ പുലര്‍ച്ചെയുണ്ടായ തീപ്പിടിത്തത്തില്‍ രണ്ടു കുട്ടികളടക്കം ഒരു കുടുംബത്തിലെ നാലുപേര്‍ ശ്വാസംമുട്ടി മരിക്കുകയും മറ്റ് രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
2018 - 1) ഏപ്രിലില്‍ കൊഹാട്ട് എന്‍ക്ലേവിലെ കെട്ടിടത്തില്‍ തീപ്പിടിത്തമുണ്ടായി ദമ്പതിമാരും രണ്ടു കുട്ടികളും മരിച്ചു. 2) തൊട്ടടടുത്ത ആഴ്ച, ഷഹ്ദാരയിലെ 300 കുടിലുകള്‍ കത്തുകയും പെണ്‍കുട്ടി മരിക്കുകയും ചെയ്തു. 3) നവംബറില്‍ കരോള്‍ ബാഗിലെ ഒരു ഫാക്ടറിയിലുണ്ടായ തീപ്പിടിത്തത്തില്‍ നാലുപേര്‍ വെന്തുമരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 4) ബവാനയിലെ പടക്കനിര്‍മാണ യൂണിറ്റിലുണ്ടായ മറ്റൊരു തീപ്പിടിത്തത്തില്‍ 10 സ്ത്രീകളടക്കം 17 പേര്‍ക്ക് ജീവന് നഷ്ടമായി. 5) കൊഹാത് എന്‍ക്ലേവിലും ഷഹ്ദാരയിലെ മാനസസരോവര്‍ പാര്‍ക്കിലുമുണ്ടായ രണ്ട് വ്യത്യസ്ത തീപ്പിടിത്തങ്ങളില്‍ അഞ്ചുപേര്‍ മരിച്ചു.
2019- 1) ഫെബ്രുവരിയില്‍, കരോള്‍ ബാഗിലെ നാല് നിലകളിലായി പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ പുലര്‍ച്ചെയുണ്ടായ വന്‍ തീപ്പിടിത്തത്തില്‍, പ്രാണരക്ഷാര്‍ഥം കെട്ടിടത്തില്‍നിന്ന് ചാടിയ രണ്ടുപേര്‍ ഉള്‍പ്പെടെ 17 അതിഥികള്‍ മരിച്ചു. 2) ഓഗസ്റ്റില്‍, തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ സാക്കിര്‍ നഗര്‍ പ്രദേശത്തെ കെട്ടിടത്തില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിനെത്തുടര്‍ന്നുണ്ടായ തീപ്പിടിത്തത്തില്‍ മൂന്ന് കുട്ടികളടക്കം ആറുപേര്‍ മരിക്കുകയും 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 3) നവംബറില്‍ നരേലയിലെ പാദരക്ഷാ ഫാക്ടറിയില്‍ തീപ്പിടിത്തമുണ്ടായി ഒരു സെക്യൂരിറ്റി ജീവനക്കാരനും ഒരു തൊഴിലാളിയും മരിച്ചു. തീപ്പിടിത്തത്തിന് നാല് ദിവസത്തിനുശേഷമാണ് രണ്ടാമത്തെ മൃതദേഹം കണ്ടെടുത്തത്. 4) ഡിസംബറില്‍ അനജ് മണ്ഡിയിലുണ്ടായ തീപ്പിടിത്തത്തില്‍ 44 പേര് കൊല്ലപ്പെട്ടു. 5) അനജ് മണ്ഡി തീപ്പിടിത്തത്തിന് ദിവസങ്ങള്‍ക്കുള്ളില്‍ കിരാരി ഏരിയയില്‍ മൂന്ന് നിലകളുള്ള കെട്ടിടത്തില്‍ തീപ്പിടിത്തമുണ്ടാവുകയും മൂന്ന് കുട്ടികളടക്കം ഒമ്പതുപേര്‍ മരിക്കുകയും ചെയ്തു.
2022 - മാര്‍ച്ചില്‍ ഗോകുമ്പൂരിയിലെ കുടിലുകള്‍ക്ക് തീപിടിച്ച് ഏഴുപേര്‍ മരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..