റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി| Photo: AFP
മുംബൈ: മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ സന്യാസിമാര്‍ കൊലചെയ്യപ്പെട്ട സംഭവത്തെക്കുറിച്ച് ചാനല്‍ ചര്‍ച്ചക്കിടെ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്ക് മുംബൈ പോലീസിന്റെ നോട്ടീസ്.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 108-ാം വകുപ്പുപ്രകാരമാണ് നോട്ടീസ് അയച്ചിരിക്കുന്നത്. വെള്ളിയാഴ്ച വൈകീട്ട് നാലുമണിക്ക് സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെയും അസിസ്റ്റന്റ് കമ്മിഷണര്‍ ഓഫ് പോലീസിന്റെയും മുമ്പാകെ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
പാല്‍ഘര്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 21-ന് 'പൂഛ്താ ഹേ ഭാരത്' (ഇന്ത്യ ചോദിക്കുന്നു) എന്ന പേരില്‍ അര്‍ണബ് ഗോസ്വാമി ചാനലില്‍ ഒരു പരിപാടി നടത്തിയിരുന്നു. ഈ പരിപാടിക്കിടയില്‍ ഹിന്ദുവായിയിരിക്കുന്നതും, കാവി വസ്ത്രം ധരിക്കുന്നതും കുറ്റമാണോയെന്നും ഇരകള്‍ ഹിന്ദുക്കളല്ലായിരുന്നെങ്കില്‍ ആളുകള്‍ നിശബ്ദരായിരിക്കുമോയെന്നും ചോദിച്ചിരുന്നു.
കലാപത്തിന് പ്രകോപനം നല്‍കുക, വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുക തുടങ്ങി ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പുകളാണ് അര്‍ണബിനെതിരെ ചുമത്തിയിരിക്കുന്നത്.
അര്‍ണബിന്റെ പരാമര്‍ശം ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുളള സാമുദായിക സ്പര്‍ധയ്ക്ക് ഇടയാക്കാവുന്നതാണെന്നും ആ യുട്യൂബ് വീഡിയോ ശക്തമായ പ്രതികരണങ്ങളാണ് ഉണ്ടാക്കിയതെന്നും നോട്ടീസില്‍ പറയുന്നു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അക്രമങ്ങളൊന്നും ഉണ്ടായില്ല. എന്നാല്‍ പ്രതികരണങ്ങള്‍ സാമുദായിക ഐക്യത്തിനും ക്രമസമാധാനത്തിനും ഭീഷണിയുയര്‍ത്തുന്നതാണെന്നും അതിനാല്‍ നടപടി അനിവാര്യമാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ലോക്ഡൗണ്‍ കാലത്ത് ബാന്ദ്ര റെയില്‍വേ സ്റ്റേഷന് പുറത്ത് തടിച്ചുകൂടിയ കുടിയേറ്റ തൊഴിലാളികളെ കുറിച്ച് പ്രകോപനപരമായ പരാമര്‍ശങ്ങള്‍ അര്‍ണബ് നടത്തിയതായി നോട്ടീസില്‍ പറയുന്നുണ്ട്. ഈ സംഭവത്തിലും അര്‍ണബിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയിതിട്ടുണ്ട്.
ടെലിവിഷന്‍ റേറ്റിങ്ങുകളില്‍ കൃത്രിമം കാണിച്ചു എന്നാരോപിച്ച് റിപ്പബ്ലിക് ടിവി ഉള്‍പ്പടെ ചില ചാനലുകള്‍ക്കെതിരെ മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
Content Highlights:Mumbai police sent notice to Arnab Goswami
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..