മുംബൈ: കോവിഡ് വ്യാപനം പിടിച്ചുനിര്‍ത്താന്‍ മുംബൈ നഗരത്തില്‍ ഭാഗിക ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ആലോചിക്കുന്നു. നഗരത്തില്‍ പുതിയ കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് കടുത്ത നിയന്ത്രണങ്ങളിലേക്ക് സര്‍ക്കാര്‍ കടക്കുന്നത്.

ഏട്ട് മുതല്‍ 10 ദിവസത്തിനുള്ളില്‍ മുംബൈയിലെ കോവിഡ് കേസുകള്‍ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചില്ലെങ്കില്‍ ഭാഗിക ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയേക്കുമെന്ന് മന്ത്രി അസ്ലം ഷെയ്ക്ക് ഒരു ദേശീയ മാധ്യമത്തോട് വ്യക്തമാക്കി. രോഗവ്യാപനം വര്‍ധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. 

മുഖാവരണം ധരിക്കാത്തവരില്‍ നിന്നും ഹാളുകളിലും പമ്പുകളിലും കൂട്ടംകൂടുന്നവരില്‍ നിന്നും പിഴ ഈടാക്കിക്കൊണ്ട് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി രോഗവ്യാപനം നിയന്ത്രിക്കാനാണ് സര്‍ക്കാര്‍ ആദ്യം ശ്രമിക്കുകയെന്ന് അസ്ലം ഷെയ്ക്ക് വ്യക്തമാക്കി. കര്‍ശന  ക്വാറന്റീന്‍, കോവിഡ് പരിശോധന വര്‍ധിപ്പിക്കുക, വാക്‌സിനേഷന്റെ വേഗത വര്‍ധിപ്പിക്കുക എന്നിവയാണ് മറ്റ് മാര്‍ഗങ്ങള്‍. എന്നിട്ടും നഗരത്തിലെ പുതിയ കേസുകള്‍ വര്‍ധിക്കുകയാണെങ്കില്‍ ഭാഗിക ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നുമെന്നും അദ്ദേഹം വ്യക്തമാക്കി. 

അതേസമയം നഗരത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പദ്ധതിയില്ലെന്ന് ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിങ്കളാഴ്ച അറിയിച്ചു. 

ഞായറാഴ്ച 11,141 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1361 രോഗികളും മുംബൈയില്‍ നിന്നാണ്. കഴിഞ്ഞ 131 ദിവസത്തിനിടെ നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. രോഗവ്യാപനം ഇതേരീതിയില്‍ തുടര്‍ന്നാല്‍ ഏപ്രില്‍ മാസത്തോടെ ചികിത്സയിലുള്ള രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്നേക്കുമെന്നും ആശങ്കയുണ്ട്. കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യം പരിശോധിക്കാന്‍ കേന്ദ്രസംഘവും ഉടന്‍ മഹാരാഷ്ട്രയിലെത്തും.

content highlights: Mumbai May See Partial Lockdown if Covid Cases Don't Reduce in 10 Days, Says Guardian Minister