മുംബൈ: രോഗിയെയും കൊണ്ട് സ്‌കാനിങ് മുറിയില്‍ കടന്ന ബന്ധുവായ യുവാവിന് എം.ആര്‍.ഐ മെഷിനില്‍ കുടുങ്ങി ദാരുണ മരണം. സ്‌കാനിങ് മെഷിന് അരികിലേക്ക് ഒക്‌സിജന്‍ സിലിണ്ടറുമായി ചെന്നതാണ് രാജേഷ് മരുവിന്റെ മരണത്തില്‍ കലാശിച്ചത്. ബി.വൈ.എല്‍ നായര്‍ ചാരിറ്റബിള്‍ ആസ്പത്രിയിലായിരുന്നു സംഭവം. ആസ്പത്രിയിലെ സുരക്ഷാപിഴവാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

വാര്‍ഡില്‍ ജോലിക്ക് നില്‍ക്കുന്നയാള്‍ പറഞ്ഞതുകൊണ്ടാണ് ഓക്‌സിജന്‍ സിലിണ്ടറുമായി ബന്ധുവുമൊത്ത് മരു സ്‌കാനിങ് മുറിയിലേക്ക് കടന്നത്. ഓക്‌സിജന്‍ സിലിന്‍ഡറിനെ സ്‌കാനിങ് മെഷിന് ഉള്ളില്ലുള്ള കാന്തിക വലയം വലിച്ചെടുക്കുകയായിരുന്നു. ഉടന്‍ തന്നെ ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. 

സിലിന്‍ഡിറിനൊപ്പം മിഷനില്‍ കുടുങ്ങിപ്പോയതാണ് യുവാവിന്റെ മരണത്തിന് കാരണം. മുറിയിലുണ്ടായിരുന്നവര്‍ ഇയാളെ മെഷിനില്‍ നിന്ന് വേര്‍പെടുത്തിയപ്പോഴേക്കും രക്തം ഒരുപാടു വാര്‍ന്നു പോയിരുന്നു. ഉടനെ അത്യാസന്ന വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും പത്തുമിനുട്ടിനുള്ളില്‍ മരണം സംഭവിച്ചു.