മുംബൈ: രാജ്യത്ത് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്കുള്ള ഹോം ക്വാറന്റീന്‍ നിബന്ധനകള്‍ കര്‍ശനമാക്കി മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍. ക്വാറന്റീന്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഹൗസിങ് സൊസൈറ്റികള്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കി. 

നിബന്ധനകള്‍ ലംഘിക്കുന്നവര്‍ക്കെതിരേ ദുരന്ത നിവാരണ നിയമം 2005, പകര്‍ച്ചവ്യാധി നിയമം 1897 എന്നിവ പ്രകാരം കേസെടുക്കും. വിദേശത്ത് നിന്നെത്തി ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കായുള്ള മാര്‍ഗരേഖയും പുറത്തിറക്കി.

At Risk, High Risk രാജ്യങ്ങളില്‍ നിന്നെത്തുന്നവരുടേയും കഴിഞ്ഞ 15 ദിവസത്തിനിടെ ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് തിരിച്ചെത്തിയ മുംബൈ സ്വദേശികളുടെയും പട്ടിക എല്ലാ ദിവസവും മുംബൈ എയര്‍പോര്‍ട്ട് അധികൃതര്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ക്ക് കൈമാറും. പട്ടികയിലുള്ളവരെ വാര്‍ റൂം ജീവനക്കാരുടെ സഹായത്തോടെ കണ്ടെത്തും. 

ഹോം ക്വാറന്റീനില്‍ കഴിയുന്നവരെ വാര്‍ഡ് വാര്‍ റൂം ജീവനക്കാര്‍ പ്രതിദിനം അഞ്ച് തവണ ഫോണിലൂടെ ബന്ധപ്പെട്ട് ആരോഗ്യവിവരങ്ങള്‍ തേടും. നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ജീവനക്കാര്‍ ക്വാറന്റീനില്‍ കഴിയുന്നവരെ നേരിട്ടും സന്ദര്‍ശിക്കും. ക്വാറന്റീന്‍ നിയമങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയാല്‍ ഈ വിവരം ഹൗസിങ് സൊസൈറ്റികള്‍ക്ക് വാര്‍ഡ് വാര്‍ റൂം അധികൃതരെ അറിയിക്കാം. ഏഴ് ദിവസത്തെ ക്വാറന്റീന് ശേഷം ആര്‍ടിപിസിആര്‍ പരിശോധന നടത്തേണ്ടതാണ്. അതിനിടെ ഏതെങ്കിലും തരത്തിലുള്ള ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഇവരെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തിലുള്ള ആശുപത്രിയിലേക്ക് മാറ്റുമെന്നും ബിഎംസി അറിയിച്ചു. 

മുംബൈയില്‍ ഒമൈക്രോണ്‍ വകഭേദത്തിന്റെ വ്യാപനം തടയുകയാണ് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് മുംബൈ മുനിസിപ്പല്‍ കമ്മീഷണര്‍ ഇഖ്ബാല്‍ സിംഗ് ചാഹല്‍ പറഞ്ഞു.

At Risk രാജ്യങ്ങളില്‍ നിന്ന് മുംബൈയിലെത്തിയ 14 യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ ബാധിച്ചത് ഒമിക്രോണ്‍ വകഭേദം ആണോ എന്ന് കണ്ടെത്താനായുള്ള പരിശോധനയ്ക്കായി സാംപിളുകള്‍ അയച്ചിട്ടുണ്ട്. 

Content Highlights: Mumbai issues new home quarantine rules amid Omicron threat