പ്രതീകാത്മക ചിത്രം | AFP
മുംബൈ: കോവിഡ്-19 ഗുരുതരമല്ലാത്ത രോഗികളെ ചികിത്സിക്കാന്‍ മുംബൈയിൽ ആഡംബര ഹോട്ടലുകള്‍ ഉപയോഗിക്കും. തീവ്രപരിചരണം ആവശ്യമുള്ള രോഗികള്‍ക്ക് ആശുപത്രികളിലെ വിദഗ്ധസൗകര്യങ്ങള് പരമാവധി ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ ഗുരുതരാവസ്ഥയിലല്ലാത്ത രോഗികള്‍ക്കായി താത്ക്കാലിക ചികിത്സാകേന്ദ്രങ്ങള്‍ ഒരുക്കുന്നത്. നഗരത്തിലെ രണ്ട് ആഡംബര ഹോട്ടലുകള്‍ രണ്ട് സ്വകാര്യആശുപത്രികളുടെ ഭാഗമായി ഇന്ന് പ്രവര്‍ത്തനമാരംഭിക്കുമെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചു.
മിതമായ ചികിത്സ ആവശ്യമുള്ള രോഗികളെ ആശുപത്രികളില്‍ നിന്ന് ഇത്തരത്തിലുള്ള താത്ക്കാലിക ചികിത്സാകേന്ദ്രങ്ങളിലേക്ക് മാറ്റാനാണ് ഒരുങ്ങുന്നത്. ഹോട്ടലുടമകളുമായി ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമായിരിക്കും രോഗികളെ താത്ക്കാലിക ചികിത്സാകേന്ദ്രങ്ങളിലേക്ക് മാറ്റുന്നത്. ചുരുങ്ങിയത് ഇരുപത് മുറികളെങ്കിലുമുള്ള ഹോട്ടലുകളില്‍ ഡോക്ടര്‍മാരെ സന്ദര്‍ശിക്കാനുള്ള സൗകര്യം, നഴ്സുമാരുടെ സേവനം, മരുന്നുകള്‍, ആംബുലന്‍സ് സൗകര്യം എന്നിവ ഉണ്ടായിരിക്കും.
ഹോട്ടലുകളിലൊരുക്കുന്ന ചികിത്സാസൗകര്യത്തിന് ഒരു മുറിയ്ക്ക് 4000 രൂപ സ്വകാര്യ ആശുപത്രികള്‍ക്ക് ഈടാക്കാം. രോഗിക്കൊപ്പം ആരെങ്കിലും താമസിക്കുന്നെങ്കില്‍ 6000 രൂപ ആശുപത്രികള്‍ക്ക് ഈടാക്കാവുന്നതാണ്. ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത രോഗികള്‍ക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താവുന്നത്. ഹോട്ടലുകളും ആശുപത്രികളുമായി തമ്മില്‍ വ്യക്തവും കൃത്യവുമായ ധാരണയും സഹവര്‍ത്തിത്വവും ആവശ്യമാണെന്ന് ബിഎംസി പറഞ്ഞു. ചികിത്സ ആവശ്യമുള്ള രോഗികള്‍ക്ക് അത് ഉറപ്പുവരുത്താനാണ് ഈ സൗകര്യമൊരുക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.
കോവിഡിന്റെ രണ്ടാം തരംഗത്തില്‍ മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം കുത്തനെ വര്‍ധിക്കുന്നതിനിടെ രോഗികള്‍ക്ക് ചികിത്സാസൗകര്യം ഉറപ്പാക്കാന്‍ ഭരണകൂടം പാടുപെടുകയാണ്. മുംബൈയില്‍ മാത്രം 9,931 പുതിയ കോവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. 54 പേര് കോവിഡ് മൂലം മരിച്ചു. പ്രമുഖ സ്വകാര്യ ആശുപത്രികളിലെ ചികിത്സാസൗകര്യം കോവിഡ് രോഗികള്‍ക്കായി നീക്കി വെക്കാനാണ് അധികൃതരുടെ തീരുമാനം.
Content Highlights: Mumbai Hospitals To Use 5 Star Hotels To Treat Mild Covid Patients
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..