മുബൈ:  രാത്രി മുഴുവന്‍ നീണ്ടു നിന്ന കനത്ത മഴയെ തുടര്‍ന്ന് മുബൈയില്‍ വെള്ളപ്പൊക്കം. നഗരത്തില്‍ മിക്ക ഭാഗങ്ങളിലെയും ട്രെയിന്‍ റോഡ് ഗതാഗതം താറുമാറായിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുംബൈയുടെ പറിഞ്ഞാറന്‍ പ്രദേശങ്ങളില്‍ 150 -200 മില്ലിമീറ്റര്‍ മഴ ആണ് ലഭിച്ചത്.

അടുത്ത 24 മണിക്കൂറിനുള്ളില്‍ നഗരത്തില്‍ കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്‌.

നഗരത്തിലെ റോഡുകളില്‍ മുട്ടറ്റമുള്ള വെള്ളത്തിലൂടെയാണ് യാത്രക്കാര്‍ സഞ്ചരിക്കുന്നത്. കൊറോണയുടെ പശ്ചാത്തലത്തില്‍ സാമൂഹ്യ അകലം പോലെയുള്ള മാനദണ്ഡങ്ങള്‍ക്ക് വെള്ളപ്പൊക്കം വിലങ്ങുതടിയാകുമെന്ന ആശങ്ക ഉയരുന്നുണ്ട്.
 
വെള്ളം കയറിയതോടെ സെന്‍ട്രല്‍, ഹാര്‍ബര്‍ ലൈനുകളിലെ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്ന് മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍  ബിഎംസി ട്വീറ്റ് ചെയ്തു.

ഗാതഗതവും വൈദ്യുതിയും മുടങ്ങുമെന്നതിനാല്‍ അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

കനത്ത മഴ തുടരുമെന്നതിനാല്‍ വളരെ പഴയ കെട്ടിടങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും കാലവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു  നല്‍കുന്നു.

Content Highlight: Mumbai flooded after heavy rain