മുംബൈ: നഗരത്തില്‍ ഓക്‌സിജന്‍ കിടക്ക വേണ്ടിവന്ന 1900 കോവിഡ് രോഗികളില്‍ 96 ശതമാനവും ഒരു ഡോസ് വാക്‌സിന്‍ പോലും സ്വീകരിക്കാത്തവര്‍. തദ്ദേശ സ്ഥാപനങ്ങളുടെ പക്കലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) കമ്മീഷണര്‍ ഇക്ബാല്‍ ഛഹല്‍ വ്യക്തമാക്കിയതാണ് ഇക്കാര്യം.

മുംബൈയിലെ 186 ആശുപത്രികളില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരില്‍ ഓക്‌സിജന്‍ കിടക്കകള്‍ വേണ്ടിവന്നവരില്‍ 96 ശതമാനം പേരും ഒരു ഡോസ് വാക്‌സിന്‍ പോലും സ്വീകരിക്കാത്തവരാണ്. വാക്‌സിനെടുത്തവര്‍ക്ക് കോവിഡ് ബാധിച്ചാലും തീവ്രപരിചരണ വിഭാഗ (ഐസിയു) ത്തില്‍ പ്രവേശിപ്പിക്കേണ്ടി വരുന്നവിധം രോഗം മൂര്‍ഛിക്കില്ലെന്നാണ് നിലവിലെ സ്ഥിതിയില്‍ കാണാന്‍ കഴിയുന്നത്. എന്നാല്‍, കോവിഡിന്റെ ഒമിക്രോണ്‍ വകഭേദത്തെ സാധാരണ പനിപോലെ ആരും നിസാരമായി കാണരുതെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. കോവിഡ് വാക്‌സിന്‍ എടുക്കാത്തപക്ഷം ഒമിക്രോണ്‍ ബാധ രോഗിയെ ഐസിയുവില്‍ പ്രവേശിപ്പിക്കേണ്ട സ്ഥിതിയിലെത്താം.

ആശുപത്രിയില്‍ എത്തുന്ന രോഗികളുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുകയും ഓക്‌സിജന്‍ കിടക്കകളുടെ ആവശ്യം പെട്ടെന്ന് വര്‍ധിക്കുകയും ചെയ്താല്‍ മാത്രമെ മുംബൈയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെപ്പറ്റി ചിന്തിക്കൂ. മുംബൈയില്‍ നിലവില്‍ ഒരു ലക്ഷത്തിലധികം ആക്ടീവ് കേസുകള്‍ ഉണ്ടെങ്കിലും പത്ത് ടണ്‍ ഓക്‌സിജന്‍ മാത്രമെ ഇതുവരെ ഉപയോഗിക്കേണ്ടി വന്നൊള്ളൂ. കോവിഡിന്റെ രണ്ടാം തരംഗത്തിനിടെ ബിഎംസി ഓക്‌സിജന്‍ സ്വന്തമായി ഉത്പാദിപ്പിച്ചിരുന്നില്ല. എന്നാല്‍ ഇന്നത്തെ സ്ഥിതി അതല്ല. 400 ടണ്‍ ഓക്‌സിജനാണ് ബിഎംസി സംഭരിച്ചിട്ടുള്ളത്.  ഇതില്‍ 200 ടണ്‍ ബിഎംസി സ്വന്തമായി ഉത്പാദിപ്പിച്ചതാണ്. ഇതില്‍തന്നെ പത്ത് ടണ്‍ ഓക്‌സിജന്‍ മാത്രമാണ് ഇതുവരെ ഉപയോഗിക്കേണ്ടിവന്നത്. ആശുപത്രികളിലേക്കും കോവിഡ് രോഗികളുടെ കുത്തൊഴുക്കില്ല. നിലവില്‍ മുംബൈയിലെ 84 ശതമാനം ആശുപത്രി കിടക്കകളിലും രോഗികളില്ലെന്നും അദ്ദേഹം പറഞ്ഞു.

Content Highlights : 96 % of those who need an oxygen bed in Mumbai are not Covid vaccinated