മുംബൈ: പീഡന പരാതിയില്‍ ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച. മുംബൈയിലെ ദിന്‍ഡോഷി സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ബിനോയിയെ അറസ്റ്റുചെയ്യാന്‍ മുംബൈ പോലീസ് നീക്കം നടത്തുന്നുവെന്ന സൂചനകള്‍ക്കിടെയാണ് ബിനോയി മൂന്‍കൂര്‍ ജാമ്യംതേടി മുംബൈയിലെ കോടതിയെ സമീപിച്ചിട്ടുള്ളത്.

കെട്ടിച്ചമച്ച കേസാണിതെന്ന് ജാമ്യേപക്ഷ പരിഗണിക്കവെ ബിനോയ് കോടിയേരിയുടെ അഭിഭാഷകന്‍ വാദിച്ചു. മുംബൈ ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ അശോക് ഗുപ്തയാണ് ബിനോയിക്കുവേണ്ടി ഹാജരായത്.

അഭിഭാഷകന്‍ ഉന്നയിച്ച മറ്റുവാദങ്ങള്‍ ഇവയാണ് - ബലാല്‍സംഗം നടന്നുവെന്ന ആരോപണം നിലനില്‍ക്കില്ല. വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചുവെന്നാണ് കേസ്. വിവാഹ വാഗ്ദാനം നല്‍കിയെങ്കില്‍ പിന്നെ എങ്ങനെ പീഡന പരാതി നിലനില്‍ക്കും. ബലാല്‍സംഗ ആരോപണവും കേസിലെ എഫ്.ഐ.ആറും നിലനില്‍ക്കില്ല. പണത്തിനുവേണ്ടി കെട്ടിച്ചമച്ച കേസാണിത്.

യുവതിയെ ബിനോയ് വിവാഹം കഴിച്ചുവെന്ന് പറയപ്പെടുന്ന ദിവസം ബിനോയ് മുംബൈയില്‍ ഉണ്ടായിരുന്നില്ല. ഗള്‍ഫിലായിരുന്നു. 2009 മുതല്‍ 2015 വരെ ഇരുവരും തമ്മില്‍ ബന്ധം ഉണ്ടായിരുന്നുവെന്ന് യുവതി പറയുന്നു. 2019 നു മുമ്പ് എന്തുകൊണ്ട് പരാതി നല്‍കിയില്ലെന്നും ബിനോയ് കോടിയേരിക്കുവേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ വാദിച്ചു.

എന്നാല്‍ ബിനോയിക്കെതിരെ കൃതമായ തെളിവുണ്ടെന്ന നിലപാടാണ് പ്രോസിക്യൂഷന്‍ സ്വീകരിച്ചത്. ഇരുവരും മുംബൈയിലെ ഫ്‌ളാറ്റില്‍ താമസിച്ചിരുന്നതിനും വ്യക്തമായ തെളിവുണ്ട്. ബിനോയിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ അത് കേസന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. അതിനിടെ, മുംബൈയില്‍നിന്നെത്തിയ പോലീസ് സംഘം കണ്ണൂരില്‍ തുടരുകയാണ്. ജാമ്യാപേക്ഷയില്‍ കോടതി തീരുമാനമെടുക്കുംവരെ ബിനോയിയുടെ അറസ്റ്റ് ഉണ്ടാകില്ലെന്നാണ് സൂചന.

Content highlights: Binoy Kodiyeri, anticipatory bail plea, Mumbai court