Mamata Banerjee | Photo: PTI
മുംബൈ: ദേശീയഗാനത്തോട് അനാദരവ് കാണിച്ചുവെന്ന കേസില്‍ മാര്‍ച്ച് 2ന് ഹാജരാവാന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയോട് മുംബൈ കോടതി. 2021 ഡിസംബര്‍ ഒന്നിന് മുംബൈ സന്ദര്‍ശനത്തിനിടെ ദേശീയഗാനത്തെ അപമാനിച്ചുവെന്നാരോപിച്ച് ഫയല്‍ ചെയ്ത കേസില്‍ ഹാജരാകാന്‍ മുംബൈയിലെ മസ്‌ഗോണ്‍ മജിസ്ട്രേറ്റ് കോടതിയാണ് മമതാ ബാനര്‍ജിയോട് നിര്‍ദ്ദേശിച്ചത്.
മമത ബാനര്‍ജി മുഖ്യമന്ത്രിയാണെങ്കിലും അവര്‍ ഔദ്യോഗിക ചുമതല നിര്‍വഹിക്കാത്തതിനാല്‍, നടപടിയെടുക്കാന്‍ ഒരു അനുമതിയുടെ ആവശ്യമില്ലെന്ന് കോടതി പറഞ്ഞു. പരാതിക്കാരന്‍ നല്‍കിയ ഡി.വി.ഡിയിലെ വീഡിയോ ക്ലിപ്പ്, യൂട്യൂബിലെ വീഡിയോ ക്ലിപ്പുകള്‍ എന്നിവയില്‍ നിന്ന് മമത ദേശീയഗാനത്തോട് അനാദരവ് കാണിച്ചെന്ന് പ്രഥമദൃഷ്യാ വ്യക്തമാണെന്നും കോടതി പറഞ്ഞു.
മുംബൈ സന്ദര്‍ശിക്കുന്ന മമതാ ബാനര്‍ജി ഒരു ചടങ്ങില്‍ സംസാരിക്കുന്നതിനിടെ ദേശീയഗാനം ആലപിച്ചിരുന്നു. ഇരുന്നുകൊണ്ട് ആലാപനം തുടങ്ങിയ മമത പിന്നീട് എഴുന്നേറ്റെങ്കിലും നാലുവരി പാടി അപൂര്‍ണമായി അവസാനിപ്പിച്ച് ജയ് മറാഠാ, ജയ് ബംഗ്ലാ ജയ് ഭാരത് എന്ന് മുദ്രാവാക്യം വിളിക്കുകയാണുണ്ടായത്.
ഇരുന്നുകൊണ്ട് ആലപിക്കുന്നതും അപൂര്‍ണമായി നിര്‍ത്തുന്നതും ദേശീയ ഗാനത്തോടുള്ള അനാദരവാണെന്ന് കാണിച്ച് ബി.ജെ.പി. പ്രവര്‍ത്തകനായ അഭിഭാഷകന്‍ വിവേകാനന്ദ് ഗുപ്തയാണ് മുംബൈ പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്. മമതയ്‌ക്കെതിരേ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യണമെന്നും അന്വേഷണം നടത്തണമെന്നും പരാതിയില്‍ ഗുപ്ത ആവശ്യപ്പെട്ടിരുന്നു.
Content Highlights: Mumbai court issues summons to Mamata Banerjee in national anthem insult case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..