മുംബൈ : വ്യവസായി മുകേഷ് അംബാനിയുടെ വീടിന് മുന്നില്‍ സ്‌ഫോടക വസ്തു കണ്ടെത്തിയ സംഭവത്തില്‍ പോലീസ് ഉദ്യേഗസ്ഥനെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു. മുംബൈ പോലീസ് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടറായ സച്ചിന്‍ വാസെയാണ് അറസ്റ്റിലായത്. എന്‍.ഐ.എ ആസ്ഥാനത്ത് വിളിച്ചുവരുത്തി 12 മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

അംബാനിയുടെ വസതിക്കുമുന്നില്‍ സ്‌ഫോടകവസ്തുക്കളുമായി കണ്ടെത്തിയ വാഹനത്തിന്റെ ഉടമ മന്‍സുഖ് ഹിരേന്‍ കൊല്ലപ്പെട്ട കേസില്‍ നേരത്തെ മഹാരാഷ്ട്ര എ.ടി.എസും വാസെയെ ചോദ്യം ചെയ്തിരുന്നു. ഹിരേനിനെ പോലീസുകാര്‍ കൊന്നതാണെന്നു കരുതുന്നതായും സച്ചിന്‍ വാസേയെയാണ് സംശയമെന്നും ഭാര്യ വിമല ഹിരേന്‍ എ.ടി.എസിന് മൊഴി നല്‍കിയിരുന്നു. സ്‌ഫോടക വസ്തുക്കളുമായി കണ്ടെത്തിയ കാര്‍ നാല് മാസത്തോളം വാസെയുടെ കൈവശമായിരുന്നുവെന്നും ആരോപണങ്ങളുയര്‍ന്നിരുന്നു.

കേസില്‍ വാസെ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം താണെ സെഷന്‍സ് കോടതി തള്ളിയിരുന്നു. എ.ടി.എസിന്റെ പ്രഥമവിവര റിപ്പോര്‍ട്ടില്‍ തന്റെ പേരില്ലെന്നും തനിക്കെതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും അപേക്ഷയില്‍ വാസേ പറഞ്ഞിരുന്നു. ഹിരേനിനെ കാണാതാകുന്ന സമയത്ത് താന്‍ മുംബൈയിലെ ദോംഗ്രിയിലായിരുന്നെന്ന് വാസേ ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചു. ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് എന്‍.ഐ.എ വാസെയെ ചോദ്യം ചെയ്യാനായി വിളിപ്പിച്ച ശേഷം അറസ്റ്റ് ചെയ്തത്. 

കേസില്‍ ആരോപണ വിധേയനായതിനെ തുടര്‍ന്ന് വാസെയെ ക്രൈം ബ്രാഞ്ചില്‍ നിന്ന് നീക്കിയിരുന്നു. ഇതിന് പിന്നാലെ വാസെയെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നവിസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കുറ്റവാളിയാണെന്ന് തെളിയിക്കപ്പെടും മുന്‍പ് ആരെയും വേട്ടയാടുന്നത് ശരിയല്ലെന്നും വാസെ ഒസാമ ബിന്‍ലാദനല്ലെന്നുമായിരുന്നു മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ പ്രതികരണം.

ഇതിനു മുമ്പും കൊലക്കേസില്‍ ആരോപണവിധേയനാവുകയും സര്‍വീസില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടുകയും ചെയ്തയാളാണ് സച്ചിന്‍ വാസേ. സ്‌ഫോടനക്കേസില്‍ അറസ്റ്റു ചെയ്യപ്പെട്ട ക്വാജ യൂനുസ് എന്ന യുവാവ് 2003-ല്‍ കസ്റ്റഡിയില്‍ മരിച്ച കേസില്‍ ഇപ്പോഴും വാസേ കുറ്റവിമുക്തനാക്കപ്പെട്ടിട്ടില്ല. എങ്കിലും 16 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കഴിഞ്ഞ വര്‍ഷം അദ്ദേഹത്തെ സര്‍വീസില്‍ തിരിച്ചെടുക്കുകയായിരുന്നു. സര്‍വീസില്‍നിന്നു മാറ്റിനിര്‍ത്തപ്പെട്ട സമയത്ത് കുറച്ചുകാലം വാസേ ശിവസേനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്തു. ഉദ്ദവ് സര്‍ക്കാര്‍ വാസെയെ സംരക്ഷികയാണെന്നും വാസെയെ നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു.

Content Highlights: Mumbai Cop Arrested Over Alleged Role In Ambani Security Scare Case