മുംബൈ: രാജ്യത്ത് ഇന്ധവില കുതിച്ചുയരുമ്പോഴും മൗനം തുടരുന്ന ബോളിവുഡ് താരങ്ങള്‍ക്കെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ഇന്ധനവില വര്‍ധനയ്‌ക്കെതിരേ എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്ന ചോദ്യവുമായി അമിതാബ് ബച്ചന്‍, അനുപം ഖേര്‍, അക്ഷയ് കുമാര്‍ എന്നിവര്‍ക്ക് മുംബൈ കോണ്‍ഗ്രസ് പ്രസിഡന്റ് ഭായ് ജഗ്താപ് കത്തയച്ചു.

നേരത്തെ, യുപിഎ സര്‍ക്കാരിന്റെ കാലത്ത് പെട്രോള്‍-ഡീസല്‍ വില വര്‍ധനവിനെതിരേ ഈ താരങ്ങളെല്ലാം ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു. എന്നാല്‍ ഇന്ന് രാജ്യത്തെ ഇന്ധനവില വില 100 കടന്നിട്ടും എന്തുകൊണ്ടാണ് താരങ്ങള്‍ ഒന്നും മിണ്ടാതിരിക്കുന്നതെന്ന് ജഗ്താപ് ചോദിച്ചു. താരങ്ങള്‍ക്ക് കത്തയച്ചത് സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

2012ല്‍ ഇന്ധനവില വര്‍ധിച്ചപ്പോള്‍ അമിതാബ് ബച്ചന്‍ ട്വീറ്റ് ചെയ്തിരുന്നു. അക്കാലത്ത് പെട്രോള്‍ വില 63 രൂപയായാണ് ഉയര്‍ന്നത്. ഇന്ധന വിലവര്‍ധനവില്‍ അന്ന് പ്രതികരിച്ച ബച്ചന്‍ എന്തുകൊണ്ടാണ് ഇപ്പോള്‍ ട്വീറ്റ് ചെയ്യാത്തതെന്നും ജഗ്താപ് ചോദിച്ചു.

തുടര്‍ച്ചയായ ഇന്ധനവില വര്‍ധനവില്‍ മേയ് അവസാനത്തോടെയാണ് മുംബൈയില്‍ പെട്രോള്‍ വില 100 കടന്നത്. നിലവില്‍ ഒരു ലിറ്റര്‍ പെട്രോളിന് 100.72 രൂപയാണ് മുംബൈയിലെ വില. ഡീസലിന് 92.69 രൂപയും. രാജ്യത്തെ ഭൂരിഭാഗം നഗരങ്ങളിലും പെട്രോള്‍ വില 100 രൂപയ്ക്ക് അടുത്താണ്. കേരളത്തില്‍ തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 96.81 രൂപയും ഡീസലിന് 92.11 രൂപയുമാണ്. 

Content highlights:Mumbai Congress chief shoots letter to Amitabh Bachchan, Akshay Kumar, questions silence on rising fuel prices