മുംബൈ: കോവിഡിനെതിരായ പോരാട്ടത്തിൽ പലരും തങ്ങളുടേതായ രീതിയിൽ സഹായം നൽകാറുണ്ട്. മുംബൈ സ്വദേശിയായ വ്യവസായി കേതൻ റാവലും അത്തരമൊരു സഹായവുമായി രംഗത്തെത്തിയിരിക്കുകയാണ്. കോവിഡ് മുന്നണിപ്പോരാളികളായ പോലീസുകാര്‍ക്കും ആരോഗ്യപ്രവർത്തകര‍്ക്കുമായി തന്റെ കാരവാനുകൾ വിട്ടു നൽകിയാണ് കേതൻ റാവൽ മാതൃകയാകുന്നത്. 

കോവിഡ് മുന്നണിപ്പോരാളികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കും ആരോഗ്യപ്രവർത്തകർക്കും ജോലി ചെയ്യുന്നതിനിടയില്‍ വിശ്രമിക്കാനും ഭക്ഷണം കഴിക്കാനുമുള്ള സൗകര്യത്തിനാണ് താന്‍ വാന്‍ വിട്ടുനല്‍കുന്നതെന്ന് കേതൻ വ്യക്തമാക്കി. കിടക്ക, ടോയ്ലറ്റ്, ഡ്രെസിങ്ങ് ടേബിള്‍, എ.സി എന്നിവയുള്‍പ്പെടെ ഒരു ബെഡ് റൂമിലുള്ള എല്ലാ സൗകര്യവും വാനിലും ഉണ്ട്.

പോലീസ് ഉദ്യോഗസ്ഥര്‍ റോഡിലിരുന്നു ഭക്ഷണം കഴിക്കുന്ന കാഴ്ച ഹൃദയഭേദകമായിരുന്നുവെന്ന് റാവല്‍ പറയുന്നു. വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മൂത്രമൊഴിക്കാനായി രണ്ട് മൂന്ന് കിലോമീറ്ററുകള്‍ സഞ്ചരിച്ച് പോലീസ് സ്‌റ്റേഷനില്‍ എത്തേണ്ടിയിരുന്നു.  മൂത്രമൊഴിക്കുന്ന സാഹചര്യം ഒഴിവാക്കാനായി വെള്ളം കുടിയ്ക്കാതെയാണ് പല വനിതാ ഉദ്യോഗസ്ഥരും ജോലി ചെയ്യുന്നതെന്നും ആര്‍ത്തവ സമയത്തും ജോലി ചെയ്യേണ്ട സാഹചര്യം ഉണ്ടെന്നും ഉദ്യോഗസ്ഥരോട് സംസാരിച്ചപ്പോള്‍ മനസിലായെന്നും കേതന്‍ പറയുന്നു. ഈ കഷ്ടപ്പാടുകള്‍ മനസിനെ തൊട്ടപ്പോഴാണ് കേതന്‍ വാനുകള്‍ വിട്ടുനല്‍കാന്‍ തീരുമാനിച്ചത്. 

കാരവാനുകൾ ബോളിവുഡ് സെലിബ്രിറ്റികള്‍ക്ക് വാടകയ്ക്ക് നല്‍കുന്ന ബിസിനസാണ് കേതന്.  സെയ്ഫ് അലി ഖാന്‍,സണ്ണി ഡിയോള്‍, തപ്‌സിപന്നു, കങ്കണാ റണൗത്, സൊനാക്ഷി സിന്‍ഹ, ശില്‍പ്പ ഷെട്ടി, സംവിധായകരായ സഞ്ജയ് ലീല ബന്‍സാലി, റോഹിത് ഷെട്ടി തുടങ്ങിയാണ് കേതന്റെ കസ്റ്റമേഴ്‌സ്. 

രോഗികളെ ചികിത്സിക്കാനായി ആശുപത്രികള്‍ക്ക് വാനുകള്‍ വിട്ടുനല്‍കാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.  കൈവശമുള്ള 50 വാനുകളിൽ 12 എണ്ണം ഇതിനോടകം തന്നെ കേതൻ പോലീസ് ഉദ്യോഗസ്ഥര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമായി വിട്ടുനല്‍കിയിട്ടുണ്ട്. .എല്ലാ ദിവസവും രാവിലെ ഇവ അണുവുമുക്തമാക്കാറുണ്ടെന്നും കേതൻ പറയുന്നു. 

2005ലാണ് കേതന്‍ വാനിറ്റി വാനിന്റെ ബിസിനസ് ആരംഭിച്ചത്. ലോക് ഡൗണില്‍ ഒരു ദിവസം ഒരു ലക്ഷം രൂപയോളമായിരുന്നു കേതന് വന്ന നഷ്ടം. എന്നിട്ടും കനത്ത നികുതി അടയ്‌ക്കേണ്ടിവരുന്നുണ്ട്. ഒരു വര്‍ഷം 1,25,000 രൂപയാണ് ഒരു വാനിന് അടയ്‌ക്കേണ്ട നികുതി. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ 12,000 മാത്രമാണ് നികുതി. മുംബൈയില്‍ തങ്ങള്‍ 10 മടങ്ങ് കൂടുതല്‍ നല്‍കണമെന്നും കേതന്‍ പറയുന്നു. എന്നിട്ടും തന്റെ തൊഴിലാളികളായ ഡ്രൈവര്‍മാരെയും ക്ലീനർമാരേയും കേതന്‍ കൈവിട്ടില്ല. ദുരിത കാലത്തെ അവരെയും ചേര്‍ത്ത് പിടിക്കുന്നുണ്ട് ഇദ്ദേഹം.

Content Highllight:  Mumbai business man gives Vanity Vans to Cops and  health workers