ലക്‌നൗ: പരോളിലിറങ്ങി മുങ്ങിയ 1993ലെ മുംബൈ സ്‌ഫോടന പരമ്പര കേസ് പ്രതി ജലീസ് അന്‍സാരി പിടിയില്‍. കാണ്‍പുരില്‍ വെള്ളിയാഴ്ചയാണ് ഇയാള്‍ പിടിയിലായത്. ഉത്തര്‍പ്രദേശ് പോലീസിന്റെ പ്രത്യേക ദൗത്യസംഘമാണ് ജലീസ് അന്‍സാരിയെ പിടികൂടിയത്.

'ഡോക്ടര്‍ ബോംബ്' എന്നും വിളിപ്പേരുള്ള ഇയാള്‍ നഗരത്തിലെ ഒരു പള്ളിയില്‍നിന്ന് റെയില്‍വേ സ്റ്റേഷനിലേയ്ക്ക് പോകുന്ന വഴിയിലാണ് പിടിയിലായത്. ഇയാള്‍ ലക്‌നൗവിലേയ്ക്ക് പോകാനുള്ള ശ്രമത്തിലായിരുന്നെന്നും യുപി പോലീസ് മേധാവി ഒ.പി സിങ് പറഞ്ഞു. രാജസ്ഥാനിലെ അജ്മീര്‍ സെന്‍ട്രല്‍ ജയിലില്‍ തടവിലായിരുന്ന ഇയാള്‍ മൂന്ന് ആഴ്ചയായി പരോളിലായിരുന്നു. ഇതിനിടയിലാണ് രാജ്യംവിടാന്‍ ശ്രമം നടത്തിയത്.

ഉത്തര്‍പ്രദേശിലെ സാന്റ്  കബീര്‍ നഗര്‍ സ്വദേശിയാണ് ജലീസ് അന്‍സാരി. ഇയാള്‍ നേപ്പാള്‍ വഴി രാജ്യം വിടാനുള്ള ശ്രമത്തിലായിരുന്നെന്ന് പോലീസ് പറയുന്നു. പോലീസിന് ലഭിച്ച ഒരു അജ്ഞാത ഫോണ്‍കോളാണ് ഇയാളെ കുടുക്കിയത്.

രാജ്യത്തെമ്പാടുമായി നടന്ന അമ്പതിലധികം ബോംബ് സ്‌ഫോടനങ്ങളില്‍ പങ്കാളിയാണ് ജലീസ് അന്‍സാരിയെന്നാണ് പോലീസ് കരുതുന്നത്. എംബിബിഎസ് ബിരുദമുള്ള ഇയാള്‍ ബോംബ് നിര്‍മാണത്തിലും വിദഗ്ധനാണ്. സിമി, ഇന്ത്യന്‍ മുജാഹിദ്ദീന്‍ തുടങ്ങിയ ഭീകര സംഘടനകള്‍ക്ക് ഇയാള്‍ ബോംബ് നിര്‍മാണത്തില്‍ പരിശീലനം നല്‍കിയിട്ടുള്ളതായും പോലീസ് പറയുന്നു.

Content Highlights: Mumbai Blasts Convict "Doctor Bomb" Who Jumped Parole Arrested In UP