ദേസ് രാജിന്റെ ചിരിയില്‍ അന്ന് നിഴലിച്ചിരുന്ന നിസ്സഹായത ഇപ്പോള്‍ മാഞ്ഞിരിക്കുന്നു. ആത്മധൈര്യത്തിന് അഭിനന്ദനവുമായെത്തിയവരുടെ കയ്യടികളില്‍ ജീവിതത്തെ കൂടുതല്‍ മുറുകെപ്പിടിക്കാന്‍ ഉറപ്പിച്ച് ആനന്ദവും നന്ദിയും തന്റെ വിടര്‍ന്ന ചിരിയില്‍ നിറച്ച് ദേസ് രാജ് വീണ്ടും സാമൂഹിക മാധ്യമങ്ങളില്‍ നിറയുകയാണ്. പേരക്കുട്ടിയുടെ പഠനചെലവിനായി സ്വന്തം വീട് വിറ്റ് കുടുംബാംഗങ്ങളെ പിരിഞ്ഞ് ഊണും ഉറക്കവുമെല്ലാം ഓട്ടോറിക്ഷയിലാക്കിയ ദേസ് രാജ് എന്ന പ്രായമേറിയ മനുഷ്യന് ഇനി അല്‍പം വിശ്രമിക്കാം. 

ദേസ് രാജിന്റെ കഥ ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെ അറിഞ്ഞവര്‍ തന്റെ രണ്ടാണ്‍മക്കളുടേയും മരണശേഷം കുടുംബഭാരം ഒറ്റയ്ക്ക് താങ്ങുന്ന ആ ചുമലുകള്‍ക്ക് സഹായവുമായെത്തി. ദേസ് രാജിനായി ആരംഭിച്ച ധനസമാഹരണം ഇപ്പോള്‍ 24 ലക്ഷം രൂപയിലെത്തിയിരിക്കുന്നു. ചെക്ക് കൈപ്പറ്റിയ ദേസ് രാജ് എങ്ങനെയാണ് തന്റെ നന്ദി പറഞ്ഞറിയിക്കേണ്ടത് എന്നറിയാതെയുള്ള അങ്കലാപ്പിലാണ്.

നിരവധി പേരാണ് ദേസ് രാജിന്റെ കഥ വിവിധ പ്ലാറ്റ്‌ഫോമുകളില്‍ ഷെയര്‍ ചെയ്തത്. ഗുഞ്ജന്‍ റാത്തി എന്ന ഫെയ്‌സ്ബുക്ക് ഉപയോക്താവ് ദേസ് രാജിനായി ആരംഭിച്ച ധനസമാഹരണം ലക്ഷ്യമിട്ടത് ഇരുപത് ലക്ഷമായിരുന്നെങ്കിലും ഇപ്പോഴത് 24 ലക്ഷം കടന്നിരിക്കുന്നു. വിശ്രമിക്കേണ്ട പ്രായത്തില്‍ ഒരു മനുഷ്യന്‍ ഒറ്റയ്ക്ക് നേരിടുന്ന ജീവിതപ്രരാബ്ദങ്ങള്‍ക്ക് അയവ് വരുത്താന്‍ സുമനസ്സുകള്‍ നീട്ടിയ ഈ കൈത്താങ്ങ് സഹായകമാവും.

ദേസ്​ രാജിന്റെ കഥ: രാവിലെ 6 മുതല്‍ രാത്രി 10 വരെ 'ഓട്ടം'; ഊണും ഉറക്കവും ഓട്ടോയില്‍; ഈ മനുഷ്യന്റെ കഥ ഇപ്പോള്‍ വൈറലാണ്......

ദേസ് രാജിന് ചെക്ക് കൈമാറിയ വിവരവും സഹായിച്ച എല്ലാവര്‍ക്കും നന്ദിയും അറിയിച്ച് ഹ്യൂമന്‍സ് ഓഫ്  ബോംബെ തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജില്‍ ദേസ് രാജിന്റെ വീഡിയോ ഷെയര്‍  ചെയ്തു. അദ്ദേഹത്തിന് തലചായ്ക്കാനൊരിടവും തന്റെ പേരക്കുട്ടിയുടെ പഠനാവശ്യവും ഇനി സുഗമമായി നേടാനാവുമെന്ന പ്രത്യാശയും ഹ്യൂമന്‍സ് ഓഫ് ബോംബെ പങ്കുവെച്ചു. ഹൃദയം നിറയ്ക്കുന്ന വാര്‍ത്തയെന്ന് ഒരാള്‍ കമന്റ് ചെയ്തപ്പോള്‍ ദേസ് രാജിനെ സഹായിക്കാന്‍ തയ്യാറായ എല്ലാവര്‍ക്കും നന്ദിയറിയിച്ചിരിക്കുകയാണ് മറ്റൊരാള്‍. 

അതെ, മനസ് നിറയ്ക്കുന്ന കാര്യം തന്നെയാണിത്. മനുഷ്യത്വം പൂര്‍ണമായും മാഞ്ഞിട്ടില്ലെന്നും കരുണയും പരസ്പരസ്‌നേഹവും ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും നമ്മെ ഒരിക്കല്‍ കൂടി വിശ്വസിപ്പിക്കുന്ന, ഓര്‍മിപ്പിക്കുന്ന ഇത്തരം സന്ദര്‍ഭങ്ങള്‍ എങ്ങനെയാണ് ഹൃദയത്തെ നിറഞ്ഞു തുളുമ്പാനിടയാക്കാതിരിക്കുന്നത്. ദേസ് രാജിന്റെ വിടര്‍ന്ന ചിരിയില്‍ തെളിഞ്ഞു കാണുന്ന ആനന്ദത്തിന്റെ തിളക്കം നമ്മെ ഓര്‍മിപ്പിക്കുന്നതും ജീവിതം അദ്ഭുതങ്ങളുടെ ഒരു ചെപ്പാണെന്നാണ്, അപ്രതീക്ഷിതമായത് ഏത് നേരവും കടന്നു വരാമെന്ന ഒരോര്‍മപ്പെടുത്തല്‍!

 

 

Content Highlights: Mumbai Auto Driver Desraj Receives Rs 24 Lakh After His Moving Story Goes Viral