മുല്ലപ്പെരിയാർ ഡാം (ഫയൽ) |ഫോട്ടോ:പി.പി.രതീഷ്
ന്യൂഡല്‍ഹി: മുല്ലപെരിയാര്‍ അണക്കെട്ടിന്റെ ഉടമയാരാണെന്ന് നിശ്ചയിക്കണമെന്ന് ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസ് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഉടമസ്ഥാവകാശം സംബന്ധിച്ച അന്യായം തങ്ങളുടെ പരിഗണനയില്‍ ഇല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കമുണ്ടെങ്കില്‍ അത് നിശ്ചയിക്കുന്നതിനുള്ള അന്യായം സര്‍ക്കാരിന് ഫയല്‍ ചെയ്യാവുന്നതാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
മുല്ലപെരിയറുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണയ്ക്കവേയാണ് ഡീന്‍ കുര്യാക്കോസിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ മനോജ് ജോര്‍ജ്, സുല്‍ഫിക്കര്‍ അലി പി.എസ് എന്നിവര്‍ അണക്കെട്ടിന്റെ ഉടമയാരാണെന്ന് നിശ്ചയിക്കണെമെന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടത്. അണകെട്ടിന് എന്തെങ്കിലും സംഭവിച്ചാല്‍ ജനങ്ങള്‍ക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടത് അണക്കെട്ടിന്റെ ഉടമയാണ്. എന്നാല്‍ ഇപ്പോഴും അണക്കെട്ടിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് അവ്യക്തത ഉണ്ടെന്ന് അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ അണക്കെട്ടിന്റെ ഉടമസ്ഥവകാശം സംബന്ധിച്ച തര്‍ക്കം ഉണ്ടെങ്കില്‍ അത് സംബന്ധിച്ച അന്യായം ഫയല്‍ ചെയ്യണമെന്ന് ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ വ്യക്തമാക്കി. സ്വാകാര്യ വ്യക്തിയായ തങ്ങള്‍ക്ക് ഉടമസ്ഥാവകാശം സംബന്ധിച്ച അന്യായം ഫയല്‍ ചെയ്യാന്‍ കഴിയില്ലെന്ന് ഡീന്‍ കുര്യാക്കോസിന്റെ അഭിഭാഷകര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. തര്‍ക്കം ഉണ്ടെങ്കില്‍ ബന്ധപ്പെട്ട സംസ്ഥാനം ഫയല്‍ ചെയ്യട്ടെയെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചു.
കേരളത്തിന്റെ ഭൂപ്രദേശത്ത് സ്ഥിതിചെയ്യുന്ന മുല്ലപെരിയാര്‍ അണക്കെട്ടിന്റെ ഉടമ തങ്ങളാണെന്നാണ് തമിഴ്നാടിന്റെ നിലപാട്. മുല്ലപ്പെരിയാറിനെ ഡാം സുരക്ഷ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദത്തെ തുടര്‍ന്നാണ് ഉടമസ്ഥാവകാശം നിശ്ചയിക്കണമെന്ന ആവശ്യം ഡീന്‍ കുര്യാക്കോസിന്റെ അഭിഭാഷകര്‍ കോടതിയില്‍ ഉന്നയിച്ചത്. ഡാം സുരക്ഷാ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുമ്പോള്‍ അണക്കെട്ടിന്റെ ഉടമയ്ക്ക് നിര്‍ണ്ണായക പങ്കാണ് ഉള്ളത്.
Content Highlights: mullaperiyar dam case dean kuriakose
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..