ലഖ്‌നൗ: സമാജ്‌വാദി പാര്‍ട്ടിയിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം ഒരു വ്യക്തി കുടിപ്പക തീര്‍ക്കുന്നതാണെന്ന് മുലായം സിങ് യാദവ്. മകനും മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവുമായി പ്രശ്‌നങ്ങളില്ലെന്നും വൈകാതെ എല്ലാം ശരിയാകുമെന്നും അദ്ദേഹം പറഞ്ഞു.

അഖിലേഷ് വിഭാഗം നേതാവ് രാംഗോപാല്‍ യാദവിനെ ഉദ്ദേശിച്ചായിരുന്നു മുലായത്തിന്റെ പ്രസ്താവന. രാംഗോപാല്‍ യാദവിനെ എംപി സ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് രാജ്യസഭാ ചെയര്‍മാന് കത്ത് നല്‍കിയ ശേഷമായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

എസ്പിയുടെ തിരഞ്ഞൈടുപ്പ് ചിഹ്നമായ സൈക്കിളിന് വേണ്ടി ഇരുവിഭാഗവും ഇന്നും തിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചതിന് പിന്നാലെയാണ് മുലായം കത്തയച്ചരിക്കുന്നത്. അഖിലേഷ് വിഭാഗത്തിനായി രാംഗോപാല്‍ യാദവും നരേഷ് അഗര്‍വാളും മറുഭാഗത്തിനായി മുലായം, അമര്‍സിങ്, ശിവ്പാല്‍ യാദവ് എന്നിവരുമാണ് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. 

അതേസമയം, 90 ശതമാനം പാര്‍ട്ടി ജനപ്രതിനിധികളും അംഗങ്ങളും തങ്ങള്‍ക്കൊപ്പമാണെന്ന് വ്യക്തമാക്കി രാംഗോപാല്‍ യാദവ് രംഗത്തെത്തിയിട്ടുണ്ട്. പത്രികാസമര്‍പ്പണത്തിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും രാംഗോപാല്‍ യാദവ് അറിയിച്ചു.

ഇതിനിടെ, ഇരുവിഭാഗങ്ങള്‍ക്കുമിടയില്‍ അനുരഞ്ജനത്തിന് ശ്രമിക്കുന്നുണ്ടെന്ന് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് അസംഖാന്‍ വ്യക്തമാക്കി. എന്നാല്‍ പന്ത് ഇപ്പോള്‍ തിരഞ്ഞെടുപ്പ് കമമിഷന്റെ കോര്‍ട്ടിലാണ് അവരുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.