മുലായം: എതിരാളിയുടെ മർമമറിയുന്ന പോരാളി, നിലപാടുകളുടെ ചുവടുറപ്പുള്ള നേതാവ്


മുലായം സിങ് യാദവ് | Photo: Mathrubhumi

ന്ത്യന്‍ രാഷ്ട്രീയം ഗുസ്തിമത്സരം നടക്കുന്ന ഗോദയ്ക്കു തുല്യമാണെന്ന് പറയാറുണ്ട്. അടിയും തടയും ഒഴിഞ്ഞുമാറലും ചടുലനീക്കങ്ങളുമൊക്കെ ഏറെ ആവശ്യമുള്ള ഗോദ. അത്തരത്തിലുള്ള ഇന്ത്യന്‍ രാഷ്ട്രീയവേദിയിലെ അതികായനായിരുന്നു മുലായം സിങ് യാദവ്. സോഷ്യസ്റ്റ്- പിന്നാക്ക രാഷ്ട്രീയം പയറ്റിയ, നിര്‍ണായക രാഷ്ട്രീയനീക്കങ്ങളില്‍ അവസാനവാക്കു പറഞ്ഞ ജനകീയനായ നേതാവ്.

ദേശീയരാഷ്ട്രീയത്തിലും പ്രത്യേകിച്ച് ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തിലും ഒരുകാലത്ത് എതിരാളിയുടെ മര്‍മം അറിഞ്ഞ് കളിച്ച രാഷ്ട്രീയ അതികായനായിരുന്നു മുലായം. സോഷ്യലിസ്റ്റ് കളരിയില്‍ ചുവടുവെച്ച് ആരംഭിച്ച മുലായം, പിന്നീട് പല രാഷ്ട്രീയചുവടുമാറ്റങ്ങള്‍ കടന്ന് പിന്നാക്ക രാഷ്ട്രീയത്തിലെ അനിഷേധ്യനേതാക്കന്മാരില്‍ ഒരാളായിമാറി.ഗുസ്തിക്കാരനില്‍നിന്ന് രാഷ്ട്രീയക്കാരനിലേക്ക്

കലാലയരാഷ്ട്രീയത്തില്‍ സജീവമായിരുന്നു മുലായം. അധ്യാപകനാകണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ഇതിന്റെ ഭാഗമായി രാഷ്ട്രതന്ത്രത്തില്‍ ബിരുദാനന്തരബിരുദം നേടിയ മുലായം, അധ്യാപക യോഗ്യതാപരീക്ഷയും പാസായി. എന്നാല്‍ മകനെ ഒരു ഗുസ്തിക്കാരന്‍ ആക്കണമെന്നായിരുന്നു മുലായത്തിന്റെ പിതാവ് ആഗ്രഹിച്ചിരുന്നത്. പിതാവിന്റെ ആഗ്രഹം മുലായത്തിലും ഗുസ്തിയില്‍ താല്‍പര്യം ജനിപ്പിച്ചു. മുലായത്തെ രാഷ്ട്രീയക്കാരനാക്കി മാറ്റിയത് പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവായിരുന്ന നാഥു സിങ്ങാണ്. 1962-ല്‍ ഒരു ഗുസ്തിമത്സര വേദിയില്‍വെച്ചാണ് നാഥു സിങ് ആദ്യമായി മുലായത്തെ കാണുന്നത്. പിന്നീട് നാഥു സിങ് അദ്ദേഹത്തിന്റെ രാഷ്ട്രീയഗുരുവായി മാറി. സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവായ രാം മനോഹര്‍ ലോഹ്യയുമായുള്ള മുലായത്തിന്റെ കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കി നല്‍കിയത് നാഥു സിങ്ങായിരുന്നു.

ജസ്വന്ത്‌നഗറില്‍നിന്ന് 1967-ലാണ് മുലായം ആദ്യമായി രാഷ്ട്രീപോരാട്ടത്തിന് ഇറങ്ങിയത്. സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ടിക്കറ്റിലായിരുന്നു മത്സരം. എന്നാല്‍ രണ്ടുകൊല്ലത്തിനു ശേഷം 1969-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ മുലായം പരാജയപ്പെട്ടു. കോണ്‍ഗ്രസിന്റെ ബിശംഭര്‍ സിങ് യാദവിനോടായിരുന്നു അന്ന് അദ്ദേഹം പരാജയപ്പെട്ടത്. 1974-ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുലായം ചൗധരി ചരണ്‍ സിങ്ങിന്റെ ഭാരതീയ ക്രാന്തി ദള്‍ അഥവാ ബി.കെ.ഡിയില്‍ ചേര്‍ന്നു. ജസ്വന്ത് നഗര്‍ മണ്ഡലത്തില്‍നിന്ന് വിജയിക്കുകയും ചെയ്തു. 1977-ല്‍ ജനതാപാര്‍ട്ടി ടിക്കറ്റിലൂടെ വീണ്ടും അദ്ദേഹം ജസ്വന്ത് നഗറില്‍നിന്നുള്ള എം.എല്‍.എയായി നിയമസഭയിലെത്തി. 1977-79 വരെ യു.പി. ഭരിച്ച രാം നരേഷ് യാദവ് മന്ത്രിസഭയില്‍ സഹകരണ-മൃഗക്ഷേമ വകുപ്പുമന്ത്രിയായും പ്രവര്‍ത്തിച്ചു. 1980-ല്‍ കോണ്‍ഗ്രസ് സംസ്ഥാന ഭരണം പിടിച്ചപ്പോള്‍ മുലായം പരാജയപ്പെട്ടു.

മുലായം സിങ് യാദവ് പ്രണാബ് മുഖര്‍ജിയ്‌ക്കൊപ്പം | Photo: Mathrubhumi Library

എന്നാല്‍, പിന്നീട് ലോക്ദളില്‍ ചേര്‍ന്ന മുലായം, ലെജിസ്ലേറ്റീവ് കൗണ്‍സിലിലൂടെ നിയമസഭയിലെത്തുകയും പ്രതിപക്ഷ നേതാവാകുകയും ചെയ്തു. 1985 നിയമസഭാ തിരഞ്ഞെടുപ്പില്‍ ജസ്വന്ത് നഗറില്‍നിന്ന് ലോക്ദള്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ച് മുലായം വിജയിക്കുകയും വീണ്ടും പ്രതിപക്ഷ നേതാവാകുകയും ചെയ്തു. 1989-ല്‍ ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന അവസരത്തില്‍ മുലായവും ഒരു രാഷ്ട്രീയനീക്കം നടത്തി. തിരഞ്ഞെടുപ്പിന് മാസങ്ങള്‍മാത്രം ശേഷിക്കേ, വി.പി. സിങ് നേതൃത്വം നല്‍കുന്ന ജനതാദളില്‍ മുലായം ചേര്‍ന്നു. ജനതാദളിന്റെ സംസ്ഥാന അധ്യക്ഷസ്ഥാനവും അദ്ദേഹത്തെ തേടിയെത്തി. തിരഞ്ഞെടുപ്പില്‍ 208 സീറ്റുകള്‍ നേടി ജനതാദള്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി. അന്ന് ജസ്വന്ത് നഗറില്‍നിന്ന് വിജയിച്ചെത്തിയ മുലായം 1989 ഡിസംബര്‍ അഞ്ചിന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റു.

മുലായം സിങ് യാദവ് | Photo: PTI

ജനതാദള്‍ പിളര്‍പ്പും മുലായവും

1990-ല്‍ വി.പി. സിങ്ങിന്റെയും ചന്ദ്രശേഖറിന്റെയും നേതൃത്വത്തില്‍ ജനതാദള്‍ രണ്ടായി പിരിഞ്ഞു. അന്ന് കേന്ദ്രത്തിലെ ചന്ദ്രശേഖര്‍ സര്‍ക്കാരിനെയും യു.പിയിലെ മുലായം സര്‍ക്കാരിനെയും കോണ്‍ഗ്രസ് പിന്തുണച്ചു. എന്നാല്‍, പിന്നീട് കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചതോടെ കേന്ദ്രത്തിലും യു.പിയിലും തിരഞ്ഞെടുപ്പിന് കളമൊരുങ്ങി. 1991-ല്‍ സമാജ് വാദി ജനതാപാര്‍ട്ടിയുമായി മുലായം തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും 399 സീറ്റുകളില്‍ 34 ഇടത്തുമാത്രമാണ് വിജയിക്കാനായത്. ആ തിരഞ്ഞെടുപ്പില്‍ ജസ്വന്ത് നഗറില്‍നിന്നും തില്‍ഹാറില്‍നിന്നും മത്സരിച്ച മുലായം രണ്ടുസീറ്റിലും വിജയിച്ചു.

സമാജ് വാദി പാര്‍ട്ടി രൂപവത്കരണം

1992-ലാണ് മുലായം സ്വന്തം പാര്‍ട്ടി-സമാജ് വാദി പാര്‍ട്ടി (എസ്.പി.) രൂപവത്കരിച്ചത്. യു.പി. രാഷ്ട്രീയത്തിലെ നിര്‍ണായകസാന്നിധ്യമായി പിന്നീട് എസ്.പി. മാറുകയും ചെയ്തു. 1993 തിരഞ്ഞെടുപ്പില്‍ എസ്.പി. 108 സീറ്റുകളില്‍ വിജയിച്ചു. 176 സീറ്റുകള്‍ നേടിയ ബി.ജെ.പി. സര്‍ക്കാര്‍ രൂപവത്കരണത്തിന് അവകാശവാദം ഉന്നയിച്ചെങ്കിലും ബി.എസ്.പിയുടേത് ഉള്‍പ്പെടെയുള്ള പിന്തുണയില്‍ മുലായം വീണ്ടും മുഖ്യമന്ത്രിയായി. ഡിസംബര്‍ നാലിനായിരുന്നു സത്യപ്രതിജ്ഞ. എന്നാല്‍ കൂട്ടുകക്ഷി സര്‍ക്കാര്‍ അധികകാലം നീണ്ടില്ല. 1995 ജനുവരിയില്‍ കോണ്‍ഗ്രസും ജൂണില്‍ ബി.എസ്.പിയും പിന്തുണ പിന്‍വലിച്ചതോടെ മുലായത്തോട് രാജിവെക്കാന്‍ ഗവര്‍ണര്‍ മോത്തിലാല്‍ വോറ ആവശ്യപ്പെട്ടു. മുലായം ഇതിന് വഴങ്ങാത്തതിനെ തുടര്‍ന്ന് ഗവര്‍ണര്‍ സര്‍ക്കാരിനെ പിരിച്ചുവിട്ടു.

മുലായം സിങ് യാദവ് മകന്‍ അഖിലേഷിനൊപ്പം | Photo: PTI

ദേശീയരാഷ്ട്രീയത്തിലേക്ക്

1996-ലാണ് മുലായം ആദ്യമായി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. മേന്‍പുരി മണ്ഡലത്തില്‍നിന്ന് പാര്‍ലമെന്റിലെത്തിയ മുലായം, എച്ച്.ഡി. ദേവഗൗഡ, ഐ.കെ. ഗുജ്‌റാള്‍ മന്ത്രിസഭകളില്‍ പ്രതിരോധമന്ത്രിയായിരുന്നു. പിന്നീട് 2019-ല്‍ ഉള്‍പ്പെടെ പലകുറി അദ്ദേഹം ലോക്‌സഭാംഗമായി.

വീണ്ടും യു.പി. മുഖ്യമന്ത്രിസ്ഥാനത്തേക്ക്

2002 നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ബി.എസ്.പി.-ബി.ജെ.പി. തൂക്കുസഭ യു.പിയില്‍ അധികാരത്തിലെത്തി. എന്നാല്‍ ഒരുകൊല്ലത്തിനു ശേഷം 2003-ല്‍ മായാവതി രാജിവെച്ചതോടെ മൂന്നാംവട്ടവും യു.പി. മുഖ്യമന്ത്രിയാകാനുള്ള അവസരം മുലായത്തെ തേടിയെത്തി. ആ സമയത്ത് എം.എല്‍.എ. ആയിരുന്നില്ലെങ്കിലും മുലായം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ഓഗസ്റ്റില്‍ നടന്ന ഗുന്നോര്‍ ഉപതിരഞ്ഞെടുപ്പിലൂടെ നിയമസഭാംഗമാകുകയും ചെയ്തു.

മുഖ്യമന്ത്രികാലയളവും നിര്‍ണായക തീരുമാനങ്ങളും

മൂന്നുതവണ യു.പി. മുഖ്യമന്ത്രിയായപ്പോഴും നിര്‍ണായകവും ജനോപകാരപ്രദവുമായ നിരവധി തീരുമാനങ്ങള്‍ മുലായം കൈക്കൊണ്ടിരുന്നു. ഉന്നതജാതിക്കരല്ലാത്തവര്‍ക്കു വേണ്ടി നിരവധി ശാക്തീകരണ നടപടികള്‍ അദ്ദേഹം ആരംഭിച്ചു. എസ്.സി,. എസ്.ടി., ഒ.ബി.സി. ഉദ്യോഗാര്‍ഥികള്‍ക്ക് വിവിധ മത്സരപരീക്ഷകള്‍ക്ക് പരിശീലനം നല്‍കുന്ന പദ്ധതികള്‍ ഉള്‍പ്പെടെയുള്ളവ ഇതില്‍ ഉള്‍പ്പെടുന്നു. 1993-ല്‍ രണ്ടാംവട്ടം മുഖ്യമന്ത്രിയായപ്പോഴാണ് മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രകാരം ഒ.ബി.സി. സംവരണം 15 ശതമാനത്തില്‍നിന്ന് 27 ശതമാനമാക്കി അദ്ദേഹത്തിന്റെ സര്‍ക്കാര്‍ ഉയര്‍ത്തിയത്. ഇത്തരത്തില്‍ പിന്നാക്ക വിഭാഗത്തിന്റെ ഉന്നമനം ലക്ഷ്യമാക്കി കൈക്കൊണ്ട തീരുമാനങ്ങളാണ് അനിഷേധ്യനായ പിന്നാക്കരാഷ്ട്രീയവക്താവും നേതാവുമാക്കി മുലായത്തെ മാറ്റിയത്.

എസ്.പിയുടെ നേതൃത്വം അഖിലേഷിലേക്ക്

2012 ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്.പിയ്ക്ക് അധികാരം ലഭിച്ചുവെങ്കിലും മകന്‍ അഖിലേഷ് സിങ് യാദവിന് മുഖ്യമന്ത്രിസ്ഥാനം നല്‍കി മുലായം പിന്നണിയിലേക്ക് മാറി.

Content Highlights: mulayam singh yadav and his political journey


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented